India

മാരകായുധങ്ങള്‍ ഹോം ഡെലിവറി നടത്തിയിരുന്ന മൊബൈല്‍ ആയുധ ഷോപ്പ് പോലീസ് പൂട്ടിച്ചു

ന്യൂഡല്‍ഹി: മാരകായുധങ്ങള്‍ ഓര്‍ഡറനുസരിച്ച് ഹോം ഡെലിവറി നടത്തിയിരുന്ന മൊബൈല്‍ ആയുധ ഷോപ്പ് പോലീസ് പൂട്ടിച്ചു. ഡല്‍ഹിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് സവീന്ദര്‍ കുമാര്‍ എന്നയാള്‍ പിടിയിലായി.

വാട്‌സ്ആപ്പ്, വീഡിയോ കോളിംഗ് സോഫ്റ്റ്‌വെയറായ ഐഎംഒ എന്നിവ വഴിയാണ് സവീന്ദര്‍ ഓര്‍ഡറുകള്‍ സ്വീരിച്ചിരുന്നത്. സരായ് കലേ ഖാനില്‍ ഒരു ഹോം ഡെലിവറിക്ക് വന്നപ്പോഴാണ് ഇയാള്‍ പിടിയിലാവുന്നത്. ഈ സമയത്ത് ഇയാളുടെ കാറിന്റെ പിന്‍ഭാഗത്ത് തയ്യാറാക്കിയിരുന്ന പ്രത്യേക അറയില്‍ നിന്നും 50 പിസ്റ്റളുകള്‍, 100 വെടിയുണ്ടകള്‍ എന്നിവ പിടികൂടി.

സംഭവവുമായി ബന്ധപ്പെട്ട് മീററ്റ് സ്വദേശിയായ കുമാര്‍ എന്നയാളിനെ പോലീസ് ചോദ്യം ചെയ്തു. ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ പ്രദേശവാസികളുടെ സഹായത്തോടെ താന്‍ ഒരു ഫാക്ടറി സജ്ജീകരിച്ചിട്ടുണ്ടെന്നും ആവശ്യത്തിനനുസരിച്ച് അവിടെ നിന്നുമാണ് ആയുധങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നല്‍കുന്നതെന്നും കുമാര്‍ പോലീസിനോട് വെളിപ്പെടുത്തി. ബീഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ വേരുകളുള്ള ചില അനധികൃത ആയുധ ഇടപാടുകാരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് അഡീഷണല്‍ കമ്മീഷണര്‍ (സെല്‍) അലോക് കുമാര്‍ പ്രതികരിച്ചു.

ഒന്നര വര്‍ഷത്തിനിടെ ആറു തവണ ആയുധങ്ങള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് പിടിയിലായയാള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഘത്തിന് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടാവാമെന്നാണ് പോലീസ് സംശയിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഒരു സംഘം ജാര്‍ഖണ്ഡിലേക്ക് തിരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button