KeralaLatest NewsNews

പ്രഭാതഭക്ഷണം കഴിച്ചശേഷം കുട്ടികളുമായി വീടിന്റെ മുകള്‍ നിലയിലെത്തിയ സജന ജീവനൊടുക്കുകയായിരുന്നു

കാഞ്ഞങ്ങാട്: കാസര്‍കോട് ചീമേനി ചെമ്പ്രകാനത്ത് അമ്മയേയും രണ്ട് മക്കളേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടുക്കം വിട്ടുമാറാതെ പ്രദേശവാസികള്‍. പഞ്ചായത്ത് ക്ലര്‍ക്കായ സജന (32)യുടെയും മക്കളായ ഗൗതം (8), തേജസ് (4) എന്നിവരുടെയും മരണവിവരം കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പുറംലോകം അറിയുന്നത്. രാവിലെ വരെ കണ്ട സജ്‌നയുടെയും മക്കളുടെയും മരണമറിഞ്ഞ് ഞെട്ടല്‍ മാറിയിട്ടില്ല അയല്‍വാസികള്‍ക്കും നാട്ടുകാര്‍ക്കും.

Read Also: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹീമിന് മുന്നിലുള്ളത് ഇനി 6 നാള്‍, ഇതുവരെ ലഭിച്ചത് 13 കോടി രൂപ: ഇനി വേണ്ടത് 21 കോടി

സജ്‌ന ഓഫീസില്‍ ജോലിക്കെത്താഞ്ഞതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഇവരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഫോണെടുത്തില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ഇവരും ഞെട്ടലോടെയാണ് സജ്‌നയുടെയും മക്കളുടെയും മരണവിവരം അറിയുന്നത്.

 

ചീമേനി ചെമ്പ്രകാനം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ സജന, മക്കളായ എട്ട് വയസുകാരന്‍ ഗൗതം, നാല് വയസുകാരന്‍ തേജസ് എന്നിവരെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. പ്രഭാതഭക്ഷണം കഴിച്ചശേഷം കുട്ടികളുമായി വീടിന്റെ മുകള്‍ നിലയിലെത്തിയ സജന ജീവനൊടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പുരയിടത്തില്‍ പണിയെടുക്കുകയായിരുന്ന ഭര്‍തൃപിതാവ് ശിവശങ്കരന്‍ തിരികെ വീട്ടിലെത്തിയപ്പോള്‍ മരുമകളെയും പേരക്കുട്ടികളെയും കണ്ടില്ല. ഇവരെ അന്വേഷിച്ച് മുകള്‍ നിലയില്‍ എത്തിയപ്പോഴാണ് സജനയെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുട്ടികളുടെ രണ്ട് പേരുടേയും മൃതദേഹം കിടപ്പ് മുറിയില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടികളെ നിലത്തുവിരിച്ച കിടക്കയില്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിലും സജനയുടെ മൃതദേഹം തൊട്ടടുത്തു തൂങ്ങിമരിച്ച നിലയിലുമായിരുന്നു. വീടിന്റെ മുകള്‍ നിലയിലെ മേല്‍ക്കൂരയില്‍ ഷാളില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു സജനയെ കണ്ടെത്തിയത്. കൈയില്‍ നിന്നും ചോര വാര്‍ന്നു പോകുന്ന നിലയിലായിരുന്നു.

കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് മക്കളെ കൊന്ന് സജന ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെരിങ്ങോം പഞ്ചായത്തിലെ യുഡി ക്ലര്‍ക്കാണ് മരിച്ച സജന. പോയ്യംങ്കോട് കെഎസ്ഇബി ഓഫിസിലെ എഞ്ചിനീയറാണ് ഭര്‍ത്താവ് രഞ്ജിത്ത്. വിവരമറിഞ്ഞ് ചീമേനി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സജനയുടെ ഡയറിക്കുറിപ്പുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. പക്ഷേ, ആത്മഹത്യാക്കുറിപ്പ് എഴുതിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

shortlink

Related Articles

Post Your Comments

Related Articles


Back to top button