KeralaLatest NewsNews

ഒരു വ്യാഴാഴ്ചയാണ് ജെസ്‌നയെ കാണാതാകുന്നത്,മുമ്പ് മൂന്നാല് വ്യാഴാഴ്ചകളില്‍ ജെസ്‌ന കോളേജില്‍ ചെന്നിട്ടില്ല: ജയിംസ്

തിരുവനന്തപുരം: ജെസ്‌ന തിരോധാന കേസില്‍ സിബിഐ എത്തിപ്പെടാത്ത കാര്യങ്ങള്‍ കണ്ടെത്തിയെന്ന് ജെസ്‌നയുടെ അച്ഛന്‍ ജെയിംസ്. ജെസ്‌നയുടെ സഹപാഠിയായ സുഹൃത്ത് തെറ്റുകാരനല്ല, മറ്റൊരു സുഹൃത്താണ് ഇതിന് പിന്നില്‍. ആ സുഹൃത്തിനെ കുറിച്ച് കോടതിയില്‍ പറയുമെന്നും ജെയിംസ് വ്യക്തമാക്കി. ഉന്നയിച്ച കാര്യങ്ങളിലെ വസ്തുത തെളിയിക്കുന്ന തെളിവ് കയ്യിലുണ്ട്. ഇത് കോടതിയില്‍ കൈമാറും. ഒരു വ്യാഴാഴ്ചയാണ് ജെസ്‌നയെ കാണാതാകുന്നത്. അതുപോലെ മൂന്നാല് വ്യാഴാഴ്ചകളില്‍ കോളേജില്‍ ചെല്ലാത്ത ദിവസങ്ങളുണ്ടെന്നും ജെയിംസ് മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.

Read Also: നവകേരള ബസില്‍ ഇനി പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം

അതേസമയം, ജെസ്‌ന തിരോധാന കേസില്‍ വിശദീകരണവുമായി സിബിഐ കോടതിയില്‍ എത്തി. രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും ജെസ്‌ന ഗര്‍ഭിണി അല്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇന്‍സ്‌പെക്ടര്‍ നിപുല്‍ ശങ്കര്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു. ജെസ്‌നയുടെ രക്തക്കറ അടങ്ങിയ വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറിയിരുന്നു എന്ന പിതാവിന്റെ മൊഴിയില്‍ വ്യക്തത വരുത്താനായി കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ച് വരുത്തിയത്.

ജെസ്‌നയുടെ തിരോധാനം

മുണ്ടക്കയം പുഞ്ചവയലിലെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോവുന്നു എന്ന് പറഞ്ഞാണ് ജസ്‌ന 2018 മാര്‍ച്ച് 22ന് വീട്ടില്‍ നിന്നിറങ്ങിയത്.

എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയെന്ന് സാക്ഷി മൊഴിയുണ്ട്. പിന്നീട് ആരും കണ്ടിട്ടില്ല. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ജസ്‌ന ഫോണ്‍ ഫോണ്‍ എടുത്തിരുന്നില്ല. ഇത് മനപ്പൂര്‍വമാണോ? മറന്നതാണോ? ചോദ്യങ്ങള്‍ ഒരുപാട് ബാക്കിയാണ്. വീട്ടിലുണ്ടായിരുന്ന ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവൊന്നും കിട്ടിയില്ല. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ലക്ഷത്തോളം ഫോണ്‍ നമ്പറുകളാണ് ശേഖരിച്ചത്. 4,000 നമ്പറുകള്‍ സൂക്ഷ്മ പരിശോധന നടത്തി.

പെണ്‍കുട്ടിയെ കാണാതായ ദിവസം 16 തവണ വിളിച്ച ആണ്‍ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തിട്ടും ഫലമുണ്ടായില്ല. കേരളത്തിന് പുറത്ത് കുടകിലും ബെംഗളൂരുവിലും ചെന്നെയിലും ഒക്കെ അന്വേഷണസംഘം നേരിട്ട് ചെന്ന് അന്വേഷിച്ചു. ഇതിനിടെ പലതവണ പലയിടങ്ങളിലും ജസ്‌നയെ കണ്ടു എന്ന് സന്ദേശങ്ങള്‍ വന്നു. അന്വേഷണത്തില്‍ കാര്യമൊന്നുമുണ്ടായില്ല. തുടക്കത്തില്‍ കുറേനാള്‍ അന്വേഷണം ജസ്‌നയുടെ വീട് തന്നെ കേന്ദ്രീകരിച്ചായിരുന്നു. പിതാവ് ജെയിംസ് അടക്കം അടുത്ത ബന്ധുക്കളെ പലതവണ ചോദ്യം ചെയ്തു. സമീപകാലത്തൊന്നും ഒരു തിരോധാനക്കേസില്‍ പോകാത്ത അന്വേഷണ വഴികളിലൂടെയെല്ലാം വിവിധ അന്വേഷണ ഏജന്‍സികള്‍ നടന്നു.

വിവിധ പരീക്ഷണങ്ങള്‍, വനപ്രദേശങ്ങളില്‍ അടക്കം പരിശോധനകള്‍, അതിനിടെ ജസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന് കേരള പൊലീസ് പറഞ്ഞെങ്കിലും തെളിവുകള്‍ നിരത്താനോ പെണ്‍കുട്ടിയെ കണ്ടെത്താനോ നാളിതുവരെയും കഴിഞ്ഞിട്ടില്ല. തിരോധാനത്തിന് പിന്നിലെ അന്തര്‍സംസ്ഥാന, രാജ്യാന്തര ബന്ധമടക്കം പരിശോധിച്ച ശേഷം സിബിഐയും മുട്ടുമടക്കി. പക്ഷേ ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കിയാണ്, മരിച്ചു എങ്കില്‍ മൃതദേഹം എവിടെ? ജീവിച്ചിരിപ്പുണ്ടെങ്കില്‍ എന്തുകൊണ്ട് കണ്ടെത്താന്‍ കഴിയുന്നില്ല?

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button