Prathikarana Vedhi

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സമാധാനം നിലനിർത്തിയാൽ ആർക്കാണ് വിഷമം?

സുജാത ഭാസ്കര്‍

ഇന്ത്യ പാകിസ്ഥാൻ ഉഭയകക്ഷി ബന്ധം എന്ന് ഊഷ്മളമാകുന്നോ അന്ന്, അതിനോടനുബന്ധിച്ചു ഒരു ഭീകരാക്രമണം ഇന്ത്യയിൽ നടക്കുന്നതും പതിവായിരിക്കുകയാണ്. ഇന്ത്യയും പാകിസ്ഥാനും ഒന്നിക്കരുതെന്നു ഇത്ര വാശിയുള്ളതു ആർക്കാണ്? രാജ്യാന്തര ആരോപണം ആണെങ്കിൽ അമേരിക്കക്കും ചൈനക്കും പ്രസക്തി ഉണ്ട്. കാരണം ഇന്ത്യ-പാക്‌ ഉഭയ കക്ഷി ബന്ധം മ്ച്ചപ്പെട്ടാൽ ആയുധ വില്പന നട്ക്കില്ലെന്നതും ഒരു വസ്തുതയാണ്. പക്ഷെ അതിലുപരി ഇന്ത്യയുടെ അതിർത്തിയിലും പകിസ്ഥാനിലുമുള്ള ഭീകരവാദികൾക്കും ഇന്ത്യ പാക്‌ ബന്ധം ഭീഷണിയാണ് . കാരണം മറ്റൊന്നല്ല വിഘടനവാടികൾക്കും മറ്റും അരാജകത്വം നിലനിന്നാൽ മാത്രമേ നിലനിൽപ്പുള്ളൂ. പരസ്പര ബഹുമാനം, സ്‌നേഹം, സൗഹൃദം, സഹിഷ്ണുത എന്നിവയിലൂടെ മാത്രമേ ഇന്ത്യയ്ക്കും പാകിസ്ഥാനും മുന്നേറാന്‍ കഴിയുള്ളൂ, അത് മോഡിയും നവാസ് ഷെരീഫും തമ്മിലുള്ള ചർച്ചയിൽ ഏറെക്കുറെ വിജയിച്ചിരിക്കുന്ന ഈ സമയത്ത് പാകിസ്ഥാന്റെ അറിവോടെ ഒരു അക്രമം നടക്കില്ല എന്ന് പ്രതീക്ഷിക്കാം.രണ്ട് അയല്‍ രാജ്യങ്ങളും തമ്മില്‍ സമാധാന പരമായ ബന്ധം പുലര്‍ത്തുന്നത് പലരെയും ആശങ്കാകുലരാക്കുന്നു എന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്.

ഭീകരവാദം തുടച്ചു നീക്കുന്നതിന് ഇന്ത്യയും പാകിസ്ഥാനും ഒന്നിച്ചു നിൽക്കേണ്ട അവസ്ഥയാണ്‌ സംജാതമായിരിക്കുന്നത്.താലിബാനെയും ലഷ്കർ തൊയിബയെയും ഇപ്പോൾ അവസാനമായി ISIS ഉം പോലുള്ള സംഘടനകൾ പാകിസ്ഥാനു മാത്രമല്ല ആഗോള നിലനിൽപ്പിനു തന്നെ ഭീഷണിയായിരിക്കുകയാണ്.ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സമാധാന ചർച്ചകൾ നടക്കുന്നതിനിടയിൽ ജമ്മുകശ്മീരിലെ പാകിസ്ഥാൻ വിഘടനവാദികൾ ഡൽഹിയിൽ സന്ദർശിച്ചത് വിവാദമായിരുന്നു.ഒരു യുദ്ധം ഉണ്ടായാൽ ഉണ്ടാവുന്ന രാജ്യങ്ങളുടെ നഷ്ടം ജീവനുകളും സ്വത്തും നഷ്ടപ്പെടുന്നതും ഒക്കെ മുന്നിൽ കണ്ടു യുദ്ധ സാഹചര്യങ്ങൾ ഒരുപാടുണ്ടായിട്ടും ഇന്ത്യ സംയമനം കൈവിട്ടിരുന്നില്ലെന്നത് യാഥാർത്ഥ്യമാണ്.1999ലെ കാര്‍ഗില്‍ യുദ്ധം, 71ലെ ബംഗ്ലാദേശ് യുദ്ധം, 1965 ലെ ഇന്ത്യ-പാക് യുദ്ധം എന്നീ യുദ്ധങ്ങളിലെല്ലാം പാകിസ്ഥാന്റെ പ്രകോപനപരമായ ഇടപെടലുകളാണ് യുദ്ധത്തിലേക്ക് വഴിവച്ചത്. ഈ യുദ്ധങ്ങളില്‍മാത്രമല്ല, ഏതു യുദ്ധത്തിലും ആര് ജയിച്ചു ആര് തോറ്റു എന്ന സാങ്കേതിക കണക്കെടുപ്പുകള്‍ക്കപ്പുറം യുദ്ധം ജനതയുടെ ജീവിതവും സംസ്കാരവും ചരിത്രവുമൊക്കെ നശിപ്പിക്കുകമാത്രമാണ് ചെയ്തിട്ടുള്ളതെന്ന് നമുക്കറിയാം.. ഒരു യുദ്ധവും വരുത്തിവച്ച നാശനഷ്ടം തലമുറകള്‍ക്കുശേഷവും നികത്താനായിട്ടില്ലെന്നതും ചരിത്രപാഠമാണ്.

ഇതൊക്കെ കൊണ്ട് തന്നെ ബുദ്ധിമാനായ ഭരണാധികാരികൾ യുദ്ധം ഒഴിവാക്കാനേ ശ്രമിക്കുകയുള്ളൂ.എന്നാല്‍, സംഘര്‍ഷഭരിതമായ അന്തരീക്ഷം മുതലെടുക്കാന്‍ ശ്രമിക്കുന്ന തീവ്രവാദസംഘടനകള്‍ ഒരിക്കലും സമാധാനാന്തരീക്ഷം പുലരാന്‍ ആഗ്രഹിക്കുന്നില്ലെന്നതാണ് സത്യം.അതിര്‍ത്തിയില്‍ തീവ്രവാദികളുടെ സാന്നിധ്യം ശക്തമാണ്. അവിടെ പാക് സര്‍ക്കാര്‍ വെറും നോക്കുകുത്തിയാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നല്ല ബന്ധമുണ്ടാകുന്നത് അതിര്‍ത്തിയില്‍ തീവ്രവാദികളുടെ നിലനില്‍പ്പിന് ഭീഷണിയാണെന്ന് അവര്‍ക്കറിയാം.അതുകൊണ്ട് ഉഭയകക്ഷിചര്‍ച്ചകളിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചച്ചെടുന്നുവെന്ന തോന്നലുണ്ടായാല്‍ അപ്പോള്‍ തീവ്രവാദികള്‍ കുഴപ്പമുണ്ടാക്കാന്‍ മുന്നിട്ടിറങ്ങും, എന്തെങ്കിലും ഒരു ഭീകരാക്രമണം ഇന്നലെ പഞ്ചാബിൽ ഉണ്ടായതുപോലെ ഉണ്ടാവുകയും ചെയ്യും.

എവിടെയെങ്കിലും ഒരു സ്ഥലത്ത് കുഴപ്പമുണ്ടാക്കി ഏവരുടെയും ശ്രദ്ധ അങ്ങോട്ട്‌ തിരിച്ചു വിട്ടു മറ്റു സ്ഥലങ്ങളില അതിക്രമിച്ചു കയറുന്നത് തീവ്രവാദികളുടെ രീതിയാണ്. ഇന്ത്യയിലെ ജനങ്ങൾ മുഴുവൻ ഒത്തൊരുമിച്ചു നിൽക്കേണ്ട സമയം ആയിരിക്കുന്നു. അനിവാര്യമായ ഒരു ഒത്തൊരുമ അത് അത്യന്താപേക്ഷികമാണ്. തീവ്രവാദത്തിനെതിരെ ഇരു രാജ്യങ്ങളും ഇരു രാജ്യങ്ങളിലെയും മത ജാതി രാഷ്ട്രീയ ഭേദമെന്യേ പിന്തുണ കൊടുക്കേണ്ട സമയമാണ് . യുദ്ധം അല്ല സമാധാനമാണ് എല്ലാവരും ആഗ്രഹിക്കുന്നത്.യുവാക്കളെ പ്രലോഭിപ്പിച്ചു രഹസ്യം ചോർത്തുന്നതും ആക്രമണം ഉണ്ടാക്കുന്നതും ഒക്കെ തടയിടേണ്ട കാലം വന്നെത്തി..ശുഭ പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം..

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button