KeralaLatest News

ജ്വാലലക്ഷ്മി അവസാനമായി പറഞ്ഞു, ‘അമ്മയ്ക്കിത് വലിയ മിസ്സിങ്ങായിരിക്കും’: ആഴക്കയത്തിലേക്ക് പോയത് പിറന്നാളിന്റെ പിറ്റേന്ന്

പറവൂര്‍: എളന്തിക്കര കോഴിത്തുരുത്ത് പാലത്തിനു സമീപം ചാലക്കുടിപ്പുഴയില്‍ സഹോദരിമാരുടെ മക്കള്‍ മുങ്ങിമരിച്ചു. പുത്തന്‍വേലിക്കര കുറ്റിക്കാട്ടുപറമ്പില്‍ രാഹുലിന്റെയും എളന്തിക്കര ഹൈസ്‌കൂള്‍ അധ്യാപിക റീജയുടെയും മകള്‍ മേഘ (23), റീജയുടെ സഹോദരി ബില്‍ജയുടെയും കൊടകര വേമ്പനാട്ട് വിനോദിന്റെയും മകള്‍ ജ്വാലലക്ഷ്മി (13) എന്നിവരാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട മേഘയുടെ സഹോദരി നേഹയെ (20) നാട്ടുകാര്‍ രക്ഷിച്ചു.

കോഴിത്തുരുത്തിലുള്ള അമ്മവീട്ടില്‍ ഒത്തുചേര്‍ന്ന ബന്ധുക്കളായ അഞ്ചുപേര്‍ ഞായറാഴ്ച രാവിലെ 9.30- ഓടെയാണ് ചാലക്കുടിയാറിന്റെ കൈത്തോട്ടില്‍ ഇറങ്ങിയത്. ഇവരില്‍ രണ്ടുപേര്‍ പുഴയില്‍ ഇറങ്ങിയെങ്കിലും ആഴമേറിയ ഭാഗത്തേക്ക് പോയില്ല. ആര്‍ക്കും നീന്തല്‍ വശമില്ലായിരുന്നു. മൂന്നുപേര്‍ ഒഴുക്കില്‍പ്പെട്ടതറിഞ്ഞെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫയര്‍ഫോഴ്സും സ്‌കൂബ ടീമും തിരച്ചില്‍ നടത്തി.

ഇടപ്പള്ളി കാംപിയന്‍ സ്‌കൂളില്‍ ലൈബ്രേറിയനാണ് മേഘ. പേരാമ്പ്ര സെയ്ന്റ് ലിയോബ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ജ്വാലലക്ഷ്മി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച നേഹ അപകടനില തരണം ചെയ്തു. സഹോദരിമാരുടെ മക്കളടങ്ങുന്ന അഞ്ചു പേര്‍ പുഴയില്‍ കുളിക്കാനുള്ള അത്യാഹ്ലാദത്തോടെയാണ് ഞായറാഴ്ച രാവിലെ എത്തിയത്.

കുളിക്കാനിറങ്ങിയ സ്ഥലത്തുനിന്ന് വെള്ളത്തിനടിയില്‍ തെളിഞ്ഞുകണ്ട കക്കകള്‍ ഓരോന്ന് പെറുക്കി ഇവര്‍ പുഴയുടെ ആഴങ്ങളിലേക്കിറങ്ങുകയായിരുന്നു. അവരില്‍ മൂന്നുപേരാണ് നിലയില്ലാ കയത്തില്‍ പെട്ടത്. മുതിര്‍ന്നവര്‍ പുഴയില്‍നിന്ന് കൗതുകത്തോടെ കക്ക പെറുക്കി മുന്നോട്ടു പോകുമ്പോള്‍ പ്രായം കുറഞ്ഞ രണ്ടുകുട്ടികള്‍ തിരിച്ചുകയറിയത് രക്ഷയായി.

കൈത്തോട് പുഴയോട് സന്ധിക്കുന്ന ഭാഗത്ത് നല്ല ആഴവും അടിയൊഴുക്കുമുണ്ട്. ആ ഭാഗത്താണ് ഇവര്‍ മുങ്ങിപ്പോയത്. ‘അമ്മയ്ക്കിത് വലിയ മിസിങ്ങായിരിക്കും’…. ജ്വാലലക്ഷ്മി അവസാനമായി പറഞ്ഞ വാക്കുകള്‍ ഓര്‍ത്തു കരയുകയാണ് അമ്മ ബില്‍ജ. പുഴകളും തോടുകളും ജീവിതത്തിന്റെ ഭാഗമായ എളന്തിക്കര കോഴിത്തുരുത്തില്‍ ചാലക്കുടി പുഴയുടെ കൈത്തോട്ടില്‍ മുങ്ങിമരിച്ച ജ്വാലലക്ഷ്മി അവസാനമായി അമ്മയോട് പറഞ്ഞ വാക്കുകളാണിത്. അമ്മ അലമുറയിടുന്നത് മകളുടെ ഈ വാക്കുകള്‍ ഓര്‍ത്താണ്.

പിറന്നാളിന്റെ പിറ്റേന്നാണ് ജ്വാല കൊടകരയില്‍നിന്ന് അമ്മയുമൊത്ത് എളന്തിക്കരയിലുള്ള അമ്മവീട്ടില്‍ എത്തുന്നത്. അവധിക്കാലം കഴിയും മുന്‍പുള്ള യാത്രയായിരുന്നു ഇത്. കഴിഞ്ഞ ഏഴിന് ബില്‍ജയുടെ അച്ഛന്‍ ഓടാശേരില്‍ സുദനന്‍ മരിച്ചിരുന്നു. മരണാനന്തര കര്‍മങ്ങള്‍ 20-ന് അവസാനിച്ചു. അമ്മവീട്ടിലേക്കുള്ള യാത്രയില്‍ ദുബായിയില്‍നിന്ന് അവധിക്കു വന്ന അച്ഛന്‍ വിനോദും സഹോദരി ജാനകിലക്ഷ്മിയും വന്നില്ല.

ബന്ധുക്കളായ കുട്ടികളോടൊപ്പം പുഴയില്‍ കുളിക്കാനുള്ള ആഗ്രഹത്തിലായിരുന്നു ജ്വാല. കുളിക്കാന്‍ പോകുമ്പോള്‍ ഒപ്പം വരാന്‍ അമ്മയെ ഏറെ നിര്‍ബന്ധിച്ചു. വരുന്നില്ലെന്നു പറഞ്ഞ ബില്‍ജയോട് ‘അമ്മയ്ക്ക് ഇത് വലിയ മിസിങ്ങായിരിക്കും’ എന്നു പറഞ്ഞാണ് ജ്വാല പടിയിറങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button