KeralaLatest News

18 വർഷം മുൻപ് കാണാതായ ഗൃഹനാഥനെ കൊല്ലത്ത് ആരും ഏറ്റെടുക്കാനില്ലാത്ത അനാഥമൃതദേഹമായി കണ്ടെത്തി, അഞ്ചുമാസം പഴക്കം

18 വർഷം മുൻപ് കാണാതായ ​ഗൃഹനാഥനെ അഞ്ചു മാസം പഴക്കമുള്ള അനാഥമൃതദേഹമായി കണ്ടെത്തി. കാന്തപുരം മുണ്ടോചാലിൽ അബ്ദുൽ സലീമിന്റെ (70) മൃതദേഹമാണ് പത്രവാർത്തയിലൂടെ വീട്ടുകാർ തിരിച്ചറിഞ്ഞത്. ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലെത്തിച്ച മൃതദേഹം കബറടക്കി.

കൊല്ലം ജില്ലാ ആശുപത്രിയിൽവച്ച് അഞ്ച് മാസം മുൻപാണ് അബ്ദുൽ സലാം മരിച്ചത്. ഏറ്റെടുക്കാൻ ആരും എത്താതിരുന്നതോടെ സ്വകാര്യ മെഡിക്കൽ കോളജിനു പഠനാവശ്യത്തിനു വിട്ടുകൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനു മുൻപ് ജില്ലാ ആശുപത്രിയിലെ നഴ്സ് മുൻകയ്യെടുത്ത് ഇസ്‌ലാമിക ആചാരപ്രകാരം മരണാനന്തര കർമങ്ങൾ നടത്തിയതു സംബന്ധിച്ച വാർത്ത കണ്ടാണു ബന്ധുക്കൾ തിരിച്ചറിഞ്ഞത്.

ബാലുശ്ശേരി സ്വദേശിയായ മദ്രസാധ്യാപകനായിരുന്ന സലീമിനെ 2006ലാണ് 52ാം വയസിൽ കാണാതാകുന്നത്. ഉണ്ണികുളം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പതിനൊന്നാം വാർഡിൽ സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരിച്ചതിനു പിന്നാലെയാണ് അപ്രത്യക്ഷനാകുന്നത്. പൊലീസും ബന്ധുക്കളും ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

2023 ഡിസംബറിൽ കൊല്ലത്ത് അവശനിലയിൽ കണ്ടെത്തിയ സലീമിനെ പൊലീസുകാരാണു ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. അതേ ആശുപത്രിയിലെ സീനിയർ നഴ്സിങ് ഓഫിസർ സുരഭി മോഹന്റെ പിതാവും അവിടെ ചികിത്സയ്ക്കായി എത്തിയിരുന്നു. അടുത്തടുത്ത കട്ടിലുകളിലായിരുന്നു ഇരുവരും. ആരും തുണയില്ലായിരുന്ന സലീമിനെ സുരഭിയാണ് നോക്കിയത്. ഏതാനും ദിവസത്തിനകം സലീം മരിച്ചു. മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം 5 മാസത്തിനു ശേഷം പഠനാവശ്യത്തിനു വിട്ടുനൽകാൻ തീരുമാനിച്ചപ്പോൾ വിവരമറിഞ്ഞു സുരഭി പുരോഹിതരെ വരുത്തി ഇസ്‌ലാമിക രീതിയിൽ മരണാനന്തര കർമങ്ങൾ നടത്തി.

ഈ വാർത്ത കണ്ടാണ് സലീമിന്റെ വീട്ടുകാർ അദ്ദേഹത്തെ തിരിച്ചറിഞ്ഞത്. പഠനാവശ്യത്തിനായി രാസവസ്തുക്കൾ പ്രയോഗിച്ചിരുന്നതിനാൽ മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധന നടത്താനായില്ല. ബന്ധുക്കൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൃതദേഹം തിരിച്ചറിഞ്ഞു വിട്ടു നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കാന്തപുരം കൊയിലോത്തുകണ്ടി ജുമാ മസ്ജിദിൽ കബറടക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button