തിരുവനന്തപുരം: ഉത്രാട പാച്ചിലിനിടെ കേരളത്തില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. വരും മണിക്കൂറില്‍ എറണാകുളമടക്കം 6 ജില്ലകളിലാണ് മഴ സാധ്യത. ഉച്ചക്ക് ഒരു മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിലാണ് മഴ സാധ്യത ഏറ്റവും കൂടുതല്‍. രാവിലെ തലസ്ഥാന നഗരത്തിലടക്കം മഴ ലഭിച്ചിരുന്നു. എന്നാല്‍ ഇന്ന് ഒരു ജില്ലയിലും റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ലെന്നത് ആശ്വാസമാണ്.
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. തിരുവനന്തപുരം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പില്‍ പറയുന്നു.
Post Your Comments