KeralaLatest NewsNews

സർക്കാർ ഫയലുകളിലെ തീരുമാനം നീതിപൂർവകവും വേഗത്തിലുമാക്കണം: മുഖ്യമന്ത്രി

 

 

തിരുവനന്തപുരം: ജനങ്ങൾക്ക് അവകാശങ്ങളും അർഹമായ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനു സർക്കാർ ഓഫീസുകളിലെ ഫയലുകളിലെ തീരുമാനം നീതിപൂർവകവും സുതാര്യവും വേഗത്തിലുമാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിരഹിത സിവിൽ സർവീസ് എന്ന ലക്ഷ്യം പരമപ്രധാനമാണ്.

പൊതുസേവനത്തിലെ അഴിമതി തുടച്ചുനീക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. തീരുമാനമെടുക്കുന്നതിലെ കാലതാമസവും പ്രശ്‌നപരിഹാരം മാറ്റിവയ്ക്കുന്നതും ചെയ്യുന്ന ജോലിയോടുള്ള നീതികേടും അഴിമതിയുംതന്നെയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സർക്കാർ ഓഫീസുകളിലെ കെട്ടിക്കിടക്കുന്ന ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ജീവനക്കാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുസമൂഹത്തിന്റെയും സർക്കാർ സംവിധാനത്തിന്റെയും പ്രതിനിധികൾ എന്ന നിലയിൽ സർക്കാർ ജീവനക്കാർക്കു ഭാരിച്ച ഉത്തരവാദിത്തമാണു സമൂഹത്തോടുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു. സമയബന്ധിതമായും കാര്യക്ഷമമായും ഫയൽ തീർപ്പാക്കുന്നതു സർക്കാർ സേവനത്തിന്റെ അവിഭാജ്യഘടകമാണ്. ഫയലുകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിന്റെ പേരിൽ ഇനിയും ഫയൽ തീർപ്പാക്കൽ യജ്ഞങ്ങൾ ആവശ്യമായി വരരുത്. സർക്കാർ നയപരിപാടികൾ നടപ്പാക്കുന്നതു ജീവനക്കാരിലൂടെയാണ്. കാര്യക്ഷമവും ശുഷ്‌കാന്തിയുള്ളതുമായ സിവിൽ സർവീസ് ഭരണത്തിന്റെ പ്രതിച്ഛായ നിശ്ചയിക്കുന്നതിൽ നിർണായകമാണ്. സർക്കാർ ജീവനക്കാരുടെ പ്രവൃത്തികളാണു സർക്കാരിനോടുള്ള ജനങ്ങളുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനം.

ഫയൽ തീർപ്പാക്കൽ കാര്യക്ഷമമാക്കുന്നതിന് എല്ലാ ജീവനക്കാരുടേയും സഹകരണം ആവശ്യമാണെന്നു ചടങ്ങിൽ പങ്കെടുത്ത ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി പറഞ്ഞു. കോവിഡ് കാലഘട്ടത്തിലുണ്ടായ നിയന്ത്രണങ്ങൾകൊണ്ടു പല ഓഫീസുകളിലും ഫയലുകൾ കെട്ടിക്കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണു ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം നടപ്പാക്കുന്നത്. ഫയൽ തീർപ്പാക്കലുമായി ബന്ധപ്പെട്ടു സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിലെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണെന്നും അദ്ദേഹം അഭ്യർഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button