
കൊച്ചി: ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നിന്നു ഇറങ്ങി ഓടിയ നടൻ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. നടനെ നോട്ടീസ് നൽകി വിളിപ്പിക്കാനാണ് പൊലീസ് തീരുമാനം.
ഡാൻസാഫ് സംഘം ഹോട്ടലിലെത്തുമ്പോൾ ഷൈൻ പിൻവശത്തെ ജനാലയിലൂടെ ചാടി രക്ഷപ്പെട്ടത് എന്തിനാണെന്നതിന്റെ ഉത്തരം തേടിയാണ് പൊലീസ് നടനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. ഹോട്ടലിൽ നിന്നു ഇറങ്ങി ഓടിയ ഷൈൻ ബൈക്കിൽ ബോൾഗാട്ടിയിൽ എത്തിയതായാണ് പൊലീസ് കണ്ടെത്തൽ. ഹോട്ടലിൽ നിന്നു ഇറങ്ങി ഓടുന്ന ഷൈനിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.
കോമ്പൗണ്ടിനു പുറത്തെത്തിയ ഷൈൻ ബൈക്കിൽ കയറിയാണ് രക്ഷപ്പെട്ടത് എന്നു വ്യക്തമായിട്ടുണ്ട്. ബൈക്ക് ആരുടേതാണെന്നു പൊലീസ് അന്വേഷിച്ചു വരികയാണ്.
ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ഇന്നലെ രാത്രിയായിരുന്നു പരിശോധന. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിയത്. പൊലീസ് സംഘം ഹോട്ടലിന്റെ താഴെ എത്തിയ വിവരം അറിഞ്ഞ ഷൈന്‍ ടോം ചാക്കോ ഹോട്ടലിന്റെ മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനൽ വഴി ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
Post Your Comments