Business

കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ വിപണിയൊരുക്കി കൃഷിക്കാരന്‍

വിപണിയുടെ പ്രവചനാതീതമായ ചാഞ്ചാട്ടവും ഇടനിലക്കാരുടെ ചൂഷണവും കര്‍ഷകരുടെ എക്കാലത്തെയും പ്രതിസന്ധികളാണ്.എട്ടുരൂപയ്ക്ക് കര്‍ഷകന്‍ വില്‍ക്കുന്ന ഒരു നാളികേരം വിപണിയിലെത്തുമ്പോള്‍ ഇരുപത്തൊന്നുരൂപയാകും.അദ്ധ്വാനത്തിന് അര്‍ഹിയ്ക്കുന്ന വില ലഭിയ്ക്കാത്തത് കര്‍ഷകകുടുംബങ്ങളെ പ്രതികൂലമായി ബാധിയ്ക്കുന്നുണ്ട്.ഇടനിലക്കാരില്ലാത്ത വിപുലമായ സാദ്ധ്യതകളുള്ള ചൂഷണരഹിതമായ ഒരു വിപണി അനിവാര്യമാണ് ഇന്ന്.

ഈ ചോദ്യത്തിന് ഒരു ഉത്തരമായാണ് ഐ ടി രംഗത്തെ ഒരു സംഘം ചെറുപ്പക്കാര്‍ പുതുവര്‍ഷത്തില്‍ പുതിയ ഒരു ആശയം അവതരിപ്പിയ്ക്കുന്നത്.കാര്‍ഷികവിളകളുടെ വിപണന രംഗത്തേയ്ക്ക് ഒരു പുതിയ ചുവടുവെയ്പ്പ്.അതാണ്‌ krishikkaran.com.കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്കായി വിശാലമായ ഒരു ഓണ്‍ലൈന്‍ വിപണിയൊരുക്കുകയാണ് ഈ സൈറ്റിന്‍റെ ലക്‌ഷ്യം..കേരളത്തിന്റെ വിവിധഭാഗങ്ങളിലായി കൃഷി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ ഈ വിപണിയില്‍ രജിസ്റ്റര്‍ ചെയ്ത് വില്‍പ്പനയ്ക്ക് വയ്ക്കാവുന്നതാണ്.. പ്രതീക്ഷിയ്ക്കുന്ന വില സഹിതം പ്രദര്‍ശിപ്പിച്ചുകൊണ്ട് വിപുലമായ ഒരു വിപണനവേദിയാണ് കര്‍ഷകന് ഇതിലൂടെ ലഭ്യമാകുന്നത്. ഉപഭോക്താവിനാകട്ടെ,കടകളില്‍ ലഭ്യമാകുന്നതെന്തോ അത് മാത്രം വാങ്ങാതെ,ഏറ്റവും നല്ലതും ഗുണനിലവാരമുള്ളവയും നോക്കി തിരഞ്ഞെടുക്കുന്നതിനുള്ള ഒരു അവസരവും.
ഈ വെബ്സൈറ്റിലൂടെ ഉല്‍പ്പന്നങ്ങള്‍ ലേലം ചെയ്യാം എന്നതാണ് മറ്റൊരു പ്രത്യേകത.അതോടൊപ്പം കൃഷിക്കാരനിലൂടെ പഴയകാലത്തെ ‘ബാര്‍ട്ടര്‍’ സമ്പ്രദായവും തിരിച്ചുവരുന്നു.കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ പരസ്പ്പരംകൈമാറ്റം ചെയ്യാവുന്നതാണ്..ഓരോ ദേശത്തെയും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ലഭ്യതയും ദൌര്‍ലഭ്യവും അനുസരിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ഐ ടി രംഗത്ത് ജോലി ചെയ്യുമ്പോഴും കാര്‍ഷിക പശ്ചാത്തലമുള്ള കുടുംബങ്ങളിലെ അംഗങ്ങളായ കുറച്ചുപേരാണ് ഈ സംരംഭത്തിന്‍റെ പിന്നില്‍. അതുകൊണ്ട് തന്നെ വളരെ കുറഞ്ഞ ഒരു മാസവരിയാണ് ഈടാക്കുന്നത്.മാസം പത്തുരൂപയാണ് ഈ സൈറ്റില്‍ ഇടം നേടാന്‍ കര്‍ഷകര്‍ മുടക്കേണ്ടത്.

ഉപ്പുതൊട്ടു കര്‍പ്പൂരം വരെയുള്ള നിത്യോപയോഗ സാധനങ്ങള്‍ വിഷമയമായ ഈ കാലഘട്ടത്തില്‍ കലര്‍പ്പില്ലാത്ത ആഹാരം ആഗ്രഹിയ്ക്കുന്നവര്‍ക്കുള്ള ഒരു ഉത്തരമാണ് krishikkaran.com.നമുക്കും ഒരു നല്ല ഭക്ഷണസംസ്ക്കാരത്തിന്‍റെ ഭാഗമാകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button