
തിരുവനന്തപുരം: ജനങ്ങൾക്ക് ഭരണത്തിന്റെ സ്വാദ് അനുഭവിക്കാൻ കഴിയണമെന്ന് വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പുമേധാവികളും പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വികസനപദ്ധതികളുടെ വിലയിരുത്തലിനും തീർപ്പാക്കാത്ത പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനുമായാണ് യോഗം ചേർന്നത്.
ജനങ്ങൾക്ക് ഭരണത്തിന്റെ സ്വാദ് അനുഭവിക്കാൻ ഒരുപരിധിവരെ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ, പൂർണമായിട്ടില്ല. ഫയലുകൾക്കുപിന്നാലെ പോകേണ്ട സ്ഥിതി മാറണം. വേഗത്തിൽ തീരുമാനമെടുക്കുന്ന സാഹചര്യമാണുണ്ടാകേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സർക്കാർ ഓഫീസുകളിൽ ആവശ്യങ്ങളുമായിവരുന്നവർ ദയയർഹിക്കുന്നവരാണെന്ന തോന്നലുണ്ടാകാൻ പാടില്ല. അവരുടെ അവകാശമാണതെന്ന് തിരിച്ചറിഞ്ഞ് വേഗം തീരുമാനമുണ്ടാകണം. നവകേരളയാത്രയിൽ ജനങ്ങൾ നൽകിയ പരാതികൾക്കും ജില്ലാതലത്തിൽ എംഎൽഎമാരുടെ യോഗത്തിൽ അറിയിച്ച പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments