ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കായി പാര്‍ട്ടി ചെലവഴിച്ചത് 1.40 കോടി രൂപ. 70 ലക്ഷം രൂപ വീതമാണ് പാര്‍ട്ടി ഫണ്ടില്‍ നിന്നും റായ്ബറേലി, വയനാട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ പാര്‍ട്ടി ചെലവഴിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് സമര്‍പ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മത്സരിച്ച രണ്ടിടത്തും വിജയിച്ച രാഹുല്‍ റായ്ബറേലി നിലനിര്‍ത്തുകയായിരുന്നു.
എന്നാല്‍ രാഹുല്‍ ഗാന്ധിയല്ല പാര്‍ട്ടി ഫണ്ടില്‍ നിന്നും ഏറ്റവും തുക ലഭിച്ചത്. 87 ലക്ഷം രൂപ കിട്ടിയ ഹിമാചല്‍പ്രദേശിലെ മംഡി സ്ഥാനാര്‍ത്ഥി വിക്രമാദിത്യ സിങ് കങ്കണ റണാവത്തിനോട് പരാജയപ്പെടുകയായിരുന്നു. ആലപ്പുഴയില്‍ മത്സരിച്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, മണിക്കം ടാഗോര്‍, ഗുല്‍ബര്‍ഗയില്‍ മത്സരിച്ച രാധാകൃഷ്ണ, അനന്തപൂര്‍ സാഹിബില്‍ വിജയ് സിംഗ്ല എന്നിവര്‍ക്കും മത്സരിക്കാന്‍ 70 ലക്ഷം രൂപ ലഭിച്ചു.
മുതിര്‍ന്ന നേതാക്കളായ ആനന്ദ് ശര്‍മ, ദിഗ്‌വിജയ് സിംഗ്, എന്നിവര്‍ക്ക് 46 ലക്ഷം രൂപ, 50 ലക്ഷം രൂപ എന്നിങ്ങനെയാണ് പാര്‍ട്ടി ചെലവഴിച്ചത്. എന്നാല്‍ ഇരുവരും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റിലാണ് പാര്‍ട്ടി വിജയിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് 70 ലക്ഷത്തില്‍ നിന്നും 95 ലക്ഷമായി 2022 ജനുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശപ്രകാരമായിരുന്നു ഇത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് 28 ലക്ഷത്തില്‍ നിന്നും 40 ലക്ഷമായും ഉയര്‍ത്തി.
Post Your Comments