അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ രഞ്ജിത്ത് അവതരിപ്പിച്ച റോൾ തനായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് നടൻ സിദ്ദിഖ്. ആ കഥാപാത്രത്തെ ഓർക്കുമ്പോൾ വിഷമമുണ്ടെന്നും ആ കഥാപാത്രം ചെയ്യാൻ അത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്നും സിദ്ദിഖ് പറഞ്ഞു. അവസാന നിമിഷം വരെ സെറ്റിലെത്താൻ കഴിയുമെന്ന് വിചാരിച്ചിരുന്നതായും സിദ്ദിഖ് പറയുന്നു.
‘അയ്യപ്പനും കോശിയിലും രഞ്ജിത്തിന്റെ റോൾ ചെയ്യേണ്ടത് ഞാനായിരുന്നു. അഭിനയിക്കാൻ കരാറായിരുന്നതാണ്, ഡേറ്റും ശരിയായി. പക്ഷെ ആ സമയത്ത് ഞാൻ മോഹൻ കുമാർ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സിനിമ ഞാൻ പറഞ്ഞതിലും കുറച്ച് വൈകിയാണ് തുടങ്ങിയത്’.
‘ഷൂട്ടിംഗ് തുടങ്ങിയത് മുതൽ സംവിധായകനോട് ഈ സിനിമയിൽ അഭിനയിക്കേണ്ടതിനേക്കുറിച്ച് പറഞ്ഞു. പക്ഷെ ഞാൻ പോയാൽ ശരിയാകില്ലെന്ന് അദ്ദേഹം പറഞ്ഞു. വരുമോ എന്ന് ചോദിച്ച് രഞ്ജിത്തും ഇടക്കിടെ വിളിക്കുന്നുണ്ട്. ഇതൊന്ന് ഒതുക്കിയിട്ട് വരാമെന്ന് ഞാൻ പറഞ്ഞു. കാരണം, ആ സിനിമ ചെയ്യാൻ എനിക്ക് അത്രമാത്രം ആഗ്രഹമുണ്ടായിരുന്നു. സച്ചി അത്രയും മനോഹരമായാണ് ആ കഥ എന്നോട് പറഞ്ഞത്’.
‘അവർക്ക് ഒരു ദിവസം പെട്ടെന്ന് എന്റെ കഥാപാത്രത്തിന്റെ ഭാഗം ചിത്രീകരിച്ചേ മതിയാകൂ. അത് പൃഥ്വിരാജിനൊപ്പമുള്ള കോമ്പിനേഷൻ സീനാണ്. നാളെ എത്തിയേ മതിയാകൂ എന്ന് എന്നോട് വിളിച്ചു പറഞ്ഞു. പക്ഷെ ചെയ്തുകൊണ്ടിരുന്ന സിനിമയിൽ നിന്ന് എനിക്ക് പോകാൻ പറ്റിയില്ല. പിന്നെ അത് രഞ്ജിത്ത് അഭിനയിച്ചു’.
Read Also:- ശബരിമല സന്നിധാനത്ത് അയ്യപ്പൻമാരെ കയ്യേറ്റം ചെയ്ത ജീവനക്കാരനെ പ്രതിഷേധങ്ങൾക്കൊടുവിൽ മാറ്റി
‘അഭിനയിച്ച് കഴിഞ്ഞിട്ടും ഇടയ്ക്ക് എന്നെ വിളിച്ച് രഞ്ജിത്ത് ഓരോന്ന് പറയും. ഇപ്പോഴും അതിടയ്ക്ക് എന്നോട് പറയും. ഞാൻ അദ്ദേഹം ആ കഥാപാത്രം ചെയ്തത് നന്നായതിനേക്കുറിച്ച് പറയും. ആ സിനിമ ചെയ്യാനാകാതെ പോയതിൽ നല്ല വിഷമം തോന്നിയിട്ടുണ്ട്, ഇപ്പോഴും ഇടയ്ക്ക് തോന്നും’ സിദ്ദിഖ് പറഞ്ഞു.
Post Your Comments