KeralaLatest NewsNews

കർണാടക ആശുപത്രികളിലേക്ക് രോഗികളെ കടത്തി വിടാൻ അനുവാദം: തമിഴ്നാട്ടിൽനിന്ന് 44 പേര്‍ കേരളത്തില്‍ ചികിത്സയ്ക്കെത്തിയെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം•കർണാടകത്തിലെ ആശുപത്രികളിലേക്ക് കോവിഡ് അല്ലാത്ത രോഗികളുമായി ആംബുലൻസ് കടത്തിവിടാൻ അനുവാദമായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തലപ്പാടി ചെക്ക്പോസ്റ്റിൽ കർണാടകത്തിന്റെ മെഡിക്കൽ ടീം ഉണ്ടാകും. മെഡിക്കൽ സർട്ടിഫിക്കറ്റുകളോടെ ഏത് ആശുപത്രിയിലാണ് പോകുന്നത് എന്ന് നിശ്ചയിച്ച് വരുന്നവരെ പരിശോധിച്ച് അനുവാദം നൽകാമെന്നാണ് കർണാടകം അറിയിച്ചത്.

കർണാടക-തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലെ ആളുകൾക്ക് വയനാട് ജില്ലയിലെ ആശുപത്രികളിൽ ചികിത്സയ്ക്കെത്താനുള്ള സൗകര്യം കേരളം ചെയ്തുകൊടുക്കുന്നുണ്ട്. കർണാടകത്തിന്റെ ബൈരക്കുപ്പ, മച്ചൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും തമിഴ്നാട്ടിലെ പന്തല്ലൂർ, ഗൂഡല്ലൂർ താലൂക്കിൽ നിന്നുമുള്ളവരാണ് വയനാട് ജില്ലയിലെ ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നത്. ബൈരക്കുപ്പിയിൽനിന്നും 29 പേർ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽനിന്ന് 44 പേരാണ് ചികിത്സയ്ക്ക് വന്നത്. കേരളത്തിന്റെ നിലപാട് ഇതാണ്. മറിച്ചുള്ള ഒന്നും നമ്മൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ഞായറാഴ്ച രാത്രി ഒൻപതുമണിക്ക് ലൈറ്റുകൾ ഓഫാക്കിയതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യമാകെ ഒന്നിച്ചുനിന്ന് മഹാമാരിയെ നേരിടുമ്പോൾ പ്രധാനമന്ത്രി ഒരു കാര്യം പറയുമ്പോൾ അതിന്റേതായ പ്രാധാന്യം നൽകിയതാണ്. ദീപം തെളിക്കുന്നതിനേയോപ്രകാശം പരക്കുന്നതിനെയോ എതിർക്കേണ്ടതില്ലെന്ന് താൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രകാശം പരക്കേണ്ടത് നമ്മുടെ രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട് വിഷമം അനുഭവിക്കുന്നവരുടെ മനസിലാണ്. അതിനുവേണ്ടത് അവർക്കാവശ്യമായ സാമ്പത്തികപിന്തുണ നൽകലാണ്. അത്തരം നടപടികൾ ഇനിയും വരേണ്ടതുണ്ട്, വരുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പ്രത്യാശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button