വയനാട്: പുല്‍പ്പള്ളിയില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് ഉച്ചയോടെ പുല്‍പ്പള്ളി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിന് കീഴിലുള്ള കൊല്ലിവയല്‍ പ്രദേശത്ത് തേക്കിന്‍ കാട്ടില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കുന്നതിനിടെയാണ് പ്രദേശവാസിയും റെയില്‍വേ മുന്‍ ജീവനക്കാരനുമായ പുല്‍പ്പള്ളി കൊല്ലിവയല്‍ വിജയന്‍ (55) കുഴഞ്ഞ് വീണ് മരിച്ചത്.
ഇന്നുച്ചയോടെയാണ് കാട്ടുതീ പടര്‍ന്നത്. തുടര്‍ന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രദേശവാസികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ പരിശ്രമത്തിന്റെ ഫലമായി തീയണക്കുകയായിരുന്നു. ഇതിനിടയിലാണ് തീ പടര്‍ന്നതിന് സമീപത്തേക്ക് ബക്കറ്റില്‍ വെള്ളവുമായെത്തി തീയണക്കാന്‍ ശ്രമിക്കുന്നതിനിടെ ഇദ്ദേഹം കുഴഞ്ഞു വീണത്. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
Post Your Comments