KeralaCinemaMollywoodLatest NewsNewsEntertainment

പല ആരാധനാ വിഗ്രഹങ്ങളും ഉടഞ്ഞു വീഴും, തിരഞ്ഞെടുപ്പായാൽ പിണറായി സർക്കാർ റിപ്പോർട്ട് പുറത്തുവിടും: പരിഹസിച്ച് പാർവതി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ സിനിമാ മേഖലയിലെ ആരാധനാ വിഗ്രഹങ്ങൾ പലതും ഉടഞ്ഞു വീഴുമെന്ന് നടി പാർവതി തിരുവോത്ത്. പ്രമുഖരായ പല വ്യക്തികളുടെയും യഥാര്‍ത്ഥ സ്വഭാവം പുറത്തറിയുമെന്നും അതുകൊണ്ട് തന്നെ, റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ ഇക്കൂട്ടർ പല ശ്രമങ്ങളും നടത്തുന്നുണ്ടെന്നും പാർവതി പറഞ്ഞു. തങ്ങൾക്ക് നേരെ ഉണ്ടായ അപമര്യാദാപരമായ പെരുമാറ്റത്തെ കുറിച്ച്, സിനിമാ മേഖലയിലെ സ്ത്രീകള്‍ തുറന്നു പറയാത്തത് മറ്റ് ചിലര്‍ക്ക് ഗുണം ചെയ്യുന്നുണ്ടെന്നും പാർവതി നിരീക്ഷിച്ചു. സൂര്യ ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് പാർവതി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

‘റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ നമ്മള്‍ ആരാധിക്കുന്ന പല വിഗ്രഹങ്ങളും ഉടയും. ഇങ്ങനെ ഒരു കമ്മിറ്റി ഉണ്ടായാല്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ അതില്‍ നിന്നും പിന്നോട്ട് പോവുമെന്നതിനാലാണ് അത് ചോദിക്കുന്നത്. ഞാന്‍ ജോലി ചെയ്യുന്ന തൊഴിലിടത്തെ പ്രശ്‌നങ്ങള്‍ തുറന്നു പറഞ്ഞപ്പോള്‍ അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് ഭീഷണിയുണ്ടായി. ആദ്യ കാലത്ത് ചിലരുടെ മോശം പെരുമാറ്റത്തെ പറ്റി പറഞ്ഞപ്പോള്‍ അത് കുഴപ്പമില്ല അവരങ്ങനെയായിപ്പോയി വിട്ടേക്ക് എന്ന തരത്തിലാണ് മറുപടി ലഭിച്ചത്. പിന്നീട് എന്റെ സഹപ്രവര്‍ത്തകരായ സഹോദരിമാര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായതായി മനസ്സിലായി. ഇന്‍ഡസ്ട്രിയില്‍ നിന്നും പരിഹാരം കാണാനാവാഞ്ഞതോടെ ഞങ്ങള്‍ കോടതിയെ സമീപിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം സിനിമ മേഖലയില്‍ ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി വേണമെന്ന് റിപ്പോര്‍ട്ട് വന്നു. ആ രണ്ട് വര്‍ഷത്തിനുള്ളില്‍ സിനിമാ മേഖലയിലെ പ്രമുഖരായ എല്ലാവരും ഇത്തരമൊരു ആവശ്യത്തെ എതിര്‍ത്തു. പരാതി പരിഹാര സെല്‍ ഇല്ലാത്തത് ആര്‍ക്കാണ് ഗുണം ചെയ്യുന്നതെന്ന ചോദ്യമാണ് ഇതുയര്‍ത്തുന്നത്’, പാർവതി വ്യക്തമാക്കുന്നു.

Also Read:3.75 കോടി മുടക്കി ഒന്നര വര്‍ഷം മുന്‍പ് നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടം പൊളിക്കുന്നു: തൊട്ടാല്‍ സിമന്റ് പൊളിയുന്ന പണി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടാത്ത പിണറായി സര്‍ക്കാരിനെയും പാർവതി വിമർശിച്ചു. സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തു വിടുന്നില്ലെന്നും, തിരഞ്ഞെടുപ്പെത്തിയാല്‍ സ്ത്രീ സൗഹൃദമാവുന്ന സര്‍ക്കാര്‍ അപ്പോള്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് പുറത്തു വിടുമെന്നും പാര്‍വതി പറഞ്ഞു. ‘റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നീട്ടിക്കൊണ്ട് പോവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കമ്മിറ്റികള്‍ക്ക് ശേഷം കമ്മിറ്റി. മൂന്ന് വര്‍ഷം നമ്മള്‍ കാത്തിരുന്നു. അതിനു ശേഷം അവര്‍ മറ്റൊരു കമ്മിറ്റി വെക്കുന്നു. അത് കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനു ശേഷം ഈ കമ്മിറ്റി പഠിച്ചത് പഠിക്കാന്‍ വേറൊരു കമ്മിറ്റി വേണമെന്ന് പറയും. നമുക്ക് തിരഞ്ഞെടുപ്പ് അടുക്കുന്നത് വരെ കാത്തിരിക്കാം. പെട്ടെന്ന് ആ റിപ്പോര്‍ട്ട് പുറത്തു വരും. ഉടൻ അവർ സ്ത്രീ സൗഹൃദ സര്‍ക്കാരാവും,’ പാര്‍വതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button