KeralaNewsUncategorized

മുന്‍ എം.എല്‍.എമാര്‍ക്കു പെന്‍ഷന്‍ നല്‍കിയതിനു കണക്കില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: മുന്‍ എം.എല്‍.എമാര്‍ക്ക് പെന്‍ഷന്‍ ഇനത്തില്‍ ചിലവായ തുകയെത്രയെന്ന് ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍. പൊതുപ്രവര്‍ത്തകനായ കെ.പി ചിത്രഭാനു വിവരാവകാശനിയമപ്രകാരം ചോദിച്ച ചോദ്യങ്ങള്‍ക്കാണ് വിചിത്രമായ മറുപടി ലഭിച്ചത്.

മുന്‍ എം.എല്‍.എമാര്‍ക്ക് പെന്‍ഷന്‍ നല്‍കിയ വകയില്‍ പ്രതിമാസം സര്‍ക്കാരിനുളള ബാദ്ധ്യതയെത്ര?, വിവിധ നിയമസഭാസമിതികളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരിനു ചിലവായ തുകയെത്ര? തുടങ്ങിയ ചോദ്യങ്ങളാണ് കെ.പി ചിത്രഭാനു ചോദിച്ചത്. ഇതിന് വിവരാവകാശനിയമപ്രകാരം നിയമസഭാസെക്രട്ടറിയേറ്റു നല്‍കിയ മറുപടി ഇവയുടെയൊന്നും കണക്ക് ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ല എന്നാണ്.

ജനനന്മയ്ക്കായി നിയമനിര്‍മ്മാണങ്ങള്‍ നടത്തുന്ന നിയമസഭയില്‍ നിന്നാണ് ഇത്തരത്തില്‍ നിരുത്തരവാദപരമായ മറുപടി ലഭിച്ചതെന്ന് ചിത്രഭാനു പറയുന്നു. പെന്‍ഷന്‍ കൈപ്പറ്റുന്ന എം.എല്‍.എമാരുടെയെണ്ണം 272 ആണെന്ന് മറുപടിയില്‍ വ്യക്തമാണ്. ബാദ്ധ്യതയെത്രയെന്നും, നിയമസഭാസമിതിയുടെ ചിലവെത്രയെന്നും നേരിട്ടെത്തി രജിസ്റ്ററുകള്‍ പരിശോധിച്ച് കണക്കാക്കിയെടുക്കാനാണ് മറുപടി.

നിയമസഭാസമിതികള്‍ നല്‍കിയ എത്ര റിപ്പോര്‍ട്ടുകള്‍ക്ക് നടപടി സ്വീകരിച്ചു, അവയേതൊക്കെ എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കാന്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഷാജി സി ബേബിക്ക് കഴിഞ്ഞിട്ടില്ല.

തീര്‍ത്തും നിരുത്തരവാദപരമായ ഈ നടപടിക്കെതിരേ സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ അപ്പീല്‍ നല്‍കാന്‍ തയ്യാറെടുക്കുകയാണ് കെ.പി ചിത്രഭാനു.

shortlink

Related Articles

Post Your Comments

Related Articles


Back to top button