Parayathe Vayya

ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ അഭിപ്രായം പറയാന്‍ കോടതിക്കും അവിശ്വാസികള്‍ക്കും എന്തുകാര്യം?

പി.ആര്‍ രാജ്

ഏത് മതസമുദായത്തില്‍പ്പെട്ടവരായാലും വിശ്വാസികളെ സംബന്ധിച്ചു അവര്‍ ആരാധിക്കുന്ന പ്രതിരൂപങ്ങള്‍ അവര്‍ക്ക് ഏറെ പവിത്രമാണ്. ഓരോ പ്രതിരൂപങ്ങള്‍ക്കും അതിന്റേതായ സങ്കല്‍പവും ആചാരരീതികളും ഉണ്ടെന്ന് അവര്‍ വിശ്വസിക്കുന്നു. ഈ ആചാരരീതികളോ വിശ്വാസപ്രമാണങ്ങളോ ഒന്നും ചിലപ്പോള്‍ ഒരു ഗ്രന്ഥത്തിലും എഴുതി വച്ചിട്ടുള്ളത് ആയിരിക്കണമെന്നില്ല. പൂര്‍വികരായി പരിപാലിച്ചു പിന്തുടര്‍ന്നുപോന്ന ഒരു രീതി മാത്രമായിരിക്കും അത്. വാസ്തവം അതായിരിക്കേ, ഒരു മതവിശ്വാസി കാലങ്ങളായി പുലര്‍ത്തിപ്പോരുന്ന ഈശ്വര വിശ്വാസത്തിനു തെളിവു ചോദിക്കുകയും വിശ്വാസികളല്ലാത്തവര്‍ അതിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നത് ഏറ്റവും വലിയ നെറികേടു തന്നെയാണ്. ആ നെറികേടിന്റെ മറ്റൊരു രൂപമാണ് ഇപ്പോള്‍ വീണ്ടും സജീവമായിരിക്കുന്ന ശബരിമലയിലെ സ്ത്രീ പ്രവേശന വിവാദം.

ഒരു മത സമുദായത്തിന്റെ വിശ്വാസത്തിന്‍മേല്‍ നിരീക്ഷണം നടത്താന്‍ സുപ്രീംകോടതിക്ക് എന്താണ് അധികാരം? മതസ്ഥാപനത്തിന്റെ മേലുള്ള സിവില്‍, ക്രിമിനല്‍ നടപടി ക്രമങ്ങളില്‍ ഭരണഘടന അനുശാസിക്കുന്ന നിയമപ്രകാരം കോടതി അഭിപ്രായം പറയുന്നതില്‍ തെറ്റില്ല. പക്ഷേ വിശ്വാസം എന്നത് നിയമപരമായി നിര്‍വചിക്കപ്പെടാന്‍ കഴിയാത്ത ഒന്നാണെന്നിരിക്കേ, ആ വിശ്വാസത്തിന്‍മേലുള്ള കടന്നുകയറ്റത്തിനു തക്കം പാര്‍ത്തിരിക്കുന്ന ഫാസിസ്റ്റ് ബൂര്‍ഷ്വാശക്തികള്‍ക്കു സ്വന്തം അജണ്ട നടപ്പാക്കാനുള്ള ഒരു വഴി ഒരുക്കുകയായിരുന്നു കോടതി പരാമര്‍ശം എന്നു പറയേണ്ടിയിരിക്കുന്നു.

ഏത് കോടതി എന്തുവിധി പുറപ്പെടുവിച്ചാലും വിശ്വാസികളായ ആര്‍ത്തവമതികളായ ഒരു സ്ത്രീയും ശബരിമലയില്‍ പ്രവേശിക്കില്ല എന്നുറപ്പാണ്. അത് അവരുടെ വ്യക്തിപരമായ ഈശ്വരവിശ്വാസത്തെ അവര്‍ അത്രത്തോളം വിലകല്‍പിക്കുന്നതു കൊണ്ടാണ്. അതേസമയം വിശ്വാസികളാത്ത സ്ത്രീകള്‍ മാത്രം ശബരിമല പ്രവേശനത്തിനു തുനിഞ്ഞെന്നു വരാം. അത് അവരില്‍ ഭക്തി വരിഞ്ഞൊഴുകുന്നതു കൊണ്ടല്ല, മറിച്ച് ബോധപൂര്‍വം വിശ്വാസരഹിതമായ മറ്റു അജണ്ടകള്‍ നടപ്പിലാക്കാനാണെന്നു മാത്രം. ശബരിമലക്ഷേത്രം ഒരു ടൂറിസ്റ്റ് കേന്ദ്രമല്ല എന്ന് കോടതികളും ഇവിടത്തെ കമ്മ്യൂണിസ്റ്റ് വാദികളും മനസിലാക്കണം. അത് ഒരു മതത്തിന്റെ, ആ മതത്തില്‍ വിശ്വസിക്കുന്നവരുടെ മാത്രം ആരാധനാലയം ആണ്. അവിടെ പോകേണ്ടത് തീര്‍ഥാടന മനസുമായിട്ടാണ്. അല്ലാതെ സുഖവാസ മനസുമായിട്ടല്ല.

ശബരിമലയില്‍ ആര്‍ത്തവമതികളായ സ്ത്രീകള്‍ പ്രവേശിക്കാന്‍ പാടില്ല എന്നത്, വിശ്വാസിയുടെ ഭാഷയില്‍ അവിടത്തെ പ്രതിഷ്ഠയായ അയ്യപ്പനുമായി ബന്ധപ്പെട്ടുള്ളതാണെന്നു പഴമക്കാര്‍ പറയുന്നത്. ശബരിമല ക്ഷേത്രത്തില്‍ പ്രതിഷ്ഠിതനായ അയ്യപ്പന്‍ ബ്രഹ്ചാരിയാണെന്നാണു സങ്കല്‍പം. അതുകൊണ്ടുതന്നെ ബാലികമാരും വൃദ്ധരും അല്ലാതെയുള്ള സ്ത്രീകളുടെ സാമിപ്യം ബ്രഹ്മചര്യനിഷ്ഠങ്ങള്‍ തെറ്റാന്‍ ഇടയാക്കുമെന്ന സങ്കല്‍പം ആയിരിക്കാം ശബരിമല അയ്യപ്പന്റെ കാര്യത്തിലും പൂര്‍വികര്‍ വിശ്വസിച്ചുപോന്നിരുന്നത്. അത് എന്തായാലും, വിശ്വാസികളുടെ മാത്രം അഭിപ്രായത്തില്‍തന്നെയാണു ഓരോ ആരാധനാലയങ്ങളിലെയും ആചാരരീതികള്‍ തുടരേണ്ടത്. അതിനെ അട്ടിമറിക്കാന്‍ വിശ്വാസികളല്ലാത്തവര്‍ക്ക് എന്താണ് കാര്യം?

ശബരിമലയിലെ വിശ്വാസങ്ങളെ ബോധപൂര്‍വം അട്ടിമറിക്കാന്‍ ഹിന്ദുസമുദായജാതരായ ചിലര്‍ തന്നെയാണു ശ്രമിക്കുന്നത്. രാഷ്ട്രീയ പിന്‍ബലത്തോടെ നടക്കുന്ന ഇത്തരം നീക്കങ്ങളെ എന്തുവിലകൊടുത്തും ചെറുത്തു തോല്‍പ്പിക്കേണ്ടത് വിശ്വാസികളായ ബഹുഭൂരിപക്ഷത്തിന്റെയും ആവശ്യമാണ്. ഇന്ത്യയെന്നത് മതനിരപേക്ഷ രാജ്യമാണ് എന്നതുപോലെ തന്നെ, ഇവിടത്തെ ഓരോ മതങ്ങള്‍ക്കും, ഓരോ മതവിശ്വാസികള്‍ക്കും അവരുടെ വിശ്വാസങ്ങള്‍ പരിപാലിക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടന നല്‍കുന്നുണ്ട്. മാത്രമല്ല, ഓരോ ആരാധനാലയങ്ങള്‍ക്കും അതിന്റേതായ പ്രത്യേകം ആചാരങ്ങളും രീതികളുമുണ്ട് എന്നതാണ് കീഴ്‌വഴക്കം. അത് ആര് എപ്പോള്‍ എന്നു സൃഷ്ടിച്ചതെന്നു പറയാനാകാത്തവിധം പരമ്പരാഗതമായി തുടര്‍ന്നുപോരുന്നതാണ്. അഹിന്ദുക്കള്‍ക്കു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കുന്നതുപോലെ മാത്രമാണു ആര്‍ത്തവമതികളായ സ്ത്രീകള്‍ക്കു ശബരിമല ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കുന്നതും. ഞാന്‍ വിശ്വാസിയല്ല എന്നുകരുതി മറ്റുള്ളവരുടെ വിശ്വാസങ്ങളുടെമേല്‍ കുതിര കേറാന്‍ അവകാശമുണ്ടെന്നു ധരിക്കുന്നത് ശരിയല്ല. നിയമപരമായ ഇടപെടലിലൂടെ ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കാന്‍ താല്‍പര്യപ്പെടുന്ന സുപ്രീംകോടതിയോട് ശബരിമല ടൂറിസ്റ്റ് കേന്ദ്രമല്ല എന്നുമാത്രമേ പറയാനുള്ളൂ. അല്ലെങ്കില്‍ ഇന്ത്യയിലെ മുഴുവന്‍ മതങ്ങളുടെയും ആരാധനാലയങ്ങളില്‍ സ്ത്രീപുരുഷജാതിമതവര്‍ഗപ്രായ ഭേദമന്യേ മുഴുവന്‍പേര്‍ക്കും എപ്പോള്‍ വേണമെങ്കിലും പ്രവേശിക്കാമെന്നു പ്രസ്താവിക്കാന്‍ ധൈര്യംകാട്ടിയാല്‍ ആ കോടതിവിധിയെ നിരുപാധികം അംഗീകരിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button