KeralaLatest News

സാധാരണക്കാരന് അപ്രാപ്യമായി കുതിപ്പ് തുടർന്ന് സ്വർണം: ഇന്ന് വർധിച്ചത് ആയിരത്തോളം രൂപ

കൊച്ചി: സ്വർണവില വീണ്ടും കുതിക്കുന്നു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 100 രൂപ വർധിച്ച് 6720 രൂപയായി, ഒരു പവൻ സ്വർണത്തിന് 800 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,760 രൂപയായി. ഒരു പവൻ സ്വർണം ആഭരണ രൂപത്തിൽ ലഭിക്കാൻ ഇനി 60,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.

സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസമായി സ്വർണവില തുടർച്ചയായി റെക്കോർഡിടുകയാണ്. ഈ മാസം മാത്രം ഒരു പവൻ സ്വർണത്തിന് വർധിച്ചത് 2880 രൂപയാണ്. ഇന്നലെ സംസ്ഥാനത്ത് സ്വർണം പവന് 80 രൂപ കൂടി 52,960 രൂപയിലും ഗ്രാമിന് പത്ത് രൂപ വർധിച്ച് 6620 രൂപയിലുമാണ് വ്യാപാരം നടന്നത്.

ലോകരാജ്യങ്ങളിലെ യുദ്ധങ്ങളും അമേരിക്ക പലിശ നിരക്ക് കുറച്ചതുമാണ് ഇപ്പോഴത്തെ സ്വർണവില വർധനവിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. യുദ്ധം അവസാനിക്കുകയും വിലക്കയറ്റത്തിൽ അയവ് വരുകയും പലിശ നിരക്ക് കൂടുകയും ചെയ്താൽ മാത്രമേ ഇനി സ്വർണവിലയിൽ കാര്യമായ കുറവുണ്ടാവുകയുള്ളൂ. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്വർണവില അറുപതിനായിരം കടക്കാനാണ് സാധ്യത.

സാധാരണനിലയിൽ ഓഹരി വിപണി ഇടിയുമ്പോഴാണ് സ്വർണവില കുതിക്കാറുള്ളത്. എന്നാൽ ഇതിനു വിപരീതമായി ഓഹരിവിപണിയും സ്വർണവിപണിയും ഒരേപോലെ കുതിക്കുകയാണിപ്പോൾ. ആഗോളതലത്തിൽ സ്വർണവിലയിൽ ഉണ്ടായ വർധനയും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ പേർ എത്തുന്നതുമാണ് വിലയിൽ പ്രതിഫലിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button