Latest NewsKeralaIndia

കേരളത്തിൽ നിന്ന് ബെം​ഗളുരുവിലേക്കും കോയമ്പത്തൂരിലേക്കും ട്രെയിൻയാത്ര കൂടുതൽ എളുപ്പമാകും: ഡബിൾ ഡക്കർ ട്രയൽ റൺ വിജയം

പാലക്കാട്: ബെം​ഗളുരു – കോയമ്പത്തൂർ ഉദയ് എക്‌സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ ഭാ​ഗമായി നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായതോടെ മലയാളികൾക്ക് പുത്തൻ പ്രതീക്ഷകൾ. നിലവിൽ ബെംഗളൂരു-കോയമ്പത്തൂർ ഉദയ് എക്‌സ്പ്രസ് ലാഭകരമായല്ല സർവീസ് നടത്തുന്നതെങ്കിലും പാലക്കാട്ടേക്ക് സർവീസ് നീട്ടുന്നതോടെ ബെം​ഗളുരുവിലെ മലയാളികൾക്ക് വളരെ ​ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ഇതുവഴി ട്രെയിൻ ലാഭത്തിലാകുകയും ചെയ്യും.

നിലവിൽ യാത്രക്കാർക്ക് സൗകര്യപ്രദമായ സമയത്തല്ല വണ്ടി പുറപ്പെടുന്നതും യാത്ര അവസാനിക്കുന്നതുമെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. പാലക്കാട്ടുനിന്ന് പുറപ്പെടുന്ന സമയത്തിലുൾപ്പെടെ ക്രമീകരണം വരുത്തിയാൽ കേരളത്തിന്റെ ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ റയിൽവെയ്ക്കും കേരളത്തിനും ഒരുപോലെ ​ഗുണകരമാകും.

ദക്ഷിണറെയിൽവേയുടെ സേലം, പാലക്കാട് ഡിവിഷനുകൾ ചേർന്നാണ് ഇന്നലെ പരീക്ഷണയോട്ടം നടത്തിയത്. രണ്ട് ഡബിൾ ഡക്കർ ബോഗി ഉൾപ്പെടെ നാല് ബോഗിയാണ് പരീക്ഷണയോട്ടത്തിലുണ്ടായിരുന്നത്. വണ്ടിയുടെ സുഗമ സഞ്ചാരം, പ്ലാറ്റ്‌ഫോമിൽ അസൗകര്യമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്. രാവിലെ എട്ടിന് കോയമ്പത്തൂരിൽനിന്ന് പുറപ്പെട്ട ട്രെയിൻ 10.45-ന് പാലക്കാട് ടൗണിലെത്തുമെന്ന് അറിയിച്ചെങ്കിലും 10.55-നാണ് എത്തിയത്. 11.10-ന് പാലക്കാട് ജങ്ഷനിലെത്തി 11.55-ന് തിരിച്ചുപോകേണ്ട വണ്ടി 1.10-നാണ് യാത്ര പുറപ്പെട്ടത്. 3.10-ന് കോയമ്പത്തൂരിലെത്തി.

ഉദയ് എക്‌സ്പ്രസ് ഡബിൾ ഡക്കർ സീരീസിലെ ആദ്യ എ.സി ചെയർകാർ തീവണ്ടിയാണിത്. ഡബിൾ ഡക്കറിന്റെ ഒരു ബോഗിയിൽ 120 സീറ്റുണ്ടാകും. തീവണ്ടിയിൽ 16 കോച്ചുകളുള്ളതിൽ ഏഴെണ്ണം ഡബിൾ ഡക്കറാണ്. ബാക്കിയുള്ളവ സാധാരണ ബോഗികളും. കോയമ്പത്തൂർ-ബെംഗളൂർ റൂട്ടിൽ 432 കിലോമീറ്ററാണ് ഇപ്പോൾ ഈ വണ്ടി ഓടുന്നത്. പാലക്കാട്ടേക്ക് നീട്ടുമ്പോൾ കോയമ്പത്തൂർ-പൊള്ളാച്ചി റൂട്ടിൽ 46 കിലോമീറ്ററും പൊള്ളാച്ചി-പാലക്കാട് റൂട്ടിൽ 57.8 കിലോ മീറ്ററും ചേർത്ത് 103.8 കിലോമീറ്റർ അധികം ഓടണം. പൊള്ളാച്ചിയിലെത്തിയശേഷം എൻജിൻ ദിശമാറ്റാൻ അരമണിക്കൂറോളം വേണ്ടിവരും.

ഡിവിഷൻ ആസ്ഥാനത്തുനിന്ന് പുലർച്ചെ യാത്രപുറപ്പെടുകയും രാത്രി യാത്ര അവസാനിപ്പിക്കുകയും ചെയ്യുന്ന മൂന്നാമത്തെ വണ്ടിയാവും ഉദയ് എക്‌സ്പ്രസ്. നിലവിൽ തിരുച്ചെന്തൂർ എക്‌സ്പ്രസും നിലമ്പൂർ വണ്ടിയും പാലക്കാട്ടാണ് രാത്രിയാത്ര അവസാനിപ്പിക്കുന്നത്. പാലക്കാട് ടൗൺ റെയിൽവേസ്റ്റേഷനിൽ പിറ്റ് ലൈൻ പണി പൂർത്തിയാവുന്നതോടെ കൂടുതൽ വണ്ടികൾക്ക് ഇവിടെനിന്ന് യാത്ര പുറപ്പെടാനും അറ്റകുറ്റപ്പണിക്കുമുള്ള സൗകര്യം ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button