KeralaLatest NewsNews

വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദു റഹീമിന്റെ മോചനത്തിനായുള്ള മലയാളികളുടെ ശ്രമം സിനിമയാകുന്നു

മലപ്പുറം: സൗദി ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദു റഹീമിന്റെ മോചനത്തിനായുള്ള കേരളത്തിന്റെ ശ്രമം സിനിമയാകുന്നു. സിനിമക്ക് വേണ്ടിയുളള ചര്‍ച്ചകള്‍ നടന്നുവെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. സംവിധായകന്‍ ബ്ലെസിയുമായി ചര്‍ച്ച നടത്തി. പോസിറ്റീവ് മറുപടിയാണ് ലഭിച്ചത്. സിനിമയിലൂടെ ലാഭം ആഗ്രഹിക്കുന്നില്ലെന്നും ബോബി ചെമ്മണ്ണൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Read Also: ‘കേരള സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തും’: ജോണ്‍ ബ്രിട്ടാസ്

സിനിമയിലൂടെ ലഭിക്കുന്ന ലാഭം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദു റഹീമിന്റെ മോചനത്തിന് പണം കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങളാണ് സിനിമയാക്കുന്നത്. മലയാളികളുടെ നന്മ ലോകത്തിന് കാണിച്ചു കൊടുക്കാനാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി.

അബ്ദു റഹീം തിരിച്ചെത്തിയാല്‍ ജോലി നല്‍കുമെന്ന് നേരത്തെ ബോബി ചെമ്മണ്ണൂര്‍ അറിയിച്ചിരുന്നു. ഡ്രൈവര്‍ ജോലിക്കായി വിദേശത്ത് എത്തിയ അബ്ദു റഹീം കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ജയിലിലാണ്. ഇത്രയും ദീര്‍ഘകാലത്തെ ജയില്‍ ജീവിതത്തിന് ശേഷം നാട്ടില്‍ മടങ്ങിയെത്തുന്ന അബ്ദു റഹീമിനെ അദ്ദേഹത്തിന് സമ്മതമാണെങ്കില്‍ തന്റെ റോള്‍സ്റോയ്സിന്റെ ഡ്രൈവറായി നിയമിക്കാമെന്നാണ് ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കിയിരിക്കുന്നത്.

അബ്ദു റഹീമിന്റെ ജീവന്‍ രക്ഷിക്കാനായി ഇത്രയും വലിയൊരു തുകസമാഹരിച്ച് നല്‍കാനുള്ള ഉദ്യമത്തില്‍ പങ്കാളിയായതില്‍ അഭിമാനമുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കിയിരുന്നു.

റഹീമിന്റെ കൈതട്ടി ജീവന്‍രക്ഷാ ഉപകരണം നിലച്ച് സ്പോണ്‍സറുടെ മകന്‍ അനസ് അബദ്ധത്തില്‍ മരിച്ചിരുന്നു. ഈ സംഭവത്തില്‍ വധശിക്ഷയ്ക്ക് വിധേയനായി പതിനെട്ട് വര്‍ഷമായി സൗദിയിലെ ജയിലില്‍ കഴിയുകയാണ് റഹീം. റഹീമിന്റെ ശിക്ഷ ഒഴിവാക്കാന്‍ അനസിന്റെ കുടുംബം 34 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. ഈ തുക സംഭരിക്കുവാന്‍ ബോബി ചെമ്മണ്ണൂര്‍ മുന്‍കൈ എടുത്തിരുന്നു. മോചനത്തിനായുള്ള ഹര്‍ജി സൗദി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. വധശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവ് വന്നാല്‍ അത് സുപ്രീംകോടതി ശരി വെക്കണം. ഇതിനുശേഷമായിരിക്കും ജയില്‍മോചനത്തിനവുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button