Editorial

സ്വന്തം നിഴലിനെപ്പോലും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഗതികേടനുഭവിക്കുന്ന മലയാളിക്ക് എങ്ങനെ ഈ നാട്ടില്‍ ജീവിക്കാന്‍ കഴിയും…?

എഡിറ്റോറിയൽ

യൂറോപ്യൻ യൂണിയൻ നിശ്ചയിച്ച പരിധി കീടനാശിനികളുടെ അളവ് പരിധിയിൽ നിന്ന് എടുത്തു കളഞ്ഞതോടെ വിജയിച്ചതാര്, ജീവിതത്തിൽ തോറ്റതാര് എന്ന ചോദ്യം ബാക്കിയാകുന്നു. കീടനാശിനി അവശിഷ്ട പരിശോധനയ്ക്ക് ഇതുവരെ ഇന്ത്യൻ ഫുഡ് സേഫ്ടി അതോറിറ്റി പരിധി നിശ്ചയിച്ചിട്ടില്ല എന്നതിനാലാണ് യൂറോപ്പിയൻ യൂണിയന്റെ പരിധി വച്ച് കീടനാശിനിയുടെ അളവ് തീരുമാനിയ്ക്കുകയും വേണ്ടാത്തവ ഒഴിവാക്കുകയും ചെയ്തു കൊണ്ടിരുന്നത്. എന്നാൽ ഇത്തവണ വെള്ളായണി കാർഷിക കോളേജിലെ കീടനാശിനി അവശിഷ്ട പരിശോധന കഴിഞ്ഞപ്പോൾ തമിഴ്നാട്ടിൽ നിന്ന് വന്ന കീടനാശിനി തളിച്ച പച്ചക്കറിയ്ക്കു വരെ യാതൊരു കുഴപ്പവുമില്ല. കറിവേപ്പിലയിൽ ഒഴിച്ച് മറ്റൊന്നിലും അപകടകരമായ അളവിൽ കീടനാശിനിയും ഇല്ല. കീടനാശിനി കമ്പനികൾ വളരെ തന്ത്ര പരമായി നടത്തിയ കളിയിൽ തോറ്റത് സാധാരണ മലയാളികൾ തന്നെ. ഇതുവരെ ഇത്രയും വിഷയങ്ങൾ ഇതിന്റെ പുറകിൽ ഉണ്ടായിട്ടു പോലും കീടനാശിനിയുടെ അളവ് നിയന്ത്രിക്കാനുള്ള സംവിധാനം സംസ്ഥാന സർക്കാരിന്റെ പക്കൽ ഇല്ല എന്നത് അപലപനീയമാണ്.

കീടനാശിനി അടിച്ചതും മായം ചേർത്തതുമായ ഭക്ഷ്യ പദാർത്ഥങ്ങൾ മതി മലയാളിയ്ക്ക് എന്ന് തീരുമാനിയ്ക്കുന്നത് യഥാർത്ഥത്തിൽ നാം തന്നെയല്ലേ?
മായം ചേർത്ത ഭക്ഷ്യ വസ്തുക്കൾക്കെതിരെ നടപടിയെടുത്ത നിരുപമയെ പോലെയുള്ള ഐ എ എസ ഉദ്യൊഗസ്ഥർക്കു സംഭവിച്ചതും നമ്മുടെ കണ്‍ മുന്നിലാണ്, ഒരു ചെറു വിരൽ പോലും മലയാളിയ്ക്ക് ഇക്കാര്യത്തിൽ അനക്കാൻ കഴിഞ്ഞില്ല. സോഷ്യൽ മീഡിയയിൽ കിടന്നു നിലവിളിക്കാൻ അല്ലാതെ. ഇപ്പോഴിതാ പച്ചക്കറികളുടെ കാര്യത്തിലും വിഷമെത് , ഇല്ലാത്തതേതു എന്നുള്ള തിരിച്ചറിവുകൾ നമുക്ക് നഷ്ടമായിരിക്കുന്നു.

ഒരു വിധം എല്ലാ പച്ചക്കറികളിലും അനുവദനീയമായ അളവിലും കൂടുതൽ കീടനാശിനി പ്രയോഗം ഉണ്ടെന്നു നേരത്തെ കണ്ടെതിയിരുന്നതാണ്. ഇത് പൊതുജനവും അറിഞ്ഞിരുന്നു. ഇതിനു ശേഷം പൊതുവെ മലയാളിയുടെ ചിന്തയിൽ നന്നായി തന്നെ മാറ്റങ്ങൾ ഉണ്ടായിരുന്നു. വീടുകളിൽ പച്ചക്കറി കൃഷി ചെയ്യുന്നവരുടെ എന്നാവും വർദ്ധിക്കുന്നുണ്ട്. സ്വന്തമായി സ്ഥലം ഇല്ലാത്തവർ പോലും ടെറസിനെ ആശ്രയിക്കാനും തുടങ്ങി. പഞ്ചായത്തുകൾ വഴി വീടുകളിലെ കൃഷിയെ സംസ്ഥാന സർക്കാർ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്നും പറയാതെ വയ്യ. എന്നിരുന്നാലും തീരെ നിവൃത്തിയില്ലാത്തവർ ആണെങ്കിൽ പോലും വിഷമടിച്ച പച്ചക്കറികൾ കഴിക്കണമെന്ന ചിലരുടെ താൽപ്പര്യം തീർത്തും തെറ്റ് തന്നെയാണ്. കീടനാശിനി കമ്പനികളെ സഹായിക്കാനുള്ള താൽപ്പര്യത്തിൽ കൊലയ്ക്കു കൊടുക്കുന്നത് അവനവന്റെ ഭരണത്തിന് കീഴിലുള്ള ജനങ്ങളെ അതന്നെയാനെന്ന ബോധം പോലുമില്ലാതെയുള്ള പ്രവർത്തനമാണ് നടക്കുന്നത്. ആ ജനങ്ങൾക്കിടയിൽ സ്വന്തം ബന്ധുക്കളും ഉണ്ടെന്നുള്ളത് പോലും ഇത്തരക്കാർ മറക്കുന്നു. പൈസയ്ക്ക് വേണ്ടി യേശുദേവനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ മനസ്സാണ് ഇവിടുത്തെ ഭരണവർഗ്ഗത്തിന് പലപ്പോഴും പല കാര്യങ്ങളിലും ഉള്ളത് ഒന്നുകൂടി വ്യക്തമാകുന്നു. പച്ചക്കറിയും പലവ്യഞ്ചനങ്ങളും അവനവൻ തന്നെ വീടുകളിൽ ഉണ്ടാക്കിയെടുത്തു മാത്രമേ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാനാകൂ. കാരണം നമ്മെ ഭരിക്കുന്നവർക്ക് അവരവരുടെ നില നിൽപ്പ് മാത്രമാണ് പ്രശ്നം. നമുക്ക് നമ്മുടെതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button