Parayathe Vayya

ഇതോ പ്രബുദ്ധ കേരളം???

അഞ്ജു പ്രഭീഷ്

കേരളത്തിന് എന്നും ഒരു പ്രബുദ്ധത അവകാശപ്പെടാനുണ്ടായിരുന്നു. ഏത് ഇരുളിൽ നിന്നും കണ്ണഞ്ചിപ്പിക്കുന്ന പരിവേഷങ്ങളിൽ നിന്നും നന്മയെ വേർതിരിച്ചെടുക്കാനുളള കഴിവ് നമുക്കുണ്ടായിരുന്നു… ചാതുർവർണ്യവ്യവസ്ഥിതിയുടെ അമാവാസിയെ നാം പ്രതിരോധിച്ചത്പറയിപെറ്റ പന്തിരുകുലം എന്ന മഹത്തായ പൌർണ്ണമിയെ കൊണ്ടായിരുന്നുവല്ലോ!! മിത്തുകളിൽ പോലും ഇത്രയധികം പ്രബുദ്ധതയാണ് നാം കാത്തുസൂക്ഷിച്ചു വച്ചിരുന്നത്.എത്രമാത്രം പ്രതികരണശേഷിയുണ്ടായിരുന്ന ഒരു ജനതയായിരുന്നു നാം.ബ്രിട്ടീഷ്‌ സാമ്രാജ്യത്തോട് പടവെട്ടി ജീവത്യാഗം ചെയ്ത വേലുത്തമ്പിദളവയുടെയും പഴശ്ശിരാജയുടെയും കുഞ്ഞാലിമരയ്ക്കാരുടെയും പിന്തുടർച്ചക്കാർക്ക് ഇന്ന് എന്തുപറ്റി??നാറിയ വ്യവസ്ഥിതികൾക്കും സാമൂഹിക അനാചാരത്തിനും എതിരെ എന്നും പട നയിച്ചവരായിരുന്നു നമ്മൾ മലയാളികൾ..

സാമൂഹ്യഅനാചാരങ്ങൾക്കെതിരെ പൊരുതിയ ശ്രീനാരായണഗുരുവിന്‍റെയും ചട്ടമ്പിസ്വാമികളുടെയും അയ്യൻകാളിയുടെയും ചാവറയച്ചന്‍റെയും വൈക്കം അബ്ദുൾഖാദർ മൌലവിയുടെയും നാടാണിത്..അവരുടെ പിന്‍തലമുറയ്ക്ക് എന്തേ പ്രതികരണശേഷി നഷ്ടമായി??കേരളത്തിൽ കൊലപാതകങ്ങൾ തുടർക്കഥകൾ ആകുമ്പോൾ സാംസ്കാരികനായകരാരെയും എന്തേ പ്രതികരിച്ചു കണ്ടില്ലാ??പട്ടാപ്പകൽ പോലും നിരത്തുകൾ കുരുതിക്കളമാകുമ്പോൾ ,നിരപരാധികളുടെ ചോരപ്പുഴ ഒഴുകുമ്പോൾ ,കൊലയാളികൾ കാഹളം മുഴക്കുമ്പോൾ സാംസ്കാരികനായകര്‍ക്കെന്തേ മൌനം?എന്തിലും ഏതിലും അസഹിഷ്ണുത മാത്രം കണ്ടിരുന്ന ഒരു പറ്റം സാംസ്കാരികനായകർ എന്തേ കേരളത്തിൽ ,സ്വന്തം തലസ്ഥാനനഗരിയിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി നടക്കുന്ന അരുംകൊലകളെ കുറിച്ചു പ്രതികരിക്കുന്നില്ല?സ്ത്രീയുടെ മാനത്തിനായി അലറിവിളിക്കുന്ന അഭിനവ ഫെമിനിസ്റ്റ് ആക്ടിവിസ്റ്റ്കള്‍ക്ക് ഒരു പെണ്‍കുട്ടിയെ നടുറോഡിൽ വെട്ടികൊന്നത് കാണാന്‍ മാത്രം ഇതുവരെയും കഴിഞ്ഞിട്ടില്ല.അത്തരകാർക്ക് പ്രതികരിക്കണമെങ്കില്‍ ഒരു ചെറിയ ചുംബനസമരമോ താലിപൊട്ടിക്കൽ സമരമോ ഏറ്റവും കുറഞ്ഞത്‌ ഒരു ബിക്കിനി സമരമോ ഒക്കെ വേണം .. മതേതരത്തിനായി അലറിവിളിച്ചു കൊണ്ട് വർഗ്ഗീയത ഇളക്കാനുള്ള സ്കോപ്പ് ഇല്ലാത്തത് കൊണ്ട് സംവിധായകദമ്പതിമാരെയും കാണാനില്ല..കൊലപാതകങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് അവാര്‍ഡുവാപസി ശീലമാക്കിയ സാംസ്കാരികനായകർ എന്തുകൊണ്ട് കേരളത്തിലെ ഈ കൊലപാതകങ്ങൾ കാണുന്നില്ല..ഒരു ഭരണസംവിധാനം തകരാറിലാകുമ്പോൾ അവിടെ അക്രമങ്ങൾ അരങ്ങേറും.അങ്ങനെ വരുമ്പോൾ കേരളസർക്കാർ നല്‍കിയ പുരസ്കാരങ്ങൾ തിരികെ നല്‍കി കൊണ്ട് എന്തുകൊണ്ട് സാറേട്ടത്തിക്കും സച്ചിയേട്ടനും മാതൃകയായി കൂടാ?അതോ കണ്‍മുന്നിലെ കൊലപാതകങ്ങളുടെ ചോരയുടെ നിറം വെള്ളയും അകലങ്ങളിലെ ചോരയുടെ നിറം ചുവപ്പും ആയതു കൊണ്ടാണോ?രോഹിതിന്റെ ആത്മാവിന്റെ തേങ്ങൽ കേട്ടവർക്കു എന്തുകൊണ്ട് ഷബീറിന്റെ ആത്മാവിന്റെ തേങ്ങൽ കേൾക്കാന്‍ കഴിയുന്നില്ല??

തൂലിക പടവാളാക്കിയ ഒരുപാട് കവികളും എഴുത്തുകാരും അക്ഷരപൂജ നടത്തിയ നാട്..മാറ്റുവിന്‍ ചട്ടങ്ങളെയെന്ന വരികൾ നമ്മൾ ഏറ്റുപാടിയത് ഹൃദയം കൊണ്ടായിരുന്നുവല്ലോ…..മലയപ്പുലയന്‍റെ ദുഃഖം നമ്മിൽ ജന്മിത്വവ്യവസ്ഥിതിയോടുള്ള രോഷം ആളിക്കത്തിച്ചു..കയറും തോട്ടിയുടെ മകനും ഒക്കെ കേരളസമൂഹത്തിന്‍റെ നേർക്കാഴ്ച്ചകളായി..നിങ്ങളെന്നെ കമ്യൂണിസ്റ്റ് ആക്കിയെന്ന നാടകം രചിച്ച തോപ്പിൽ ഭാസിയൊക്കെ സമൂഹത്തിനുവേണ്ടി അനുഭവിച്ച ത്യാഗങ്ങളൊക്കെ ഇന്ന് ഓർക്കുന്ന സാംസ്കാരികനായകര്‍ എത്രപേരുണ്ട് ഇന്നത്തെ കേരളത്തിൽ ??സ്വാതന്ത്ര്യസമരസേനാനിയായ നമ്മുടെ ഇമ്മിണിബല്യ സുല്‍ത്താനോളം ഉയരം അവകാശപ്പെടാൻ തക്ക സാഹിത്യനായകർ നമുക്ക് ഇന്നുണ്ടോ?വയലാറിനോളം മനുഷ്യമനസ്സ് കീഴടക്കിയ മറ്റൊരു കവിയെ ചൂണ്ടിക്കാണിക്കുവാൻ ഇന്ന് നമുക്കാവുമോ??

സാംസ്കാരികനായകർക്ക് എന്നും സമൂഹത്തിൽ ചലനമുണ്ടാക്കുവാന്‍ കഴിയും..അക്രമങ്ങൾക്ക് എതിരെ നിങ്ങളൊരു ചെറുവിരൽ അനക്കിയാൽ പോലും അത് സൃഷ്ടിക്കുന്ന കൊടുങ്കാറ്റ് തിന്മകളെ വേരോടെ പിഴുതെറിയും…..പുരസ്കാരപ്പെരുമയിലും താരസിംഹാസനങ്ങളിലും വിരാജിക്കുന്ന നിങ്ങൾ എന്തുകൊണ്ട് ചുറ്റും നടക്കുന്ന കൊള്ളരുതായ്മകൾ കണ്ടില്ലെന്നു നടിക്കുന്നു??അനീതിക്കെതിരെഗർജ്ജിക്കാന്‍ കഴിഞ്ഞിരുന്ന അഴിക്കോടന്‍ മാഷിന്‍റെ വിയോഗത്തോടെ കുറ്റിയറ്റുപോയോ നമ്മുടെ പ്രതികരണശേഷിയുള്ള ബുദ്ധിജീവിവർഗ്ഗം??മുറിച്ചുമാറ്റിയ മരത്തിനായി കരയാൻ കണ്ണുനീർ കരുതിയ മിഴികളെന്തേ തെരുവിൽ പിടഞ്ഞുമരിച്ച ഒരു നാടോടി വൃദ്ധന്റെ മരണം കണ്ടില്ല??കുഞ്ഞുപൂവുകൾ ആതിരയെ തിരഞ്ഞുകൊണ്ട്‌ ഭൂമിക്ക് ചരമഗീതമെഴുതിയവർ എന്തേ ഈ മരണം അറിഞ്ഞീല്ല?? ചില്ലുമേടയിൽ വാഴുന്ന ബുദ്ധിജീവികളേ,ഒന്നോർക്കുക നിങ്ങൾ…പത്മപ്രഭയുള്ള പുരസ്കാരങ്ങളോ ശില്പങ്ങളോ മാത്രം നേടിയതു കൊണ്ടല്ല ആശാനും ബഷീറും വയലാറും അഴീക്കോടും ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നത്,മറിച്ച് അവർക്ക് സഹജീവികളെ തിരിച്ചറിയാൻ കഴിഞ്ഞതുകൊണ്ടായിരുന്നു..മനുഷ്യത്വം എന്ന വികാരം ഉള്ളതുകൊണ്ടു കൂടിയായിരുന്നു…………..

shortlink

Related Articles

Post Your Comments

Related Articles


Back to top button