
കൊച്ചി : രണ്ട് ദിവസം മുമ്പ് കേരള തീരത്ത് മുങ്ങിയ ലൈബീരിയൻ കാർഗോ കപ്പലിൽ നിന്ന് എണ്ണ ചോർച്ച കേരള തീരത്തേക്ക് എത്തിയിട്ടില്ലെന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. കപ്പൽ മുങ്ങിയതിനെത്തുടർന്നുണ്ടായ എണ്ണ ചോർച്ച നിയന്ത്രിക്കാൻ കോസ്റ്റ് ഗാർഡ് ശ്രമങ്ങൾ നടത്തി വരികയാണെന്നും ഡിഫൻസ് പി ആർ ഒ എക്സിൽ അറിയിച്ചു. മണിക്കൂറിൽ ഏകദേശം മൂന്ന് കിലോമീറ്റർ വേഗതയിൽ ഇന്ധനം ഒഴുകി നീങ്ങുന്നതിനാൽ എണ്ണ ചോർച്ച കേരള തീരത്തെത്തുമോ എന്ന ആശങ്ക തിങ്കളാഴ്ച ഉണ്ടായിരുന്നു.
‘എണ്ണ ചോർച്ചയുമായി ബന്ധപ്പെട്ട സാഹചര്യം നിലവിൽ കോസ്റ്റ് ഗാർഡ് നിയന്ത്രിക്കുകയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് 1:30 വരെയുള്ള കണക്കനുസരിച്ച്, എണ്ണ കേരള തീരത്തേക്ക് എത്തിയിട്ടില്ല’ – എക്സ് പോസ്റ്റിൽ പറയുന്നു. അപകടം നടന്ന ദിവസം തന്നെ, കോസ്റ്റ് ഗാർഡ് പട്രോൾ കപ്പലുകൾ നിരീക്ഷണത്തിനായി വിന്യസിക്കുകയും നിരീക്ഷണവും ചോർച്ച ലഘൂകരണ ശ്രമങ്ങളും ഊർജ്ജിതമാക്കുകയും ചെയ്തതായും ഐസിജി അറിയിച്ചു.
കൊച്ചി തീരത്ത് നിന്ന് 15 നോട്ടിക്കൽ മൈൽ അകലെ ഞായറാഴ്ച പുലർച്ചെയാണ് ലൈബീരിയൻ കണ്ടെയ്നർ കപ്പലായ എം എസ് സി എൽസ മൂന്ന് (MSC ELSA 3) മുങ്ങിയത്. അപകടകരമായ 13 കണ്ടെയ്നറുകളും 12 കാൽസ്യം കാർബൈഡ് കണ്ടെയ്നറുകളും ഉൾപ്പെടെ 640 കണ്ടെയ്നറുകളുമായാണ് കപ്പൽ മുങ്ങിയത്. 84.44 മെട്രിക് ടൺ ഡീസലും 367.1 മെട്രിക് ടൺ ഫർണസ് ഓയിലും ഇതിൽ നിറച്ചിരുന്നതായി പ്രതിരോധ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.
അപകടസ്ഥലത്ത് ഓയിൽ പടർന്നതായി കണ്ടെത്തിയതായും മന്ത്രാലയം അറിയിച്ചിരുന്നു. ലൈബീരിയൻ കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷപ്പെടുത്തിയിരുന്നു.
Post Your Comments