വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സൈന്യം തീരുമാനിക്കും വരെ തെരച്ചില്‍ തുടരണമെന്ന് മന്ത്രിസഭാ ഉപസമിതി. പുനരധിവാസത്തിനായി എല്ലാവരുടേയും സഹായത്തോടെ ബൃഹദ് പാക്കേജ് തയ്യാറാക്കും. ദുരന്ത നിവാരണ നിധിയില്‍ നിന്ന് കൂടുതല്‍ തുക പുനരധിവാസത്തിന് ഉറപ്പാക്കാന്‍ എല്‍ ത്രീ നിലയിലുള്ള ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെടും. ദുരന്തബാധിതരായ കുട്ടികളുടെ പഠനത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കും.
Read Also: ജനങ്ങളുടെ വന്‍ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു
ദുരന്തഭൂമിയായ മുണ്ടക്കൈയിലെ തെരച്ചിലില്‍ സൈന്യം അന്തിമ തീരുമാനമെടുക്കട്ടെ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. വലിയ ദുരന്തമുണ്ടായ സ്ഥലങ്ങളിലെ ദൗത്യങ്ങളില്‍ സൈന്യത്തിന്റേതാണ് അവസാന വാക്ക് എന്ന നിലയിലാണിത്. സൈന്യത്തിന്റെ തീരുമാനം വന്നശേഷം സര്‍ക്കാര്‍ വിലയിരുത്തി തെരച്ചിലിലെ തുടര്‍ നടപടി എടുക്കും.
പുനരധിവാസം മുന്നിലുള്ള വലിയ വെല്ലുവിളിയാണെന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയുടെ വിലയിരുത്തല്‍. വലിയ തുക കണ്ടെത്തലാണ് ദുഷ്‌ക്കരണം. പലരും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷെ കേന്ദ്ര സഹായമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. പുനരധിവാസത്തിനായി ബൃഹദ് പാക്കേജിന് രൂപം നല്‍കും. പുനരധിവാസത്തിനായി ഒരു ടൗണ്‍ഷിപ്പ് സ്ഥാപിക്കണമെന്നാണ് സര്‍ക്കാര്‍ ആലോചന.
ഏറ്റവും തീവ്രതയുള്ള ദുരന്തമെന്ന നിലക്ക് എല്‍ ത്രീ ദുരന്തമായി വയനാട് ഉരുള്‍പൊട്ടലിനെ പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. അങ്ങനെ എങ്കില്‍ ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്ന് പുനരധിവാസത്തിനായി വേണ്ട തുകയുടെ 75 ശതമാനം ലഭിക്കും. ബാക്കി സംസ്ഥാനം കണ്ടെത്തിയാല്‍ മതി. തകര്‍ന്ന വെള്ളാര്‍മല സ്‌കൂളിലെ അടക്കം ദുരന്തത്തിനിരയായ കുട്ടികളുടെ പഠനത്തില്‍ ഉടന്‍ തീരുമാനമെടുക്കും. ഒന്നുകില്‍ താല്‍ക്കാലിക പഠനകേന്ദ്രം തുടങ്ങും. അല്ലെങ്കില്‍ സമീപത്ത സ്‌കൂളുകളിലേക്ക് മാറ്റും. നാളെ വിദ്യാഭ്യാസമന്ത്രി വയനാട്ടിലെത്തി ചര്‍ച്ച നടത്തി തീരുമാനമെടുക്കും.
Post Your Comments