Latest NewsIndia

ജെഡിയുവിന് ഒരു കേന്ദ്രമന്ത്രിസ്ഥാനം പോര, മന്ത്രിസഭയിലില്ല. സർക്കാരിനൊപ്പം

ബിഹാറിൽ ഇത്തവണ ആകെയുള്ള 40 സീറ്റുകളിൽ 39 സീറ്റുകളും എൻഡിഎ തൂത്തുവാരിയിരുന്നു.

ദില്ലി: ഒന്നിൽക്കൂടുതൽ കേന്ദ്രമന്ത്രിപദങ്ങൾ കിട്ടാത്തതിൽ പ്രതിഷേധിച്ച് ജെഡിയു കേന്ദ്രമന്ത്രിസഭയിൽ നിന്ന് പിൻമാറി. മൂന്ന് കേന്ദ്രമന്ത്രിപദങ്ങൾ ചോദിച്ചെങ്കിലും ഒറ്റ മന്ത്രിസ്ഥാനം മാത്രം തന്നതിൽ എതിർപ്പറിയിച്ചാണ് കേന്ദ്രമന്തിസഭയിൽ നിന്ന് പിൻമാറാൻ ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ തീരുമാനിച്ചത്.

‘ജെഡിയുവിൽ നിന്ന് അവർക്ക് ഒരാളെ മാത്രമേ കേന്ദ്രമന്ത്രിയാക്കാനാകൂ എന്നാണ് അറിയിച്ചത്. അത് പ്രതീകാത്മകമായി ഒരാളെ മന്ത്രിയാക്കുന്നത് പോലെയാണ്. അങ്ങനെയെങ്കിൽ ഞങ്ങൾക്ക് മന്ത്രിപദം വേണ്ടെന്ന് തിരിച്ച് അവരെ അറിയിച്ചു. അത് വലിയ പ്രശ്നമല്ല, ഞങ്ങൾ എൻഡിഎക്കൊപ്പം തന്നെയാണ്. ഞങ്ങൾക്ക് അതിൽ അതൃപ്തിയുമില്ല. ഞങ്ങൾ ഒന്നിച്ചാണ് നിൽക്കുന്നത്, ഇതിൽ ആശയക്കുഴപ്പമില്ല”, നിതീഷ് കുമാർ പറഞ്ഞു.

ബിഹാറിൽ ഇത്തവണ ആകെയുള്ള 40 സീറ്റുകളിൽ 39 സീറ്റുകളും എൻഡിഎ തൂത്തുവാരിയിരുന്നു. ഒറ്റ സീറ്റ് മാത്രമാണ് യുപിഎയ്ക്ക് കിട്ടിയത്. ബിജെപിയും ജെഡിയുവും 17 സീറ്റുകളിൽ വീതമാണ് മത്സരിച്ചത്. ബിജെപി എല്ലാ സീറ്റുകളിലും ജയിച്ചു. ജെഡിയു 16 സീറ്റുകളിലും. സഖ്യകക്ഷിയായ രാംവിലാസ് പസ്വാന്‍റെ എൽജെപി 6 സീറ്റുകളിലും ജയിച്ചു.സഖ്യകക്ഷികളെയെല്ലാം അപ്രസക്തമാക്കാവുന്ന തരത്തിൽ 303 സീറ്റുകൾ നേടിയാണ് ബിജെപി ഇത്തവണ അധികാരത്തിലെത്തുന്നത്.

272 എന്ന കേവലഭൂരിപക്ഷം മാത്രമല്ല, സ്വന്തം നിലയ്ക്കാണ് 300 സീറ്റുകളെന്ന മാർക്ക് ബിജെപി ചാടിക്കടന്നത്. അതുകൊണ്ടുതന്നെ ഘടകകക്ഷികൾക്ക് എത്ര മന്ത്രിമാരെ നൽകണമെന്നതടക്കം അന്തിമതീരുമാനം ബിജെപിയുടേത് തന്നെയാകും. സഖ്യചർച്ചകളുടെ സമയത്ത് അമിത് ഷാ നേരിട്ട് കണ്ട ഒരേയൊരു ഘടകകക്ഷി നേതാവാണ് നിതീഷ് കുമാർ. ബിഹാറിലെ രാഷ്ട്രീയരംഗത്ത്, നിതീഷ് കുമാറിന്‍റെ നിർണായക സ്വാധീനം കണക്കിലെടുത്ത് തന്നെയായിരുന്നു ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button