Latest NewsKeralaNews

ഈ വര്‍ഷത്തെ ഓണം വാരാഘോഷം സെപ്തംബര്‍ 13 മുതല്‍ 19 വരെ

സംസ്ഥാനതല ഓണാഘോഷ പരിപാടികള്‍ക്ക് സെപ്തംബര്‍ 13ന് തിരുവനന്തപുരത്ത് തുടക്കമാവും

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം വാരാഘോഷം സെപ്തംബര്‍ 13 മുതല്‍ 19 വരെ. സംസ്ഥാനതല ഓണാഘോഷ പരിപാടികള്‍ക്ക് സെപ്തംബര്‍ 13ന് തിരുവനന്തപുരത്ത് തുടക്കമാവും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

ഓണം മേളകള്‍, ഓണം മാര്‍ക്കറ്റുകള്‍, പച്ചക്കറി കൗണ്ടറുകള്‍, പ്രത്യേക സെയില്‍സ് പ്രൊമോഷന്‍ ഗിഫ്റ്റ് സ്‌കീമുകള്‍, ഓണക്കാല പ്രത്യേക സംഭരണ വിപണന പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതിന് സപ്ലൈക്കോയെ ചുമതലപ്പെടുത്തി. ഹോര്‍ട്ടികോര്‍പ്പിന്റെ പ്രത്യേക പച്ചക്കറി ചന്തകള്‍, എല്ലാ ജില്ലകളിലും പരമാവധി കേന്ദ്രങ്ങളില്‍ കുടുംബശ്രീ ചന്തകള്‍, കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ സഹകരണ വകുപ്പിന്റെ സഹായത്തോടെ സബ്സിഡി വിപണികള്‍ എന്നിവ ആരംഭിക്കും.

read also: അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത: രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പ്രാഥമിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ പ്രാദേശിക ഓണച്ചന്തകളും സഹകരണ മാര്‍ക്കറ്റുകളും ആരംഭിക്കും. ആവശ്യമായ പച്ചക്കറികള്‍ പരമാവധി കേരളത്തില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. എഎവൈ വിഭാഗങ്ങള്‍ക്കുള്ള സൗജന്യ കിറ്റ് വിതരണം, സ്പെഷ്യല്‍ പഞ്ചസാര വിതരണം, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ച ഭക്ഷണ പദ്ധതി, ആദിവാസി വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക കിറ്റുകള്‍ എന്നിവ സപ്ലൈക്കോ ഓണത്തിനുമുമ്പ് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓണാഘോഷത്തിന്റെ ഭാഗമായി എല്ലാ വകുപ്പുകളുടെയും ഫ്ളോട്ട് തയ്യാറാക്കും. സാംസ്‌കാരിക പരിപാടികള്‍ ചെലവ് ചുരുക്കി നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഓണം വാരാഘോഷത്തോടനുബന്ധിച്ച്‌ കവടിയാര്‍ മുതല്‍ മണക്കാട് വരെ ഉത്സവ മേഖലയായി പ്രഖ്യാപിക്കും. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് പ്രത്യേക ശ്രദ്ധയും മുന്നൊരുക്കങ്ങളും നടത്തും.

വാഹന പാര്‍ക്കിംഗില്‍ വ്യക്തത വരുത്തണം. ലഹരി വസ്തുക്കള്‍ കൈവശം വെക്കല്‍, ഉപഭോഗം, വിതരണം എന്നിവ കര്‍ശനമായി നിയന്ത്രിക്കാന്‍ പ്രത്യേക പരിശോധന നടത്തും. നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വിപണിയിലില്ലെന്ന് ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കും. എല്ലാ കടകളിലും ഓണച്ചന്തകളിലും തുണിസഞ്ചികള്‍, പേപ്പര്‍ ബാഗുകള്‍ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം. ദിവസവും ഉല്‍പാദിപ്പിക്കുന്ന ജൈവ, അജൈവ മാലിന്യങ്ങള്‍ അതത് ദിവസം നീക്കം ചെയ്യാനാവശ്യമായ ക്രമീകരണങ്ങള്‍ തദ്ദേശസ്വയംഭരണ വകുപ്പ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, വിഎന്‍ വാസവന്‍, സജി ചെറിയാന്‍, ജിആര്‍ അനില്‍, എംബി രാജേഷ്, പി പ്രസാദ്, വി ശിവന്‍കുട്ടി, വി അബ്ദുറഹ്മാന്‍, ചീഫ് സെക്രട്ടറി ഡോ. വി വേണു തുടങ്ങിയവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button