മലപ്പുറം: കുറ്റിപ്പുറം പൈങ്കണ്ണൂരിൽ നിന്നും കാണാതായ യുവതിയും മക്കളും കൊല്ലത്തുണ്ടെന്ന് വിവരം. പൈങ്കണ്ണൂർ സ്വദേശി അബ്ദുൽ മജീദിന്റെ ഭാര്യ ഹസ്‌ന ഷെറിൻ (27) മകൾ ജിന്ന മറിയം (3) മകൻ ഹൈസും (5) എന്നിവർ കൊല്ലത്തെ ഗാന്ധിഭവനിൽ എത്തിയെന്നാണ് അസ്നയുടെ കുടുംബത്തിന് ലഭിച്ച ഫോൺ സന്ദേശം. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് വീടുവിട്ടിറങ്ങിയതെന്ന് യുവതി ഗാന്ധിഭവൻ അധികൃതരോട് പറഞ്ഞെന്നാണ് റിപ്പോർട്ട്.
ശനിയാഴ്ച്ച വൈകീട്ടാണ് ഹസ്‌ന തന്റെ വീട്ടിലേക്കാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ അവിടെ എത്തിയിരുന്നില്ല. സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഫോണിന്റെ ലൊക്കേഷൻ ചേളാരി ഭാഗത്തു ഉണ്ടെന്ന് കണ്ടെത്തി. പിന്നീട് ലൊക്കേഷൻ ലഭിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ഭാര്യവുമായി അഭിപ്രായ വ്യത്യാസങ്ങളോ കുടുംബത്തിൽ തർക്കങ്ങളോ ഒന്നും ഇല്ലെന്നായിരുന്നു ഭർത്താവ് അബ്‌ദുൾ മജീദ് പൊലീസിനോട് പറഞ്ഞത്.
അതേസമയം, കുടുംബ പ്രശ്നങ്ങളിലുള്ള മാനസിക പ്രയാസത്തിൽ വീടു വിട്ടു പോയതാണെന്ന് യുവതി പറഞ്ഞതായാണ് സൂചന. കൊല്ലത്തുള്ള ഗാന്ധി ഭവൻ എന്ന വൃദ്ധസദനത്തിലാണ് എത്തിയിരിക്കുന്നത്. അവിടെ നിന്നാണ് കുടുംബത്തിന് ഫോൺ സന്ദേശം ലഭിച്ചത്. ഹസ്നയേയും കുട്ടികളേയും തിരികെ കൊണ്ടുവരാൻ കുടുംബവും പൊലീസും കൊല്ലത്തേക്ക് പുറപ്പെട്ടു.
Post Your Comments