Latest NewsNewsIndia

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു : തീവ്രത കുറഞ്ഞതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഐസിഎംആർ

LF.7, XFG, JN.1, NB.1.8.1 എന്നിവയാണ് രാജ്യത്ത് പുതുതായി കണ്ടെത്തിയ വകഭേദങ്ങൾ

ന്യൂഡൽഹി : രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കോവിഡ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തിയെങ്കിലും, നിലവിൽ രോഗത്തിന്റെ തീവ്രത കുറവാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) ഡയറക്ടർ ജനറൽ ഡോ. രാജീവ് ബെൽ അറിയിച്ചു. പടിഞ്ഞാറൻ, തെക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സാമ്പിളുകളുടെ ജനിതക സീക്വൻസിംഗ് പ്രകാരം പുതിയ വകഭേദങ്ങൾ തീവ്രത കുറഞ്ഞ ഒമിക്രോൺ ഉപ വകഭേദങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി.

LF.7, XFG, JN.1, NB.1.8.1 എന്നിവയാണ് രാജ്യത്ത് പുതുതായി കണ്ടെത്തിയ വകഭേദങ്ങൾ. ഇതിൽ ആദ്യത്തെ മൂന്നെണ്ണത്തിനാണ് കൂടുതൽ വ്യാപനമുള്ളതെന്ന് ഡോ. ബെൽ പറഞ്ഞു. മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള സാമ്പിളുകൾ സീക്വൻസിംഗ് ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കൂടുതൽ വകഭേദങ്ങൾ ഉണ്ടോ എന്ന് അറിയാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേസുകളിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ആദ്യം തെക്കൻ സംസ്ഥാനങ്ങളിലും പിന്നീട് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും ഇപ്പോൾ വടക്കൻ സംസ്ഥാനങ്ങളിലുമാണ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. ഈ കേസുകളെല്ലാം ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം (IDSP) വഴി നിരീക്ഷിച്ചുവരികയാണ്.

കൂടാതെ, ഐ സി എം ആറിന്റെ രാജ്യവ്യാപകമായ റെസ്പിറേറ്ററി വൈറസ് സെന്റിനൽ സർവൈലൻസ് നെറ്റ്‌വർക്ക് പുതിയ അണുബാധകളെയും രോഗാണുക്കളെയും നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് കോവിഡ് കേസുകൾ രണ്ട് ദിവസത്തിനുള്ളിൽ ഇരട്ടിയായിരുന്നുവെങ്കിൽ ഇത്തവണ കേസുകൾ അത്ര വേഗത്തിൽ കൂടുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ഒമിക്രോൺ ഉപവകഭേദങ്ങളെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ: 

LF.7: ലോകാരോഗ്യ സംഘടന (WHO) ഇതിനെ ഒരു ‘വേരിയന്റ് അണ്ടർ മോണിറ്ററിംഗ്’ (VUM) ആയി തരംതിരിച്ചിട്ടുണ്ട്. ഇതിന്റെ മ്യൂട്ടേഷനുകൾക്ക് വൈറസിന്റെ സ്വഭാവത്തെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ ഇത് സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നു. LF.7, JN.1 വകഭേദത്തിൽ നിന്ന് രൂപാന്തരപ്പെട്ടതാണ് ഈ ഉപവകഭേദം.

XFG: JN.1-ന്റെ ഒരു ഉപവകഭേദമായ XFG, ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ആരോഗ്യ ഉദ്യോഗസ്ഥർ സജീവമായി നിരീക്ഷിച്ചുവരികയാണ്. ഒരു ചൈനീസ് പഠനം അനുസരിച്ച്, XFG-യും മറ്റ് വകഭേദങ്ങളും LP.8.1.1 നെക്കാൾ വർദ്ധിച്ച വളർച്ചാ സാധ്യത കാണിക്കുന്നു. ഇത് ഭാവിയിലെ വ്യാപന തരംഗങ്ങളിൽ ആധിപത്യം സ്ഥാപിക്കാനുള്ള സാധ്യതയുമുണ്ട്.

NB.1.8.1: ലോകാരോഗ്യ സംഘടന ഈ ഉപവകഭേദത്തിനും VUM പദവി നൽകിയിട്ടുണ്ട്. ഈ വകഭേദത്തിന്റെ ആദ്യത്തെ സാമ്പിൾ 2025 ജനുവരി 22-നാണ് ശേഖരിച്ചത്. ഈ ഉപവകഭേദം അതിവേഗം വളരുകയാണെന്ന് WHO നിരീക്ഷിച്ചിട്ടുണ്ട്. മുൻകാല വകഭേദങ്ങളെ അപേക്ഷിച്ച് ഇതിന് ഉയർന്ന വ്യാപന നിരക്ക് ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button