KeralaLatest News

മഹാശിവരാത്രി ഇന്ന് : പിതൃബലിതര്‍പ്പണം നടത്താനൊരുങ്ങി ജനലക്ഷങ്ങള്‍

ആലുവ : ഇന്നു മഹാശിവരാത്രി. വ്രതാനുഷ്ഠാനങ്ങളോടെ ഉറക്കമൊഴിഞ്ഞെത്തുന്ന ഭക്തജനങ്ങളെ വരവേല്‍ക്കാന്‍ മഹാദേവക്ഷേത്രങ്ങള്‍ ഒരുങ്ങി. ക്ഷേത്രങ്ങളില്‍ ഇന്ന് വിശേഷാല്‍ പൂജകള്‍ നടക്കും .അലങ്കാര ദീപങ്ങളുടെ പ്രഭാപൂരത്തില്‍ മുങ്ങിനില്‍ക്കുകയാണ് ആലുവ മണപ്പുറം. ഇന്നു രാവിലെ 7നു ലക്ഷാര്‍ച്ചനയോടെ ശിവരാത്രി ചടങ്ങുകള്‍ ആരംഭിച്ചു.

അര്‍ധരാത്രി എഴുന്നള്ളിപ്പു കഴിഞ്ഞു പെരിയാറില്‍ മുങ്ങിക്കുളിച്ച ശേഷമാണു പിതൃകര്‍മങ്ങള്‍ ആരംഭിക്കുക. എന്നാല്‍ ശിവരാത്രി ദിവസത്തിന്റെ തുടക്കം മുതല്‍ ബലികര്‍മങ്ങള്‍ നടത്തുന്നതിനു തടസ്സമില്ലാത്തതിനാല്‍ പകലും ജനപ്രവാഹം ഉണ്ടാകും. തന്ത്രി ചേന്നാസ് പരമേശ്വരന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. ബുധനാഴ്ച കുംഭത്തിലെ അമാവാസിയായതിനാല്‍ അന്ന് ഉച്ച വരെ തിരക്കു പ്രതീക്ഷിക്കുന്നു. പുഴയോരത്തു ദേവസ്വം ബോര്‍ഡ് 178 ബലിപ്പുരകള്‍ സജ്ജമാക്കിയിട്ടുണ്ട്. പുരോഹിതരും പരികര്‍മികളുമായി 350 പേരുണ്ടാകും.

രാമലക്ഷ്മണന്‍മാര്‍ ജടായുവിനെ സംസ്‌കരിച്ച് മരണാനന്തര കര്‍മങ്ങള്‍ നടത്തിയെന്നു വിശ്വസിക്കുന്ന മണപ്പുറത്തു വില്വമംഗലം സ്വാമികളാണ് ശിവപ്രതിഷ്ഠ നടത്തിയത്. മണപ്പുറത്തിനക്കരെ ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലും ബലിതര്‍പ്പണത്തിനായി വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button