
മലപ്പുറം നിലമ്പൂർ കാളികാവിൽ ഇറങ്ങിയ നരഭോജി കടുവയ്ക്കായുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുന്നു. കടുവയെ കണ്ടെത്തുന്നതിനായി മൂന്ന് ലൈവ് സ്ട്രീം ക്യാമറകൾ കൂടി പ്രദേശത്ത് സ്ഥാപിച്ചു. കടുവയുടെ കാൽപ്പാടുകൾ കണ്ട പ്രദേശങ്ങളിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചു.
മഞ്ഞൾപാറ, കേരള എസ്റ്റേറ്റ്, സിറ്റി എസ്റ്റേറ്റ് എന്നീ ഭാഗങ്ങളിലാണ് ക്യാമറകൾ വയ്‌ക്കുക. അതിനായി പറമ്പിക്കുളത്തു നിന്ന് 30 ക്യാമറകൾ എത്തിക്കും.20 പേർ അടങ്ങുന്ന മൂന്നു സംഘങ്ങളായാണ് ഇപ്പോൾ തിരച്ചിൽ. കടുവയെ കാണുന്ന പ്രദേശത്ത് തിരച്ചിൽ നടത്താൻ രണ്ടു കുങ്കിയാനകളെ തയ്യാറാക്കി നിർത്തിയിട്ടുണ്ട്. തിരച്ചിലിന് മഴ പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. കടുവയെത്താൻ സാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളിലും ക്യാമറ സ്ഥാപിച്ച് കടുവ സാന്നിധ്യമുള്ള സ്ഥലം കണ്ടെത്തുക എന്നതാണ് വനംവകുപ്പ് ആദ്യം ലക്ഷ്യമിടുന്നത്.
അതേസമയം, നരഭോജി കടുവയെ ഇതുവരെ കണ്ടെത്താൻ സാധിക്കാത്തതിൽ വനംവകുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം കനക്കുകയാണ്. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്നും കടുവയെ പേടിച്ച് പുറത്തിറങ്ങാൻ സാധിക്കുന്നില്ലെന്നും കാളികാവ് നിവാസികൾ പറയുന്നു.
മെയ് 15ന് കാളികാവ് അടയ്ക്കാക്കുണ്ടിൽ റബ്ബർ ടാപ്പിംഗിനെത്തിയ രണ്ടുപേർക്ക് നേരെ കടുവ പാഞ്ഞടുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ കടിച്ചുവലിക്കുകയായിരുന്നു.
Post Your Comments