Latest NewsIndia

അളിയനെ തോൽപ്പിച്ച അമേഠിയിൽ മത്സരിക്കാൻ ജനങ്ങൾ തന്നെ നിർബന്ധിക്കുന്നുവെന്ന് റോബർട്ട് വാദ്ര, പ്രതികരിക്കാതെ കോൺഗ്രസ്

ന്യൂഡൽഹി: സജീവ രാഷ്ട്രീയത്തിലേക്കിറങ്ങാൻ ജനങ്ങൾ നിർബന്ധിക്കുന്നെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർ‌ട്ട് വാദ്ര. കഴിഞ്ഞ തവണ രാഹുൽ ​ഗാന്ധി പരാജയപ്പെട്ട അമേഠിയിൽ മത്സരിക്കാനുള്ള സന്നദ്ധതയും അദ്ദേഹം പ്രകടിപ്പിച്ചു. അമേഠിയിൽ മത്സരിക്കാൻ ജനങ്ങൾ നിർബന്ധിക്കുന്നു എന്നായിരുന്നു ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.

പ്രിയങ്കാ ഗാന്ധി അമേഠിയിലോ റായ്ബറേലിയിലോ മത്സരിക്കുമോ എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഭർത്താവും തന്റെ രാഷ്ട്രീയ മോ​​ഹം തുറന്നുപറയുന്നത്. നേരത്തെയും അദ്ദേഹം അമേഠിയിൽ മത്സരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. സജീവ രാഷ്ട്രീയത്തിലേക്കിറങ്ങണമെന്നാവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കോൺഗ്രസ് പ്രവർത്തകർ തന്നെ വിളിക്കുന്നുണ്ടെന്നും വാദ്ര അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.

‘‘റായ്ബറേലിയും അമേഠിയിലും മറ്റു സ്ഥലങ്ങളിലുമുളളവർ മത്സരിക്കാൻ നിർബന്ധിക്കുന്നുണ്ട്. പല മണ്ഡലങ്ങളിലുമുള്ളവർ എനിക്കായി പോസ്റ്റർ പതിക്കുന്നു. ഞാൻ രാഷ്ട്രീയത്തിൽ വരുന്നത് വികസനത്തിനും തൊഴിലില്ലായ്മ പരിഹരിക്കാനും സഹായിക്കുമെന്ന് പലരും കരുതുന്നു. എന്നാൽ ഇതിനൊക്കെ കുടുംബത്തിന്റെ അനുഗ്രഹവും അനുമതിയും വാങ്ങേണ്ടതുണ്ട്. പ്രിയങ്കയും പാർലമെന്റിൽ എത്തണമെന്നാണ് എന്റെ താൽപര്യം. പാർട്ടി അധ്യക്ഷ അടക്കം എല്ലാ പദവികൾക്കും പ്രിയങ്ക അർഹയാണ്. ബാക്കി കാര്യങ്ങൾ പാർട്ടിയാണ് തീരുമാനിക്കുന്നത്.

സ്മൃതി ഇറാനിയെ തിരഞ്ഞെടുത്ത തെറ്റ് തിരുത്താൻ വേണ്ടിയാണ് അമേഠിയിൽ എന്നോട് മത്സരിക്കാൻ പ്രവർത്തകർ ആവശ്യപ്പെടുന്നത്. ഞാൻ മത്സരിച്ചാൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന കാര്യത്തിൽ സംശയമില്ല. എനിക്കെതിരെ പലതവണ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ് സ്മൃതി ഇറാനി‘’ – റോബർട്ട് വാദ്ര പറഞ്ഞു.

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കാൻ തീരുമാനിച്ചാൽ താൻ പൂർണപിന്തുണ നൽകുമെന്നും റോബർട്ട് വാദ്ര പറയുന്നു. ജനങ്ങളുമായി ഇടപഴകാൻ തനിക്ക് രാഷ്ട്രീയത്തിൽ ഇറങ്ങണമെന്നില്ല. പ്രിയങ്കയും രാഹുലും ഇല്ലാത്ത അവസരങ്ങളിൽ എപ്പോൾ വേണമെങ്കിലും തന്നെ സമീപിക്കാമെന്ന് പ്രവർത്തകർക്ക് അറിയാം. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണ്. ജനാധിപത്യമല്ല ഏകാധിപത്യമാണ് മോദിയുടെ കീഴിൽ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button