KeralaLatest News

‘പാനൂർ സ്ഫോടനത്തിന് പിന്നിൽ കുടിപ്പക, അതിൽ രാഷ്ട്രീയം കാണുന്നതാണ് ഹീനമായ തറ രാഷ്ട്രീയം’: എം വി ജയരാജൻ

കണ്ണൂർ: പാനൂർ സ്ഫോടനത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. അതിൽ രാഷ്ട്രീയം കാണുന്നതാണ് ഹീനമായ രാഷ്ട്രീയം. പാനൂർ സംഭവം അപലപനീയമാണ്. രണ്ട് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായിരുന്നു ബോംബ് നിർമാണമെന്നും ജയരാജൻ പ്രതികരിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികൾ ബോംബ് നിർമ്മിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വെച്ചെന്നാണ് റിമാൻഡ് റിപ്പോർട്ട് പറയുന്നത്.

ഡിവൈഎഫ്ഐ കുനോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറിയായ ഷിജാൽ ആണ് മുഖ്യ ആസൂത്രകനെന്നും റിപ്പോർട്ടിൽ ഉണ്ട്. ഈ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ജയരാജന്റെ പ്രതികരണം. പാനൂരിൽ ഡിവൈഎഫ്ഐ നേതാക്കൾ ബോംബ് നിർമ്മിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടെന്നാണ് പൊലീസ് കണ്ടെത്തൽ. രണ്ടാഴ്ച മുൻപ് കുന്നോത്ത്പറമ്പ് മേഖലയിൽ നടന്ന ആർ‌എസ്എസ് – സിപിഐഎം സംഘർഷത്തിൻ്റെ ഭാഗമായുള്ള പ്രത്യാക്രമണമാണ് ബോംബ് നിർമ്മിക്കാനുള്ള കാരണമെന്ന് പൊലീസ് കണ്ടെത്തി.

ഷിജാലും പരിക്കേറ്റ് ചികിത്സയിലുള്ള വിനീഷും ബോംബുണ്ടാക്കാൻ നേതൃത്വം നൽകിയെന്നും മറ്റ് അറസ്റ്റിലായ പ്രതികൾ പങ്കാളിത്തം വഹിച്ചെന്നുമാണ് പൊലീസ് പറയുന്നത്. സന്നദ്ധ പ്രവർത്തകരായ ഡിവൈഎഫ്ഐ നേതാക്കളെയാണ് കേസിൽ പ്രതികളാക്കിയതെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം പൊലീസ് ശരിവെക്കുന്നില്ല.

ഡിവൈഎഫ്ഐ നേതാക്കളായ അമൽബാബുവിനും ഷിജാലിനും സായൂജിനും കേസിൽ വ്യക്തമായ പങ്കുണ്ട്. പ്രദേശത്തുണ്ടായിരുന്ന ബോംബുകൾ ഒളിപ്പിച്ചതും സ്ഫോടനം നടന്ന സ്ഥലത്ത് മണൽ കൊണ്ടിട്ട് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതും അമൽബാബുവും സായൂജുമാണെന്നാണ് പൊലീസ് റിപ്പോർട്ട്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button