KeralaLatest NewsIndia

ജനാധിപത്യം പൂർണമായും തകർന്ന അവസ്ഥ, ത്രിപുരയിൽ പ്രതിപക്ഷ അണികള്‍ ക്രൂരമായി അക്രമിക്കപ്പെടുന്നു: എഎ റഹീം

ത്രിപുരയില്‍ ജനാധിപത്യം പൂർണമായും തകർന്ന അവസ്ഥയാണെന്ന് എ എ റഹീം എംപി. രാഷ്ട്രീയ എതിരാളികളായുള്ള മുഴുവൻ ആളുകളുടെയും വീടുകൾ തിരഞ്ഞുപിടിച്ച് ആക്രമണം നടത്തിയിരിക്കുന്നുവെന്നും റഹിം പറഞ്ഞു. രാജ്യത്ത് ക്രമസമാധാനം പൂർണമായും തകർന്ന അവസ്ഥയിലാണ്. നാളെയും സന്ദർശനം തുടരും. മൂന്ന് ടീമുകളായി തിരിഞ്ഞാണ് പ്രതിപക്ഷ എംപിമാരുടെ സംഘം സന്ദർശനം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എഎ റഹീമിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ:

പ്രിയപ്പെട്ടവരെ ത്രിപുരയിൽ ബിജെപി അക്രമം അഴിച്ചുവിട്ട പ്രദേശങ്ങളിൽ ഞങ്ങളുടെ സന്ദർശനം തുടരുകയാണ്. ജനാധിപത്യം പൂർണമായും തകർന്ന അവസ്ഥയാണ് ഇവിടെ കാണാൻ കഴിയുന്നത്. രാഷ്ട്രീയ എതിരാളികളായുള്ള മുഴുവൻ ആളുകളുടെയും വീടുകൾ തിരഞ്ഞുപിടിച്ച് ആക്രമണം നടത്തിയിരിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലെ ദാരുണമായ സംഭവങ്ങൾ നടന്ന സ്ഥലങ്ങൾ നേരിട്ട് കണ്ടു ബിജെപി അക്രമത്തിന്റെ ഭീകരത മനസ്സിലാക്കി. സിപിഐഎം പ്രവർത്തകരുടെ വീടുകൾ അഗ്നിക്കിരയാക്കപ്പെട്ടിരിക്കുന്നു. തല്ലി തകർക്കപ്പെട്ട വീടുകൾ. ജീവനോപാധികളായ കടകൾ പൂർണമായും നശിപ്പിക്കപ്പെട്ടിരിക്കുന്നു.

പലരും വീട് പൂട്ടി സ്വന്തം ഗ്രാമങ്ങളിൽ നിന്നും പലായനം ചെയ്തിരിക്കുന്നു. അതിഭീകരമായ കാഴ്ചയാണ് ത്രിപുരയിലെ പല ഭാഗങ്ങളിൽ നേരിട്ട് കണ്ട് മനസ്സിലാക്കാൻ സാധിച്ചത്. പോലീസ് ഇതിനെതിരെ ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല എന്ന് മനസ്സിലാക്കാൻ സാധിച്ചു. കൺമുന്നിൽ കണ്ട വലിയ ആക്രമണങ്ങളിൽ കൂടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോൾ,’പരാതി ലഭിച്ചില്ല’ എന്ന വിചിത്രമായ മറുപടിയാണ് അവർ പറഞ്ഞത്. പരാതി തരാൻ അവർക്ക് സ്വന്തം സ്ഥലത്തേയ്ക്ക് വരാൻ കഴിഞ്ഞിട്ട് വേണ്ടേ!?. എന്നാൽ ഒരു വീട് സന്ദർശിച്ചു. അയാൾ കഴിഞ്ഞ മുൻസിപ്പൽ കോർപ്പറേഷനിലെ സിപിഐഎം സ്ഥാനാർത്ഥിയായിരുന്നു.

ദേബാശിഷ് ബർമൻ.അയാളുടെ വീടും ബിജെപിക്കാർ അക്രമിച്ചു.ആ സഖാവ് പരാതി നല്കാൻ ചെന്നപ്പോൾ പോലീസ് നൽകിയ ഉപദേശം ‘കേസ് കൊടുക്കാതിരിക്കുന്നതാണ് നല്ലത്, കൊടുത്താൽ കൂടുതൽ അക്രമങ്ങൾ നേരിടേണ്ടി വരും’.മോഹൻപൂർ രണ്ട്‌ നിയമ സഭാ മണ്ഡലത്തിൽ അക്രമികൾ ഞങ്ങളുടെ വാഹന വ്യൂഹത്തിന് നേരെയും ആക്രോശത്തോടെ അടുത്തു. ഇതേ ക്രിമിനലുകളാണ് ഞങ്ങൾ അവിടെ സന്ദർശിച്ച വീടുകൾ തകർത്തതും. പ്രതികൾക്ക് സ്വൈര്യ വിഹാരം!!.

ഒരു വിഭാഗം പോലീസുകാർ ബിജെപിയുടെ അടിമകളായി, ബാക്കിയുള്ളവർ നിസ്സഹായരായി നോക്കി നിൽക്കുന്നു. രാജ്യത്ത് ക്രമസമാധാനം പൂർണമായും തകർന്ന അവസ്ഥയിലാണ്. നാളെയും സന്ദർശനം തുടരും. മൂന്ന് ടീമുകളായി തിരിഞ്ഞാണ് പ്രതിപക്ഷ എംപിമാരുടെ സംഘം സന്ദർശനം നടത്തുന്നത്. ഞാൻ ഉൾപ്പെടുന്ന സംഘത്തിൽ എനിക്ക് പുറമേ രാജ്യസഭാ അംഗങ്ങളായ ബികാഷ് രഞ്‌ജൻ ഭട്ടാചാര്യ(സിപിഎഐഎം),രഞ്ജിത രഞ്ജൻ(കോൺഗ്രസ്സ്)എന്നിവടും ത്രിപുരയിലെ എംഎൽഎ മാരും ഉണ്ട്. സഖാക്കൾ എളമരം കരിം,ബിനോയ് വിശ്വം എന്നിവരും മറ്റ് സംഘങ്ങളിലായി ഇവിടെ സന്ദർശനം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button