KeralaLatest News

ഇന്നും അതിതീവ്ര മഴ, നാല് ജില്ലകളിൽ സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. തൃശ്ശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, വയനാട്, കോട്ടയം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. കോഴിക്കോടും ആലുവയിലും കനത്ത മഴയെ തുടർന്ന് റെയിൽവേ ട്രാക്കിലേക്ക് മരം കടപുഴകി വീണു. കോഴിക്കോട് അരീക്കാടുണ്ടായ ചുഴലിക്കാറ്റിൽ റെയിൽവേ ട്രാക്കിലേക്ക് മൂന്നു മരങ്ങൾ കടപുഴകി വീണു. വീടിന്റെ മേൽക്കൂര റെയിൽവേ ട്രാക്കിലേക്ക് പറന്നുവീണു. റെയിൽവേ ട്രാക്കിന്റെ വൈദ്യുതി ലൈൻ ഉൾപ്പെടെ കാറ്റിൽ തകർന്നു. അപകടത്തെ തുടർന്ന് ട്രെയിൻ സർവീസുകൾ താറുമാറായി.

കൊച്ചി ആലുവ അമ്പാട്ടുകാവിൽ റെയിൽവേ ട്രാക്കിലേക്ക് മരം വീണു. ഇരുഭാ​ഗത്തേക്കുമുള്ള ട്രാക്കുകളിലും മരം വീണതോടെ ട്രെയിൻ ​ഗതാ​ഗതത്തെ ബാധിച്ചു. നിരവധി ട്രെയിനുകൾ വൈകി ഓടിക്കൊണ്ടിരിക്കുകയാണ്. ബംഗാൾ ഉൾക്കടലിന് മുകളിലായി ഇന്ന് മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

മാറാത്തവാഡക്ക് മുകളിലായി നിലവിൽ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു. ഇന്ന് മധ്യ പടിഞ്ഞാറൻ – വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യുനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button