Latest NewsKerala

കേരളത്തിലെ എല്ലാ ബാറുകളും പണം നൽകിയാൽ 250 കോടിയാകും, ഈ പണം എവിടേക്കാണ് ഒഴുകിയത്? അന്വേഷണം ആവശ്യപ്പെട്ട് സിപിഐ നേതാവ്

ഇടുക്കി: ബാർ‌കോഴ ആരോപണം ഗൗരവമെന്ന് എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനറും സിപിഐ നേതാവുമായ കെ.കെ.ശിവരാമൻ. കേരളത്തിൽ ആയിരത്തോളം ബാറുകൾ ഉണ്ടെന്നാണ് അറിവ്. ഈ ബാറുകൾ എല്ലാം രണ്ടര ലക്ഷം രൂപ വീതം നൽകിയാൽ 250 കോടിയാകും. ഈ പണം എവിടേക്കാണ് ഒഴുകിയെത്തുന്നത് എന്ന്അദ്ദേഹം ചോദിച്ചു. അനിമോന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ ഗവൺമെന്റ് തയ്യാറാവണമെന്ന് കെ.കെ.ശിവരാമൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഇന്നു രാവിലെ മുതൽ കേരളത്തിലെ ദൃശ്യമാധ്യമങ്ങൾ പുറത്തുവിടുന്ന ഒരു വാർത്ത അത്യന്തം ഗൗരവമുള്ളതാണ്. നിലവിലുള്ള മദ്യ നയത്തിൽ ഇളവു വരുത്തുന്നതിന് ബാറുടമകൾ രണ്ടര ലക്ഷം രൂപ വീതം ഉടനടി നൽകണമെന്നാണ് ബാർ ഉടമ സംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് അനിമോന്റേതായി പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശത്തിൽ പറയുന്നത്. നമുക്കായി ഇളവുകൾ നൽകുമ്പോൾ കൊടുക്കേണ്ടത് കൊടുക്കണം എന്നാണ് ഇതിൽ പറയുന്നത്.

എന്നുപറഞ്ഞാൽ സർക്കാരിന്റെ മദ്യ നയത്തിൽ നമുക്ക് അനുകൂലമായ മാറ്റം വരണമെങ്കിൽ കൊടുക്കേണ്ടത് കൊടുക്കണം! ആർക്ക്? കേരളത്തിൽ ആയിരത്തോളം ബാറുകൾ ഉണ്ടെന്നാണ് അറിവ്. ഈ ബാറുകൾ എല്ലാം രണ്ടര ലക്ഷം രൂപ വീതം നൽകിയാൽ 250 കോടിയാകും. ഈ പണം എവിടേക്കാണ് ഒഴുകിയെത്തുന്നത്? ഖജനാവിലേക്ക് അല്ലെന്നത് വ്യക്തം! പണമുണ്ടെങ്കിൽ സർക്കാർ നയത്തെ സ്വാധീനിക്കാൻ കഴിയുമെന്ന് ഒരു ബാർ ഉടമ പറയുന്നത് ഗൗരവമുള്ള കാര്യമാണ്.

ഇതു സംബന്ധിച്ച അടിയന്തര അന്വേഷണം വേണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ മുഖം വികൃതമാക്കുന്നതിനു വേണ്ടി കെട്ടിച്ചമയ്ക്കുന്ന കള്ളക്കഥയാണോ ഇതെന്ന് അറിയണം. സർക്കാരിന്റെ മദ്യ നയത്തിൽ വരുത്തുന്ന ഏതൊരു മാറ്റവും പൊതു താൽപര്യം കണക്കിലെടുത്താണ്. അങ്ങനെ തന്നെയാവണം താനും. അതല്ലാതെ ബാർ ഉടമകളുടെ നിക്ഷിപ്ത താൽപര്യങ്ങൾ സംരക്ഷിക്കാനാണെന്ന് വരുത്തി തീർക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. അതുകൊണ്ട് അനിമോന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ ഗവൺമെന്റ് തയാറാവണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button