Latest NewsKeralaIndia

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്‌മാരകം: പാനൂരിലെ ഉദ്ഘാടനം ഇന്ന് വൈകിട്ട്

പാനൂർ ചെറ്റകണ്ടിയിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരുടെ പേരിൽ സിപിഎം നിർമ്മിച്ച രക്തസാക്ഷി മണ്ഡപത്തിൻ്റെ ഉദ്ഘാടനം ഇന്ന്. കൊളവല്ലൂർ തെക്കുംമുറിയിലാണ് സി.പി.എം തൃപ്പങ്ങോട്ടൂർ ലോക്കൽ കമ്മറ്റി രക്തസാക്ഷി സ്മാരകം നിർമ്മിക്കുന്നത്. വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന ചടങ്ങിൽ ഉദ്ഘാടകനായി നിശ്ചയിച്ചിരിക്കുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയാണ്.

എന്നാൽ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എം വി ഗോവിന്ദൻ ഉദ്ഘാടനത്തിന് എത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് സിപിഎം പ്രാദേശിക നേതൃത്വം അറിയിച്ചിട്ടുള്ളത്.

പാനൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നത് വിവാദമായതോടെ പ്രതികരണങ്ങളിൽനിന്ന് സിപിഎം നേതൃത്വം ഒഴിഞ്ഞുമാറിയിരുന്നു. എല്ലാം ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ്റെ പ്രതികരണം. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും പറഞ്ഞു.

2015 ജൂൺ ആറിനായിരുന്നു സിപിഎം പ്രവർത്തകരായ ഷൈജുവും സുബീഷും സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. പാനൂർ ചെറ്റക്കണ്ടിയിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് നിർമാണത്തിനിടെ ആയിരുന്നു പൊട്ടിത്തെറി. സ്‌ഫോടനം നടക്കുമ്പോൾ ഇവിടെയുണ്ടായിരുന്നു മറ്റു നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്നായിരുന്നു അന്ന് സിപിഎം നേതൃത്വത്തിൻ്റെ പ്രതികരണം. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ബോംബ് നിർമിച്ചവരെ തള്ളിപ്പറയുകയാണ് ചെയ്തിരുന്നത്. പാർട്ടിക്ക് സംഭവവുമായി ബന്ധമില്ലെന്നും ബോംബ് നിർമിച്ചവർ പാർട്ടി പ്രവർത്തകരല്ലെന്നുമായിരുന്നു കോടിയേരിയുടെ വിശദീകരണം. എന്നാൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ഷൈജുവിൻ്റെയും സുബീഷിൻ്റെയും മൃതദേഹം ഏറ്റുവാങ്ങിയത് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനായിരുന്നു.

2016 മുതൽ സിപിഐഎം ഇരുവരുടെയും രക്തസാക്ഷിദിനാചരണം ആചരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്മാരകം നിർമിച്ചിരിക്കുന്നത്. 2016 ഫെബ്രുവരിയിൽ സിപിഐഎം നേതൃത്വത്തിൽ ഇരുവർക്കും സ്മാരകം നിർമിക്കാൻ ധനസമാഹരണം നടത്തിയിരുന്നു. 2016 ജൂൺ 6 മുതൽ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു.

സിപിഐഎം രക്തസാക്ഷികളുടെ പട്ടികയിൽ ഇരുവരുടെയും പേരുകളുണ്ട്. ആർഎസ്എസ് ആക്രമണം പ്രതിരോധിക്കുന്നതിനിടെയാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് പാർട്ടിയുടെ വിശദീകരണം. ഒരു മാസം മുൻപ് പാനൂരിൽ ബോംബ് നിർമാണത്തിനിടെ സിപിഎം പ്രവർത്തകനായിരുന്ന ഷെറിൻ കൊല്ലപ്പെട്ടിരുന്നു. പാർട്ടിക്ക് ബന്ധമില്ലെന്നായിരുന്നു അന്നും സിപിഎമ്മിൻ്റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button