KeralaLatest NewsNews

5 വയസുകാരിയെ പീഡിപ്പിച്ച 86-കാരനെതിരെ പരാതി നൽകിയതിന് കുടുംബത്തിന് പോലീസ് ഭീഷണി

ആലപ്പുഴ: അഞ്ച് വയസുകാരിയായ മകളെ പീഡിപ്പിച്ച വൃദ്ധനെതിരെ പരാതി നൽകാനെത്തിയ വീട്ടമ്മയെ പോലീസ് ഭീഷണിപ്പെടുത്തിയതായി പരാതി. പരാതിയില്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും പരാതി നല്‍കിയതിന് ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപണം. ആലപ്പുഴ ചേര്‍ത്തല പോലീസിനെതിരേയാണ് കുട്ടിയുടെ അമ്മ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അഞ്ചുവയസ്സകാരിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് 86-കാരനെതിരെയാണ് കുട്ടിയുടെ അമ്മ ചേര്‍ത്തല പോലീസില്‍ പരാതി നല്‍കിയിരുന്നത്.

പരാതി നൽകിയപ്പോൾ സി.ഐ ആദ്യം ഭീഷണിപ്പെടുത്തിയെന്നും പരാതി സ്വീകരിക്കാൻ തയ്യാറായില്ലെന്നും യുവതി ആരോപിക്കുന്നു. പരാതി നൽകിയാൽ കുട്ടിയെ എവിടെയെല്ലാം കൊണ്ടുപോകണമെന്ന് അറിയാമോ എന്ന് സി.ഐ ചോദിച്ചെന്നും യുവതി പറയുന്നു. കുഞ്ഞിനെവെച്ച് വിലപേശാന്‍ നില്‍ക്കേണ്ടെന്നും അതാണ് ഉദ്ദേശ്യമെങ്കില്‍ നടക്കില്ലെന്നുമായിരുന്നു സി.ഐ.യുടെ വാക്കുകള്‍.

സംഭവത്തെ കുറിച്ച് യുവതി പറയുന്നതിങ്ങനെ:

അപ്പൂപ്പന്‍ ചേച്ചിമാരുടെ ഉടുപ്പില്ലാത്ത വീഡിയോകള്‍ കാണിച്ചെന്നും അങ്ങനെയുള്ള തന്റെ ഫോട്ടോ എടുത്തെന്നും കുഞ്ഞ് പറഞ്ഞിരുന്നു. മിഠായി വാങ്ങിനല്‍കി ഉപദ്രവിച്ചതായും അധ്യാപികമാരോട് പറഞ്ഞു. അധ്യാപികമാരാണ് കുഞ്ഞ് പറയുന്നകാര്യം ഗൗരവമേറിയതാണെന്നും പോലീസില്‍ പരാതിപ്പെടണമെന്നും പറഞ്ഞത്. തുടര്‍ന്ന് മുഹമ്മ സ്റ്റേഷനിലേക്ക് പറഞ്ഞുവിട്ടു. അവിടെ പോയപ്പോള്‍ തങ്ങളുടെ സ്‌റ്റേഷന്‍ പരിധിയില്‍ അല്ലെന്നും ചേര്‍ത്തല സ്റ്റേഷനിലാണ് പരാതി നല്‍കേണ്ടതെന്നും പോലീസുകാര്‍ പറഞ്ഞു. അതനുസരിച്ച് ചേര്‍ത്തലയില്‍ ആറാം തീയതി പരാതി കൊടുത്തെങ്കിലും കേസെടുത്തില്ല. എട്ടാം തീയതി കൗണ്‍സിലിങ് നല്‍കി പറഞ്ഞുവിട്ടു.

കേസെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇതിന്റെ ഭവിഷ്യത്ത് എന്താണെന്ന് അറിയാമോ, കുഞ്ഞിനെ എവിടെയെല്ലാം കൊണ്ടുപോകണമെന്ന് അറിയാമോ എന്നെല്ലാമാണ് സി.ഐ ചോദിച്ചത്. അതൊന്നും കുഴപ്പമില്ല, എന്റെ കുഞ്ഞിന് സംഭവിച്ചത് വേറെ കുഞ്ഞിന് വരരുത്, എവിടെ വേണമെങ്കിലും കൊണ്ടുപോകാമെന്ന് സി.ഐ.യ്ക്ക് മറുപടി നല്‍കി. അതോടെ സി.ഐ. കുപിതനായി. കുഞ്ഞിനെവെച്ച് വിലപേശാന്‍ നില്‍ക്കേണ്ടെന്നും അതാണ് ഉദ്ദേശ്യമെങ്കില്‍ നടക്കില്ലെന്ന് പറഞ്ഞു.

അഞ്ചുവയസ്സേയുള്ളൂ അവള്‍ക്ക്, അവളെ വിറ്റ് കാശുണ്ടാക്കേണ്ട ആവശ്യമില്ലെന്നായിരുന്നു എന്റെ മറുപടി. അതോടെ പരാതിയില്‍ കേസെടുക്കാമെന്നും വിളിപ്പിക്കാമെന്നും പറഞ്ഞ് സി.ഐ. വിട്ടയച്ചു. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടിയൊന്നും ഉണ്ടായില്ല. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതിയുടെ പ്രായം നോക്കേണ്ടേ എന്നാണ് എസ്.ഐ പറഞ്ഞത്. തെളിവൊന്നും ഇല്ലെന്നും അഞ്ചുവയസ്സുള്ള കുട്ടിയുടെ മൊഴി കേട്ട് മാത്രം നടപടിയെടുക്കാനാകില്ലെന്നും എസ്.ഐ. പറഞ്ഞു. സംഭവത്തില്‍ എസ്.പി.ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും തങ്ങള്‍ക്ക് നീതി കിട്ടുമോയെന്ന് അറിയില്ലെന്നും കുട്ടിയുടെ അമ്മ പ്രതികരിച്ചു. മാതൃഭൂമിയോടായിരുന്നു ഇവരുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button