KeralaLatest NewsNews

വാക്സിന്‍ ഫലപ്രദമാകും മുമ്പേ വൈറസ് തലച്ചോറിനെ ബാധിച്ചു : നിയ ഫൈസലിൻ്റെ മരണത്തിന് വിശദീകരണവുമായി അധികൃതർ

എസ്എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ഏഴ് വയസുകാരി നിയ ഫൈസലിന് നായയുടെ കടിയേറ്റ് ആഴത്തിലുള്ള മുറിവാണ് സംഭവിച്ചത്

തിരുവനന്തപുരം : പേ ബാധക്കെതിരെയുള്ള വാക്‌സിന്‍ എടുത്തിട്ടും ഏഴ് വയസുകാരി മരിക്കാനിടയായ സംഭവത്തില്‍ വിശദീകരവമുായി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍. വാക്സിന്‍ ഫലപ്രദമാകും മുമ്പേ വൈറസ് തലച്ചോറിനെ ബാധിച്ചതാകാം പേ വിഷബാധയേറ്റ കുട്ടി മരിക്കാനുള്ള കാരണമെന്ന് കരുതുന്നതായി ആരോഗ്യവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു.

പേ വിഷബാധയ്ക്കെതിരെയുള്ള വാക്സിന്‍ ഫലപ്രദമാണ്. എസ്എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ഏഴ് വയസുകാരി നിയ ഫൈസലിന് നായയുടെ കടിയേറ്റ് ആഴത്തിലുള്ള മുറിവാണ് സംഭവിച്ചത്. നായയുടെ പല്ല് നാഡിയില്‍ പതിച്ചതാകാം വൈറസ് തലച്ചോറില്‍ എത്താന്‍ കാരണമെന്നും ഡിഎംഇയും എസ്എടി സൂപ്രണ്ട് ഡോ. എസ് ബിന്ദുവും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വാക്സിന്‍ ആന്റി ബോഡി ഫലപ്രദമാകുന്നതിന് മുന്‍പ് തന്നെ വൈറസുകള്‍ തലച്ചോറിനെ ബാധിക്കാനും രോഗാവസ്ഥയിലേക്ക് പോകാനും സാധ്യതയുണ്ട്. കുട്ടിക്ക് സംഭവിച്ചത് ഇതാകാം. നാഡിയില്‍ വൈറസ് കയറി കഴിഞ്ഞാല്‍ വാക്സിന്റെ ഗുണം ലഭിക്കുന്നതിന് മുന്‍പ് തന്നെ ഇത് തലച്ചോറില്‍ എത്താം. റാബിസ് വൈറസ് നാഡി വഴി തലച്ചോറിലും നട്ടെല്ലിലും എത്തുന്ന വൈറസ് ആണ്. മുഖം, കഴുത്ത്, കൈ എന്നിവിടങ്ങള്‍ നാഡിയുടെ സാന്ദ്രത കൂടിയ സ്ഥലങ്ങളാണ്. ഇവിടെ നായയുടെ ആക്രമണം ഉണ്ടായാല്‍ നേരിട്ട് നാഡിയില്‍ കടി കിട്ടാനുള്ള സാധ്യതയുണ്ട്.

നാഡിയില്‍ കടിയേല്‍ക്കുക എന്നത് അപൂര്‍വ്വ സംഭവമാണ്. കുട്ടികളെ സംബന്ധിച്ച് ഇത് സംഭവിക്കാമെന്നും ഇരുവരും വ്യക്തമാക്കി. കുട്ടിയുടെ അമ്മയ്ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല എന്നും ഇതുസംബന്ധിച്ച മാധ്യമവാര്‍ത്തകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഡോക്ടര്‍മാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button