Parayathe Vayya

സാമൂഹ്യ പ്രശ്നങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്നത് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നത് പോലെ അപകടകരം

ഹൈദരാബാദില്‍ ഒരു പുതിയ രാഷ്ട്രീയ  കലാപം നടക്കുകയാണ്.   കേന്ദ്ര സര്‍ക്കാരും
അതിനു നേതൃത്വം നല്‍കുന്ന ബിജെപിയും എങ്ങിനെയൊക്കെയാണ്
വിമര്‍ശിക്കപ്പെടുന്നത്  എന്തിനൊക്കെയാണ്  പ്രതിക്കൂട്ടിലാക്കപ്പെടുന്നത്
എന്നതിന്  മറ്റൊരു നല്ല ഉദാഹരണമാണ് ഈ സംഭവം. മുന്‍പ് ബീഹാര്‍
തിരഞ്ഞെടുപ്പിന്റെ വേളയിലാണ് ദാദ്രിയും പിന്നെ സാഹിത്യകാരന്മാരുടെ
അസഹിഷ്ണുതയുമോക്കെ തലപൊക്കിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അതൊക്കെ
അവസാനിച്ചു. പിന്നീട് നാം അസഹിഷ്ണുതാ വാദം കേട്ടതേയില്ല. ഇവിടെയിപ്പോള്‍
മറ്റൊരു വിവാദം ഉയര്‍ന്നുവരുന്നു. അതിനു പിന്നില്‍ രാഷ്ട്രീയം മാത്രമല്ല
ദേശവിരുദ്ധ ശക്തികളുടെ കൈകളുമുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അതെന്തായാലും അന്വേഷണം നടക്കുന്നതേയുള്ളൂ.  അടുത്ത ദിവസങ്ങളില്‍ കൂടുതല്‍
വിവരങ്ങള്‍ വെളിച്ചം കാണുമെന്ന് ആശിക്കാം. എന്നാല്‍ ഇതെല്ലം ആശാസ്യമാണോ?.
ഒരു കാര്യം നാമൊക്കെ അംഗീകരിക്കുന്നു;  നമ്മുടെ നാട്ടില്‍ ഒരാളും ആത്മഹത്യ
ചെയ്യാന്‍ പാടില്ല, പ്രത്യേകിച്ച് പട്ടിക
ജാതി വര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍. അവരെ സംരക്ഷിക്കേണ്ടുന്ന ചുമതല നമ്മുടെ
സമൂഹത്തിനുണ്ട്.  പക്ഷെ പലപ്പോഴും പല കാരണങ്ങള്‍ കൊണ്ട് അതൊക്കെ
ചിലയിടങ്ങളില്‍ സംഭവിക്കുന്നു. എന്നാല്‍ അതിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ചിലര്‍
തുനിഞ്ഞിറങ്ങിയാലോ ?. അത്തരം സംഭവങ്ങളെ രാഷ്ട്രീയ മുതലെടുപ്പിനായി
ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചാലോ?.
നമ്മുടെ രാജ്യത്തെ രാഷ്ട്രീയ പ്രവര്ത്തനത്തിന്റെ
നിലവാരവും മൂല്യവും  എത്രമാത്രം തരം താഴുന്നു എന്നതാണ് അത് കാണിച്ചു
തരുന്നത്. ഇന്ത്യക്ക്
സ്വാതന്ത്ര്യം നേടിത്തന്ന രാഷ്ട്രീയ സംവിധാനമിന്ന് രാജ്യത്തോട് ഒരു
കടപ്പാടുമില്ലെന്നു ഓരോ ദിനത്തിലും ആവര്‍ത്തിച്ച് കാണിച്ചുതരുന്നവരുടെ
കയ്യിലെ കളിപ്പാവയായി മാറി എന്നതും ദുഃഖം വര്‍ദ്ധിപ്പിക്കുന്നു. സാമൂഹിക
പ്രശ്‌നങ്ങളെ നേരിടാന്‍ സമൂഹം തയ്യാറാവണം. അതിലേക്കു സങ്കുചിതമായ രാഷ്ട്രീയ
ജാതി ചിന്തകള്‍ അടിച്ചേല്‍പ്പിച്ചാല്‍ അത് ചിലപ്പോഴൊക്കെ ആളി പ്പടര്‍ന്നെക്കാം
എന്നതും ഓര്‍മ്മിക്കേണ്ടതുണ്ട് .

ഹൈദരാബാദ്  സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥിയുടെ,  രോഹിത് വെമുലയുടെ,
ആത്മഹത്യയാണ്   ഇന്നത്തെ വിവാദം.  അവിടത്തെ ഒരു ഗവേഷണ വിദ്യാര്‍ഥിയാണ്
രോഹിത്. പട്ടികജാതി വിഭാഗത്തില്‍ പെടുന്നയാളുമാണ്.   രോഹിത്  ഉള്‍പ്പടെ അഞ്ചു
വിദ്യാര്‍ഥികളെ     സര്‍വകലാശാല ഹോസ്റ്റലില്‍നിന്ന് സസ്‌പെന്ഡ് ചെയ്തു, 12
ദിവസത്തേക്ക്.  അതുകഴിഞ്ഞ്  12 ദിവസം കഴിഞ്ഞ് ഒരാള്‍ ആത്മഹത്യ ചെയ്തു.
അതിനു കേന്ദ്രത്തിലെ രണ്ടു മന്ത്രിമാര് രാജിവെക്കണം എന്നതാണ് പുതിയ
ആവശ്യം.  തീര്‍ച്ചയായും ഗൌരവമേറിയ വിഷയമാണ്.  അത് പരിശോധിക്കുന്നതിന് മുന്‍പ്
എന്താണ് അവിടെ യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്നതുകൂടി നോക്കാം. ഒന്നുകൂടി
ഓര്‍ക്കുക, സര്‍വകലാശാലയില്‍ നിന്നല്ല, ഹൊസ്റ്റലില്‍ നിന്ന് മാത്രമാണ്  ആ അഞ്ചു
വിദ്യാര്‍ഥികളെ സുസ്‌പെണ്ട്
ചെയ്തത്. അതുകൊണ്ട് അയാളുടെ പഠനത്തിനു ഒരു പ്രശ്‌നവും
ഉണ്ടാവുമായിരുന്നില്ല;സ്‌കോളര്‍ഷിപ്പും തടഞ്ഞിട്ടില്ല. അതിന്റെ പേരിലെ
ആത്മഹത്യ എന്ന് വിളിച്ചുകൂവുന്നത് കിട്ടിയ അവസരം രാഷ്ട്രീയമായ
മുതലെടുപ്പിന് പരമാവധി ഉപയോഗിക്കാം എന്ന ഒരു ചിന്തയുടെ അടിസ്ഥാനത്തില്‍
മാത്രമാണ്.

കുറച്ചു നാളായി അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (  എ എസ് എ )
ഹൈദരാബാദ് സര്‍വകലാശാല  കാമ്പസില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു.
നക്‌സല്‍  മാവോയിസ്റ്റ് ശൈലിയിലായിരുന്നു അവരുടെ നീക്കങ്ങള്‍. അവിടത്തെ
പട്ടിക ജാതി  പട്ടിക
വര്‍ഗ വിദ്യാര്‍ഥികളെ  ലക്ഷ്യമിട്ടാണ് അവര്‍ സംഘടനക്ക് അംബേദ്കറുടെ
പേരുനല്കിയത് എന്നത്  പരസ്യമാണ്. തങ്ങളെ  എതിര്‍ക്കുന്നവരെ കായികമായി
നേരിടുന്നതായിരുന്നുവത്രേ  അവരുടെ ശൈലി. പലപ്പോഴും അതുകൊണ്ട് തന്നെ അവിടെ
സംഘര്‍ഷങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. ഏറ്റവുമൊടുവില്‍ മുംബൈ സ്‌ഫോടനക്കേസില്‍
ശിക്ഷിക്കപ്പെട്ട യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചതോടെ
ഈ സംഘം കാമ്പസില്‍ വലിയ പ്രതിഷേധത്തിന് തയ്യാറായി. ദിവസേന എന്നോണം പ്രതിഷേധ
പ്രകടനങ്ങള്‍ അക്കാലത്ത് കാമ്പസില്‍ പതിവായി. അതിലെല്ലാം ദേശ വിരുദ്ധ
മുദ്രാവാക്യങ്ങളും ഉയരാന്‍ തുടങ്ങി. ‘ നിങ്ങള്‍ എത്ര യാക്കൂബുമാരെ കൊല്ലും;
ഓരോ വസതികളില്‍ നിന്നും പുതിയ യാക്കൂബ് മേമന്മാര്‍ ഉയര്‍ന്നുവരും
…………’. അങ്ങിനെപോയി അവരുടെ പ്രതിഷേധത്തിന്റെയും
മുദ്രാവാക്യങ്ങളുടെയും രീതി. ഇത് ദേശവിരുദ്ധമാണ്    എന്ന്  ചിന്തിച്ചവര്‍
കാമ്പസില്‍ ഉണ്ടായിരുന്നു; അത് സ്വാഭാവികമാണല്ലോ.   മുംബൈ ഭീകരാക്രമണത്തില്‍
പങ്കെടുത്തു മനുഷ്യരെ കൊലപ്പെടുത്തിയത് അടക്കമുള്ള കുറ്റങ്ങള്‍ക്ക്
പിടിയിലായ വ്യക്തിയെ  കോടതി വിധിപ്രകാരം തൂക്കിലേറ്റിയതിനെ എതിര്‍ക്കുന്നു;
പിന്നെ അത്തരം അനവധി മേമന്മാര്‍ , അതായത് ദേശവിരുദ്ധ പ്രവര്‍ത്തകര്‍,  ഇവിടെ
ഉയര്‍ന്നുവരുമെന്ന്  പരസ്യമായി
പ്രസ്താവിക്കുന്നു. അതിന്റെയര്‍ഥം വ്യക്തമല്ലേ.   കൂടുതല്‍ ഭീകരരെ അല്ലെങ്കില്‍
കൂടുതല്‍ ദേശ വിരുദ്ധ പ്രവര്‍ത്തകരെ  തങ്ങള്‍ സൃഷ്ടിക്കും എന്നതാണല്ലോ
അതില്‍നിന്ന് മനസിലാക്കേണ്ടത്.  അതിനെ ന്യായീകരിക്കാന്‍ ഇന്ത്യയോട്
സ്‌നേഹമുള്ള ഒരാള്‍ക്ക് കഴിയുമോ? ദേശവിരുദ്ധ പ്രവര്ത്തനം എന്നല്ലാതെ അതിനെ
മറ്റെന്താണ് വിളിക്കുക?. ഈ രാഷ്ട്ര  വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന
സംഘടനക്കൊപ്പം മുന്നില്‍ നിന്നിരുന്നയാളാണ് ആത്മഹത്യ ചെയ്ത രോഹിത്.

മേമന്‍ പ്രശ്‌നത്തില്‍ രോഹിതും കൂട്ടരും സ്വീകരിച്ച നിലപാടിനെതിരെ രംഗത്തുവന്ന
എ ബി വി പിയുടെ അവിടത്തെ  പ്രമുഖ നേതാവിനെ പിറ്റേന്ന് സര്‍വകലാശാലാ ഹൊസ്റ്റല്‍ മുറിയില്‍
കയറി ആക്രമിച്ചു. അയാളെ വലിച്ചിഴച്ചുകൊണ്ടുവന്ന്  ഹൊസ്റ്റലിന്റെ
സെക്യൂരിറ്റി ഗേറ്റ് വരെ എത്തിച്ചു; പിന്നീട്  ഫേസ് ബുക്ക് ഓപ്പണ്‍ ചെയ്ത്
നിര്‍ബന്ധിച്ച് ക്ഷമാപണം എഴുതി പോസ്റ്റ് ചെയ്യിച്ചു. ക്രൂര മര്‍ദ്ദനത്തില്‍
പരിക്കേറ്റ അയാളെ പിന്നീട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെവെച്ചു
ശാസ്ത്രക്രിയക്കും വിധേയനായി.  ഈ പ്രശ്‌നമാണ് പരാതി രൂപത്തില്‍ സര്‍വകലാശാല
അധികൃതര്‍ മുന്പാകെ എത്തിപ്പെട്ടത്.  അതിന്മേല്‍ നടപടി എടുക്കാന്‍ വൈസ് ചാന്‍സലര്‍
അടക്കമുള്ളവര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായി. കാമ്പസില്‍ നടന്ന അക്രമത്തേയും
ദേശ വിരുദ്ധ കാമ്പൈനുമൊക്കെയാണ് യഥാര്‍ഥ പ്രശ്‌നം. അത് തെറ്റ് തന്നെയാണല്ലോ.
അതില്‍ ഉള്‍പ്പെടുന്നവരുടെ ജാതിയും മതവും നോക്കി എഫ് ഐ ആര്‍ തയ്യാറാക്കാന്‍
കഴിയില്ലല്ലോ. സര്‍വകലാശാലക്കും കുട്ടികളുടെ ജാതി നോക്കി അച്ചടക്കം
പാലിക്കാന്‍ പറ്റില്ലല്ലോ. സര്‍വകലാശാല ചട്ടമനുസരിച്ച് ഒരു സമിതിയാണ് പരാതി
പരിശോധിച്ചത്; കുറ്റം ചെയ്തവര്‍ക്കെതിരെ നടപടിക്കു ശുപാര്‍ശ നല്കിയതും അവര്‍
തന്നെ. കാര്യങ്ങള്‍ നിയമാനുസൃതമാണ് നടന്നത് എന്നര്‍ഥം.

ഇനി കേന്ദ്ര മന്ത്രി ബന്ദാരു ദത്താത്രേയ എന്ന കേന്ദ്ര മന്ത്രി ചെയ്ത
അപരാധം എന്താണ് എന്നുകൂടി നോക്കാം.  സര്‍വകലാശാല കാമ്പസില്‍ നടക്കുന്ന
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഒരു കത്ത് കേന്ദ്ര മാനവ ശേഷി
വകുപ്പുമന്ത്രിക്ക് അയക്കുകമാത്രമാണ് അദ്ദേഹം ചെയ്തത്. തന്റെ മണ്ഡലത്തില്‍
പെട്ട സര്‍വകലാശാലയില്‍ ഇങ്ങനെയൊക്കെ നടക്കുന്നു. അത് സംബന്ധിച്ച പരാതികളില്‍
ആവശ്യമായ നടപടിയും സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല.  ഇത്
ശ്രദ്ധയില്‍ പെടുത്തുന്നു; ആവശ്യമായ നടപടി പ്രതീക്ഷിക്കുന്നു
എന്നതുമാത്രമാണ് ദത്താത്രേയ പറയുന്നത്.  (കത്തിന്റെ കോപ്പി ഇന്ന്
ലഭ്യമാണ്. ). അതുമല്ല, ആ കത്ത് അദ്ദേഹം  അയച്ചത് അഞ്ചു മാസം മുന്പും;
കൃത്യമായി പറഞ്ഞാല്‍ 2015 ആഗസ്ത് 15 ന് . അതുകൊണ്ട്  ഒരാള്‍ അഞ്ചുമാസം
കഴിഞ്ഞ്  ആത്മഹത്യ ചെയ്തുവെന്നും അതിന്റെ പേരില്‍ മന്ത്രി രാജിവെക്കണം
എന്നും പറയാന്‍ ഒരുപക്ഷെ നമ്മുടെ യെച്ചൂരി സഖാവിനും കേജ്രിവാളിനും പിന്നെ
രാഹുല്‍ ഗാന്ധിക്കും മാത്രമേ കഴിയൂ. .

നമ്മുടെ കാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്ത്തനം വേണം.  എന്നാലതിന് ഒരു
നിയന്ത്രണവും പാടില്ല എന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. അത് എങ്ങിനെ
ആര്‍ക്ക് സമ്മതിക്കാന്‍ കഴിയും. ഇന്നിപ്പോള്‍ ആഗോള തലത്തില്‍ തന്നെ ഭീകരത വലിയ
പ്രശ്‌നമായി ഉയര്‍ന്നുവരുമ്പോള്‍ അതിനനുകൂലമായ നീക്കങ്ങള്‍ ഉണ്ടായാല്‍ വളരെ
ഗൌരവത്തില്‍ കാണേണ്ടിവരും. അത് ഒരു ഭരണകൂടത്തിന്റെ ചുമതലയാണ്. അംബേദ്കറുടെ
നാമധേയത്തിലാണ് ഇന്നിതൊക്കെ നടക്കുന്നത് എന്നതാണ് ആശങ്ക
വര്ധിപ്പിക്കുന്നത്.  ഇതിനെ ഭരണകൂട ഭീകരത എന്നൊക്കെ വിളിക്കാന്‍ ചിലര്‍
താല്പര്യം കാണിക്കുന്നുണ്ട്.  ഇവിടെയെവിടെയാണ് ഭരണകൂട ഭീകരത?. ഇവിടെ ആത്മ
ഹത്യ ചെയ്ത വിദ്യാര്‍ഥി  ഇന്നിപ്പോള്‍ പരസ്യമാണ്. അതില്‍ ആതമഹത്യ
ചെയ്യുന്നതിനുള്ള കാരണങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. സ്വന്തം
കൈപ്പടയിലെഴുതിയതാണ് ആ കത്ത്. ‘ ഈ മരണത്തിന് ഞാന്‍ അല്ലാതെ മറ്റൊരാളും
ഉത്തരവാദിയല്ല’ എന്നതില്‍ തുറന്നെഴുതിയിട്ടുണ്ട് . എന്നിട്ടും ഭരണകൂട ഭീകരത
കാണാന്‍ ശ്രമിച്ചാലോ ?.

സംഘ പരിവാറിനെ,  പ്രത്യേകിച്ച് ആര്‍ എസ് എസിനെയും ബിജെപിയെയുമൊക്കെ ദളിത്
വിരുദ്ധരും പിന്നാക്ക വിഭാഗക്കാരുടെ ശത്രുക്കളു മൊക്കെയായി
ചിത്രീകരിക്കാനുള്ള ആസൂത്രിത ശ്രമമാണിത്.  ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുവേളയില്‍ അത്
നാം കണ്ടതാണ്. ദാദ്രിയും,  പുരസ്‌കാരങ്ങള്‍ തിരികെ നല്‍കലുമൊക്കെ. പുരസ്‌കാരം
തിരികെ നല്‍കിയവര്‍ക്ക്  ‘വേണ്ടതിലധികം പുരസ്‌കാരം ‘ കോണ്‍ഗ്രസുകാര്‍
നല്കിയെന്നതും ഇന്നിപ്പോള്‍ പരസ്യമായി വരുന്നു. നാണം കേട്ട സാഹിത്യ
പ്രതിഭകളുടെ ലജ്ജയില്ലാത രാഷ്ട്രീയക്കളിയാണ് അന്നുകണ്ടത്. അതിന്റെ
ഒരാവര്‍ത്തനമാണ് ഇന്നിപ്പോള്‍ പ്ലാന്‍ ചെയ്തിട്ടുള്ളത്.  ആര്‍ എസ് എസും സംഘ
പരിവാര്‍ പ്രസ്ഥാനങ്ങളും ആദിവാസി  പട്ടിക ജാതി വിഭാഗക്കര്‍ക്കിടയില്‍
നടത്തിവരുന്ന പ്രവര്‍ത്തങ്ങള്‍ സംബന്ധിച്ച് ഒരു ധാരണയുമില്ലാത്ത കൂട്ടരാണിത്.
കഴിഞ്ഞ മൂന്നു ലോകസഭകളില്‍ രാജ്യത്തെ ഏറ്റവുമധികം പട്ടികവര്‍ഗ  പട്ടിക
ജാതി സംവരണ മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ചുവന്നവര്‍ ബിജെപിക്കാരാണ് എന്നത്
മറക്കരുത്.   പട്ടിക ജാതി വര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ആധിപത്യമുള്ള
പ്രദേശങ്ങളില്‍ ബിജെപിക്കും സംഘ പ്രസ്ഥാനങ്ങള്‍ക്കുമുള്ള അംഗീകാരവും
സ്വാധീനവും അത്ര വലുതാണ് എന്നല്ലേ അത് കാണിക്കുന്നത്. വനവാസി മേഖലയില്‍
ആഴത്തില്‍ ഇറങ്ങിച്ചെന്ന്  പ്രവര്‍ത്തിക്കുന്നവരും സംഘ പ്രസ്ഥാനങ്ങള്‍
തന്നെയാണ്. വനവാസി കല്യാണ്‍ ആശ്രമം നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ ഒരര്‍ഥത്തില്‍
മാതൃക തന്നെയാണ്. സ്വന്തം കുട്ടികളെ പഠിപ്പിക്കാന്‍ പ്രയാസമുള്ള  കണ്ടെത്തി
അവരെ വനവാസി ഹോസ്ടലുകളില്‍ എത്തിച്ചു പഠിപ്പിക്കുന്നു.  അത്തരം
നൂറുകണക്കിന് ഹൊസ്റ്റലുകളാണ്, സേവന പ്രവര്‍ത്തനങ്ങളാണ്   സംഘ പ്രസ്ഥാനം നടത്തുന്നത്.
വോട്ടിനുവേണ്ടിയല്ല, മറിച്ച് വനവാസി  പട്ടികജാതി വര്‍ഗ സോദരങ്ങളുടെ നന്മ
ലക്ഷ്യമിട്ടാണ് ഈ
പ്രവര്‍ത്തനങ്ങള്‍. അതൊക്കെ തിരിച്ചറിയാതെയാണ് ചിലര്‍  സംഘ പരിവാറിനെ
അധിക്ഷേപിക്കുന്നത് .

ഹൈദരാബാദ് പോലുള്ള സംഭവങ്ങള്‍ ഉണ്ടാവുന്നത് രാജ്യത്തിന് ഗുണകരമല്ല എന്നത്
ആവര്‍ത്തിക്കട്ടെ. എന്നാലതിനെ മുതലെടുക്കാന്‍ ദല്‍ഹിയില്‍ നിന്ന് പറന്നെത്തിയ
രാഹുലിനെപ്പോലുള്ള രാഷ്ട്രീയക്കാരെക്കുറിച്ച് എന്താണ് പറയുക?.
കോണ്ഗ്രസിന്റെ ആ ഉപാധ്യക്ഷന്‍ രാജ്യത്തും പുറത്തും നടന്നു  പ്രസംഗിച്ച്
സ്വയം അപമാനിതനാവുകയാണ്. ബാംഗളൂരില്‍ നടന്നത് നാം കണ്ടു. പിന്നീട് മുംബൈയില്‍
അതാവര്‍ത്തിച്ചു. ഓരോ   സംവാദം കഴിയുമ്പോഴും അദ്ദേഹം സ്വയം
തുറന്നുകാട്ടപ്പെടുന്നു എന്നത് ആശ്വാസം പകരുന്നു. നമ്മുടെ കോളേജ്
കുട്ടികള്‍ക്ക്  അദ്ദേഹത്തിന്റെ നിലവാരം തിരിച്ചറിയാന്‍ കഴിയുന്നു എന്നതും
അതിലേറെ ആശ്വാസകരം. അത് തന്നെയാണ് ഹൈദരാബാദില്‍ നിന്ന് മടങ്ങുന്ന
രാഹുലിനെക്കുറിച്ചും ഇന്ത്യന്‍ യുവാക്കള്‍ക്കുണ്ടാവുക. അതുകൊണ്ട് ആ
നീക്കങ്ങളില്‍ അസ്വസ്ഥത ഉണ്ടാവേണ്ട  കാര്യമില്ല.   മുന്‍പ് രാഹുല്‍ പൂനെ ഫിലിം
ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചത് മറക്കാറായിട്ടില്ല. അവിടത്തെ
വിദ്യാരഥികള്‍ക്ക്  എന്തെല്ലാം ഉറപ്പാണ് അന്ന് നല്കിയത് എന്നോര്‍ക്കുക.
പിന്നീട് ആ വഴിപോയിട്ടില്ല. ആ വിദ്യാര്‍ഥികള്‍ വഴിയാധാരമായി എന്നതുമാത്രം
ഫലം. അതുതന്നെയാവും  കോണ്ഗ്രസ്  ഉപാധ്യക്ഷനെ ആശ്രയിക്കുന്ന  ഹൈദരാബാദ്
സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ അവസ്ഥയും.

 കൊച്ചു കേരളത്തില്‍ പോലും ഇന്നിപ്പോള്‍ പട്ടികജാതി  ആദിവാസി വിഭാഗക്കാര്‍
പട്ടിണിയും മറ്റും കൊണ്ട് നട്ടം തിരിയുന്നുണ്ടല്ലോ. പട്ടികജാതിയില്‍ പെട്ട
ഒരു വിദ്യാര്‍ഥിനിയെ കെട്ടിയിട്ട് അപമാനിച്ചത് കേരളത്തിലാണ്.  വിശപ്പടക്കാന്‍
എച്ചില്‍ തേടിനടക്കുന്ന ആദിവാസി സഹോദരങ്ങളെ കണ്ടതും കേരളത്തിലാണ്. അതെല്ലാം
അടുത്തിടെ നടന്ന സംഭവങ്ങളാണ്. അന്നൊന്നും കോണ്ഗ്രസിന്റെ ഉപാധ്യക്ഷന് ഒരു
വിഷമവും ആശങ്കയുമുണ്ടായില്ലല്ലോ.  എന്തിനേറെ പറയുന്നു, പത്താന്‍ കോട്ട്
ഭീകരാക്രമണത്തില്‍ വീര മൃത്യു വരിച്ച ഏതെങ്കിലും ധീര ജവാന്മാരുടെ വസതിയില്‍ ഈ
‘യുവരാജാവ്’ പോയോ?. ആ സമയത്ത് അദ്ദേഹം വിദേശത്തു
ആര്‍ത്തുല്ലസിക്കുകയായിരുന്നു. നാടിനോടും നാട്ടാരോടും ഒരു ചുമതലയും
ഇല്ലാത്ത രാഷ്ട്രീയക്കാരന്‍ എന്ന് അദ്ദേഹത്തെക്കുറിച്ച് പറയേ
ണ്ടിവരുന്നതും അതോക്കെക്കൊണ്ടാണ് . സ്വന്തം നാടിനോട് ഒരു ചുമതലയും
ഇല്ലാത്ത ഇത്തരക്കാരെ കരുതിയിരിക്കാന്‍ യുവ തലമുറ തയ്യാറാവുന്നു എന്നതും
നാമൊക്കെ ഇന്ന് കാണുന്നു. അതുതന്നെയാണ് ആശ്വാസം, പ്രതീക്ഷ.

ദത്താത്രായ സ്മൃതി ഇറാനിക്കെഴുതിയ കത്ത് വായിക്കാം

1707e6a0-a05e-4b1b-b1b9-09bd2e972a05

shortlink

Related Articles

Post Your Comments

Related Articles


Back to top button