Latest NewsNewsInternational

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി, കൊലപാതകമെന്ന് സംശയം: മരിച്ചത് മുഹമ്മദ് അബ്ദുള്‍ അര്‍ഫാത്ത്

 

വാഷിങ്ടണ്‍: യുഎസില്‍ കഴിഞ്ഞ മാസം കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. യുഎസിലെ ക്ലെവ്‌ലാന്‍ഡിലെ ഒഹിയോയില്‍ ഹൈദരാബാദ് സ്വദേശിയായ 25കാരന്‍ മുഹമ്മദ് അബ്ദുല്‍ അര്‍ഫാത്തിന്റെ മൃതദേഹം കണ്ടെത്തിയതായി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അര്‍ഫാത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി എംബസി വിവരം നല്‍കിയത്. മൂന്നാഴ്ച മുന്‍പാണ് അര്‍ഫാത്തിനെ കാണാതായത്.

അര്‍ഫാത്തിന്റെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ നടത്തിവരികയാണെന്നും എംബസി അറിയിച്ചു. ഹൈദരാബാദ് സ്വദേശിയായ അര്‍ഫാത്ത് കഴിഞ്ഞ വര്‍ഷം മേയിലാണ് ഐടിയില്‍ മാസ്റ്റേഴ്‌സ് ചെയ്യുന്നതിനായി യുഎസിലെ ക്ലെവ്‌ലാന്‍ഡ് സര്‍വകലാശാലയില്‍ എത്തിയത്. അതേസമയം അര്‍ഫാത്തിനെ മയക്കുമരുന്ന് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ് പുറത്ത് വരുന്ന വിവരം.

മാര്‍ച്ച് ഏഴിനാണ് അര്‍ഫാത്തിത്ത് വീട്ടുകാരുമായി അവസാനമായി ബന്ധപ്പെടുന്നത്. മകനുമായി മാര്‍ച്ച് ഏഴിന് സംസാരിച്ചിരുന്നെന്നും എന്നാല്‍ പിന്നീട് ബന്ധപ്പെട്ടപ്പോഴെല്ലാം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണെന്നാണ് മെസേജ് ലഭിച്ചതെന്ന് അര്‍ഫത്തിന്റെ പിതാവ് മുഹമ്മദ് സലീം പറഞ്ഞു. മാര്‍ച്ച് 19ന് ഒരു അജ്ഞാത വ്യക്തിയില്‍ നിന്ന് ഫോണ്‍ കോളെത്തിയിരുന്നു. അര്‍ഫത്തിനെ തട്ടിക്കൊണ്ടു പോയതാണെന്നും 1,200 ഡോളര്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. മകനോട് സംസാരിക്കാന്‍ അനുവദിക്കണമെന്ന് വിളിച്ചയാളോട് ആവശ്യപ്പെട്ടപ്പോള്‍ സമ്മതിച്ചില്ല, പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല- പിതാവ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വര്‍ഷം യുഎസില്‍ മരിക്കുന്ന പതിനൊന്നാമത്തെ ഇന്ത്യക്കാരനാണ് അര്‍ഫാത്ത്. ഇതില്‍ മിക്കതും വിദ്യാര്‍ത്ഥികളാണ്. യുഎസിലെ കണക്കുകള്‍ പ്രകാരം 2022–23 കാലത്ത് 2.6 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുഎസിലേക്ക് കുടിയേറിയിട്ടുണ്ട്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 35 ശതമാനം കൂടുതലാണ്. കഴിഞ്ഞ വെള്ളിയാഴ്ചും ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അമേരിക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ വംശജയായ ഉമ സത്യസായ് ഗദ്ദെയെയാണ് അമേരിക്കയിലെ ഒഹിയോയില്‍ മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button