
ജീവനക്കാർക്ക് മുഴുവൻ ശമ്പളവും ബാങ്കിൽ നിന്നും പിൻവലിക്കാൻ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചു. തുക പിൻവലിക്കുന്നതിനുള്ള നിയന്ത്രണം ധനപ്രതിസന്ധി ഉണ്ടാക്കുമെന്നും സംസ്ഥാനം അയച്ച കത്തിൽ ചൂണ്ടിക്കാടുന്നു.
ശമ്പളവും പെൻഷനും മുടങ്ങില്ലെന്നാണ് ധനമന്ത്രി ആവർത്തിക്കുന്ന ഉറപ്പ്. എന്നാൽ ട്രഷറിയിലും ബാങ്ക് അക്കൗണ്ടുകളിലേക്കും നൽകുന്ന മുഴുവൻ ശമ്പളവും പിൻവലിക്കാൻ ജീവനക്കാർക്ക് പറ്റില്ല. നിലവിലെ നിയന്ത്രണപ്രകാരം ഒരാഴ്ച 24000 രൂപയും ഒരു ദിവസവും എടിഎമ്മിൽ നിന്നും 2500 രൂപയും മാത്രമാണ് പിൻവലിക്കാൻ കഴിയുക.
വാടക, കടകളിലെ പറ്റ് അടക്കം മാസാദ്യം ആവശ്യമായ പണം കിട്ടാത്ത പ്രതിസന്ധി ജീവനക്കാർക്കുണ്ടാകും. ശമ്പളം പിൻവലിക്കുന്നതിലെ നിയന്ത്രണം വിപണിയിലേക്കുള്ള പണമൊഴുക്ക് കുറയുന്നത് ധനപ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. ജീവനക്കാർക്ക് മുഴുവൻ ശമ്പളവും ബാങ്കിൽ നിന്നും പിൻവലിക്കാൻ ഇളവ് വേണെന്നാണ് സംസ്ഥാനമാവശ്യപ്പെടുന്നത്.
ബാങ്കിൽ നിന്നും നേരിട്ട് മുഴുവൻ ശമ്പളവും പിൻവലിക്കാൻ അനുവദിക്കണമെന്ന് ഇതിനകം ഭരണ-പ്രതിപക്ഷ സംഘടനകൾ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
Post Your Comments