
എറണാകുളം നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ ന്യായീകരിച്ച് സിഐഎസ്എഫ് വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ശബ്ദ സന്ദേശം. കൊല്ലപ്പെട്ട ഐവിന് ജിജോയെ ഗുണ്ടയായി ചിത്രീകരിക്കാനും ശ്രമം. ഐവിന് അഞ്ച് പോലീസ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് വ്യാജപ്രചാരണം.
ശബ്ദ സന്ദേശം ഗ്രൂപ്പില്‍ ചര്‍ച്ചയായതോടെ ഡിലീറ്റ് ചെയ്തു. റെജി ജോര്‍ജ് എന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.’അവിടെ എന്താണ് സംഭവിച്ചതെന്നും ഇവര്‍ ആരൊക്കെയാണെന്നും അറിഞ്ഞാല്‍ നമ്മള് അത്ഭുതപ്പെട്ടുപോകുമെന്നും വലിയ ഗുണ്ടകളായിരുന്നു അവരെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു. ഇവരുടെ തര്‍ക്കങ്ങള്‍ പേര് പറയാത്ത ഒരു സ്ഥാപനത്തില്‍ വെച്ച് നടന്നുവെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്.
നാലഞ്ച് പേര് ഇറങ്ങിവന്ന് കൈകൊണ്ട് ചില്ലില്‍ അടിച്ചു. ആശുപത്രിയില്‍ കിടക്കുന്ന സാറിന്റെ മുഖത്തിനിട്ട് ഇടിച്ചു. അങ്ങനെ പലതരത്തിലുള്ള ആക്രമണം നടത്തി. വണ്ടിയുടെ ബോണറ്റില്‍ കയറിയിരുന്നപ്പോള്‍ ഇറങ്ങിപ്പോകാന്‍ പറഞ്ഞിട്ട് പോയില്ല. പെട്ടെന്ന് വാഹനം എടുത്തപ്പോള്‍ നാല് പേര് സൈഡിലേക്ക് പോയി. ഒരുത്തന് മാത്രം അതില്‍ കിടന്നു. അവന് ആണെങ്കില്‍ ഇവിടുത്തെ അറിയപ്പെടുന്ന ഗുണ്ടയാണ്. അഞ്ചോളം കേസുണ്ട്. തീര്‍ത്തും അക്രമകാരിയായിരുന്നു. ശല്യം സഹിക്കാതെ സര് അറ്റ കൈക്ക് ചെയ്തതാണ്. ജീവനും കൊണ്ട് ഓടിയപ്പോള്‍ അവന് ആ ബോണറ്റില്‍ കിടന്നു. പിന്നെ ഇവനെ കൊല്ലാതെ പറ്റില്ലായിരുന്നു’ എന്നായിരുന്നു ശബ്ദസന്ദേശത്തില്‍ പറയുന്നത്.
അതേസമയം, വണ്ടിയിടിച്ച് കൊലപ്പെടുത്തിയതിന് ശേഷവും ഐവിന് എതിരെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണം എന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്.
Post Your Comments