Latest NewsIndia

ഭാര്യ വീണ്ടും പെണ്‍കുഞ്ഞിനെ പ്രസവിക്കുമെന്ന് പുരോഹിതൻ, പെണ്ണാണോ എന്നറിയാൻ ഭാര്യയുടെ വയറു കീറി പരിശോധിച്ച് യുവാവ്

ലഖ്‌നൗ: ഗര്‍ഭസ്ഥശിശുവിന്റെ ലിംഗം മനസിലാക്കാൻ ഭാര്യയുടെ ഗര്‍ഭപാത്രം കീറി പരിശോധിച്ച ഭര്‍ത്താവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. ബുദൗണിലെ സിവില്‍ ലൈന്‍സ് ഏരിയയിലുള്ള പന്നലാല്‍ (46) ആണ് ശിക്ഷിക്കപ്പെട്ടത്. അഡീഷണല്‍ ജില്ലാ-സെഷന്‍സ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി സൗരഭ് സക്‌സേനയാണ് ശിക്ഷ വിധിച്ചത്.

2020 സെപ്റ്റംബര്‍ 19-നാണ് കേസിനാസ്പദമായ ക്രൂരകൃത്യം നടന്നത്. എട്ടുമാസം ഗര്‍ഭിണിയായിരുന്ന ഭാര്യ അനിത ദേവിയെ അരിവാള്‍ കൊണ്ടാണ് പന്നലാല്‍ ആക്രമിച്ചത്. ഭാര്യ വീണ്ടുമൊരു പെണ്‍കുഞ്ഞിനെയാണ് പ്രസവിക്കാന്‍ പോകുന്നത് എന്ന് ഒരു പുരോഹിതന്‍ പറഞ്ഞതിന് പിന്നാലെയാണ് ഇയാള്‍ ക്രൂരകൃത്യം ചെയ്തത്.

അനിതയെ ബുദൗണ്‍ പോലീസ് തക്ക സമയത്ത് ഡല്‍ഹിയിലെ സഫ്ദാര്‍ജംഗ് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. എന്നാല്‍ അനിതയുടെ വയറ്റിലുണ്ടായിരുന്ന കുഞ്ഞിനെ രക്ഷിക്കാന്‍ സാധിച്ചില്ല.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 307, 313 വകുപ്പുകള്‍ പ്രകാരമാണ് പന്നലാലിനെതിരെ പോലീസ് കേസെടുത്തത്. 2021-ല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിക്ക് നിയമത്തോട് യാതൊരു ഭയവുമില്ല എന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഒപ്പം 50,000 രൂപ പിഴശിക്ഷയും കോടതി വിധിച്ചു. ഒരു വ്യക്തിക്കെതിരായ കുറ്റകൃത്യം മാത്രമല്ല ഇത്, മറിച്ച് സമൂഹത്തിന് കൂടെ എതിരാണെന്ന് പരിഗണിച്ചായിരുന്നു കോടതിവിധി.

25 വര്‍ഷം മുമ്പായിരുന്നു പന്നലാലിന്റേയും അനിതയുടേയും വിവാഹം. ഈ കാലയളവില്‍ അനിത അഞ്ച് പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കി. എന്നാല്‍ പന്നലാലിന് ആണ്‍കുട്ടി വേണമെന്നായിരുന്നു ആഗ്രഹം. ആറാം തവണയും അനിത ഗര്‍ഭിണിയായപ്പോഴാണ് ഗ്രാമത്തിലെ മുഖ്യപുരോഹിതനെ ഇയാള്‍ സമീപിച്ചത്. അനിതയെ പന്നലാല്‍ മര്‍ദിക്കാറുണ്ടെങ്കിലും ഇത്തരത്തില്‍ കൊടുംക്രൂരത ചെയ്യുമെന്ന് കരുതിയില്ലെന്ന് അനിതയുടെ സഹോദരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button