KeralaIndia

ഇൻസ്റ്റ​ഗ്രാം പരിചയം, 17കാരിക്ക് 15,000 രൂപ ശമ്പളത്തിൽ ജോലി: കോഴിക്കോട് പെൺവാണിഭകേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട് കുട്ടി

കോഴിക്കോട്: ന​ഗരമധ്യത്തിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രം കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതം. ഒരാഴ്ച്ച മുമ്പ് നഗരത്തിലെ വാടകവീട്ടിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രത്തിൽ നിന്നും രക്ഷപെട്ട അസം സ്വദേശിനിയായ പതിനേഴുകാരി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പുരോ​ഗമിക്കുന്നത്.

അസം സ്വദേശിയായ യുവാവാണ് പെൺവാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ. ഇവിടെ മറ്റ് അഞ്ച് പെൺകുട്ടികൾ കൂടിയുണ്ടെന്നും രക്ഷപെട്ട പെൺകുട്ടി മൊഴിനൽകിയിട്ടുണ്ട്. പെൺവാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ യുവാവിനായും അന്വേഷണം ഊർജ്ജിതമാണ്. കോഴിക്കോട് നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷനുസമീപത്തുള്ള കെട്ടിടത്തിലാണ് പെൺവാണിഭ കേന്ദ്രം എന്ന് മാത്രമാണ് വിവരം.

തന്നെയും മറ്റുള്ള പെൺകുട്ടികളെയും പൂട്ടിയിട്ടാണ് ഇടപാടുകാർക്ക് കാഴ്ച്ചവെക്കുന്നത് എന്നാണ് പതിനേഴുകാരിയുടെ വെളിപ്പെടുത്തൽ. ഒരുദിവസം മൂന്നും നാലും പേർ മുറിയിലെത്താറുണ്ടെന്നും ഞായറാഴ്ചകളിൽ ആറും ഏഴും പേരെ യുവാവ് പ്രവേശിപ്പിക്കാറുണ്ടെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്.

ഇൻസ്റ്റഗ്രാമിലൂടെയാണ് പതിനേഴുകാരി അസം സ്വദേശിയായ യുവാവിനെ പരിചയപ്പെടുന്നത്. മൂന്നുമാസം മുൻപാണ് ഇയാൾ പെൺകുട്ടിയെ കേരളത്തിലെത്തിച്ചത്. 15,000 രൂപ മാസശമ്പളത്തിൽ ജോലി തരപ്പെടുത്തി നൽകാമെന്നായിരുന്നു ഇയാൾ പെൺകുട്ടിക്ക് നൽകിയ വാഗ്ദാനം. കേന്ദ്രത്തിൽനിന്ന് ഒരാഴ്ചമുൻപാണ് അതിസാഹസികമായി പെൺകുട്ടി രക്ഷപ്പെട്ടത്.

സ്ഥിരമായി മുറി പൂട്ടിയിട്ടാണ് ഇയാൾ പുറത്തുപോവാറ്. ഒരാഴ്ചമുൻപ്‌ മുറിതുറന്ന് ഇയാൾ ഫോണിൽ സംസാരിച്ച് ടെറസിലേക്ക് നടന്നുപോയസമയത്താണ് ഇവർ രക്ഷപ്പെട്ടത്. രക്ഷപ്പെടുന്നതിന്റെ തലേദിവസം വയറുവേദനയെത്തുടർന്ന് പെൺകുട്ടിയെ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു. ഓട്ടോറിക്ഷയിൽ പോകുന്നതിനിടയിൽ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

മുറിയിൽനിന്ന് രക്ഷപ്പെട്ട ഉടൻ മുന്നിൽക്കണ്ട ഒരു ഓട്ടോറിക്ഷയിൽക്കയറി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പോകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തി വിവരമറിയിച്ചതോടെ പോലീസ് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) മുൻപാകെയെത്തിച്ചു. സിഡബ്ല്യുസി കൗൺസലിങ്‌ നൽകി വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുകയും പിന്നീട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റുകയുംചെയ്തു.

അതിനിടയിൽ പെൺകുട്ടിയെ തിരിച്ച് അസമിലേക്ക് കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് മാതാവിന്റെ ബന്ധു സിഡബ്ല്യുസി അധികൃതരുടെ മുന്നിലെത്തി. ആധാർ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ വ്യാജ ആധാർകാർഡാണ് നൽകിയത്. ഇതിൽ 20 വയസ്സെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. സംശയംതോന്നിയ അധികൃതർ കൂടുതൽ ചോദ്യങ്ങളുന്നയിച്ചതോടെ, ഇത് പെൺകുട്ടിയെ കൊണ്ടുവന്ന യുവാവ് വ്യാജമായി നിർമിച്ചതാണെന്ന് വ്യക്തമായി. കെട്ടിടമേതെന്ന് തിരിച്ചറിയാനും ഒളിവിൽപ്പോയ യുവാവിനെ കണ്ടെത്താനുമുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

shortlink

Related Articles

Post Your Comments

Related Articles


Back to top button