KeralaLatest NewsIndiaInternational

അരനൂറ്റാണ്ട് പിന്നിട്ട് എംഎ യൂസഫലിയുടെ പ്രവാസം: 50കുട്ടികള്‍ക്ക് പുതുജീവന്‍ പകര്‍ന്ന് ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനിഷ്യേറ്റീവ്

എം എ യൂസഫലിയുടെ പ്രവാസ ജീവിതത്തിന് അമ്പതാണ്ട് ലോകമെമ്പാടുമുള്ള 50 കുട്ടികള്‍ക്ക് പുതുജീവന്‍ പകര്‍ന്നു നല്‍കിയാണ് എംഎ യൂസഫലിക്ക് ആദരവായുള്ള ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനീഷ്യേറ്റീവ് രംഗത്തെത്തിയത്. പ്രവാസി സംരംഭകനും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനുമായ ഡോ. ഷംഷീര്‍ വയലില്‍ കഴിഞ്ഞ ജനുവരിയില്‍ പ്രഖ്യാപിച്ച ആഗോള ജീവകാരുണ്യ സംരംഭം ജന്മനാ ഹൃദ്രോഗമുള്ള കുട്ടികള്‍ക്കാവശ്യമായ അടിയന്തര ശസ്തക്രിയകളാണ് സൗജന്യമായി പൂര്‍ത്തിയാക്കിയത്.

പ്രമുഖ വ്യവസായിയും മനുഷ്യസ്‌നേഹിയുമായ യൂസഫലിയുടെ യുഎഇയിലെ 50 വര്‍ഷങ്ങള്‍ക്കുള്ള ആദരവായാണ് അദ്ദേഹത്തിന്റെ മകള്‍ ഡോ. ഷബീന യൂസഫലിയുടെ ഭര്‍ത്താവായ ഡോ. ഷംഷീര്‍ സംരംഭം പ്രഖ്യാപിച്ചിരുന്നത്. വന്‍ ചിലവു കാരണം ശസ്ത്രക്രിയകള്‍ മുടങ്ങിയ കുട്ടികള്‍ക്ക് ചികിത്സ ലഭ്യമാക്കാനായി കേരളത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പുമായും ഗോള്‍ഡന്‍ ഹാര്‍ട്ട് സംരംഭം സഹകരിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ ‘ഹൃദ്യം’ പദ്ധതിയിലെ സങ്കീര്‍ണ ശസ്ത്രക്രിയകള്‍ക്കാണ് സഹായം എത്തിച്ചത്.

കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുട്ടികള്‍ക്ക് തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും സൗജന്യ ചികിത്സ ലഭ്യമാക്കി. അതേസമയം, വിദേശ രാജ്യങ്ങളിലെ യാത്രാ നടപടികള്‍ കഠിനമായ സംഘര്‍ഷ മേഖലകളില്‍ നിന്ന് കുട്ടികളെ ആശുപത്രികളിലേക്ക് കൊണ്ട് വന്നത് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന പ്രത്യേക യാത്രാനുമതികള്‍ ലഭ്യമാക്കിയാണ്. കൂടാതെ, സംഘര്‍ഷ മേഖലകളില്‍ നിന്നും പിന്നോക്ക പശ്ചാത്തലത്തില്‍ നിന്നുമുള്ള കുട്ടികള്‍ക്ക് പ്രതീക്ഷയും കൈത്താങ്ങുമായി ഇത് മാറി.

വിദഗ്ധരുടെ നേതൃത്വത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയായ സംരംഭത്തിന്റെ ഗുണഭോക്താക്കള്‍ ഇന്ത്യ, ഈജിപ്ത്, സെനഗല്‍, ലിബിയ, ടുണീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളാണ്. സംഘര്‍ഷ മേഖലകളില്‍ നിന്നും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ ഇതില്‍ ഉള്‍പ്പെടും. ഗുരുതര ഹൃദ്രോഗങ്ങളുള്ള രണ്ടു മാസം മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ഗോള്‍ഡന്‍ ഹാര്‍ട്ട് കൈത്താങ്ങായത്.

അയോര്‍ട്ടിക് സ്റ്റെനോസിസ് (Aortic Stenosis), ടെട്രോളജി ഓഫ് ഫാലോട്ട് (Tetralogy of Fallot), ആട്രിയോവെന്‍ട്രിക്കുലാര്‍ ഡിഫെക്ട് (atrioventricular (AV) canal defect) തുടങ്ങിയ സങ്കീര്‍ണ ഹൃദ്രോഗങ്ങളുള്ള കുട്ടികളടക്കം സംരംഭത്തിന്റെ സ്വീകര്‍ത്താക്കളായി.ഏറെ വെല്ലുവിളികളുള്ള രോഗാവസ്ഥയിലായിരുന്ന നിലമ്പൂര്‍ സ്വദേശിനിയായ എട്ട് വയസുകാരി ലയാല്‍ സംരംഭത്തിന്റെ ഭാഗമായി സങ്കീര്‍ണ്ണ ശസ്ത്രക്രിയയിലൂടെ പുതു ജീവിതത്തിലേക്ക് കടന്നു.

ശസ്ത്രക്രിയാനന്തരം ഉയര്‍ന്ന അപകടസാധ്യത ഉണ്ടായിരുന്നെങ്കിലും അതിനെ മറികടക്കാന്‍ അവള്‍ക്കായത് ആശ്വാസവും പ്രതീക്ഷയുമായി. സഹായത്തിനായി പല വാതിലുകളും മുട്ടിയ കുടുംബത്തിന് ഗോള്‍ഡന്‍ ഹാര്‍ട്ട് ഏറെ ആശ്വാസമായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button