ChilambuWriters' Corner

നാഡീ ജ്യോതിഷം സത്യമോ?

“ചന്ദ്രേട്ടൻ എവിടെയാ” എന്നാ സിനിമയിൽ തന്റെ മുജ്ജന്മത്തെ കുറിച്ച് നാഡീ ജ്യോതിഷത്തിലൂടെ തിരിച്ചറിഞ്ഞ നായകൻ കഴിഞ്ഞ ജന്മത്തിലെ കാമുകിയെ കണ്ടെത്തുന്ന രംഗങ്ങളുണ്ട്. അത് കണ്ട എല്ലാവരും ചിന്തിച്ചിരിക്കാം എന്താണീ നാഡീ ജ്യോതിഷം. ഇത്ര കൃത്യമായി മുജ്ജന്മത്തെ കുറിച്ച് തിരിച്ചറിയാനാകുമോ? ഇത് കള്ളത്തരം അല്ലെ? കൈ നോക്കി പ്രവചനം നടത്താൻ കഴിയുമോ, വർഷങ്ങൾക്കു മുൻപ് എഴുതി വച്ചിരിയ്ക്കുന്ന താളിയോലയിൽ ജന്മങ്ങളെ കുറിച്ചുള്ള പ്രവചനങ്ങൾ എത്രത്തോളം കൃത്യമായിരിക്കും? പലരും ഇതറിയാൻ വേണ്ടി താളിയോലകൾ എടുത്തവരുണ്ട്, ചിലരുടെതൊക്കെ കൃത്യമായിരിക്കാം ,ചിലരുടേത് തെറ്റുമായിരിക്കാം. എന്നാൽ വലിയൊരു പാരമ്പര്യത്തിന്റെ അടിസ്ഥാനം പറയാനുണ്ട് ഈ താളിയോലകൾക്ക്.

ചിദംമ്പരം വൈത്തീശ്വരൻ കോവിൽ പ്രശസ്തമാണ്. ഇ സ്ഥലം ക്ഷേത്രങ്ങളുടെ നിറഭൂമിയാണ്‌. അതിനും അപ്പുറം ഈ സ്ഥലം അറിയപ്പെടുന്നത് താളിയോല-നാഡീ ജ്യോതിഷത്തിനാണ്. കൂണുകൾ പൊട്ടി മുളയ്ക്കുന്നത് പോലെയാണ് ഇവിടെ ഓലകൾ കയ്യിലുണ്ടെന്ന് അവകാശപ്പെടുന്നവരുടെ സങ്കേതങ്ങൾ. നിരവധിയുണ്ട്. വരുന്നവരുടെ മിക്കവരുടെയും ഓലകൾ തങ്ങളുടെ കയ്യിൽ ഉണ്ടെന്ന അവകാശ വാദവും പലപ്പോഴും ഇവർ പ്രകടിപ്പിക്കാറുണ്ട്. ചെല്ലുന്നവരുടെ തള്ളവിരൽ ആദ്യം മുദ്ര വയ്ക്കണം, അത് ചേർത്ത് വച്ച് നോക്കിയാണ് വരുന്നവരുടെ ജന്മ ബന്ധമുള്ള ഓലക്കെട്ടുകൾ കണ്ടെത്തുന്നത്. നാഡീ ജ്യോതിഷത്തിലൂടെ മുജ്ജന്മം അറിയാമെന്നു പറയുന്ന അനേകം ബോർഡുകൾ ഈ പ്രദേശത് കാണാൻ കഴിയും. ഇത്യയിൽ നിന്ന് മാത്രമല്ല വിദേശങ്ങളിൽ നിന്ന് പോലും നിരവധി പേരാണ് നിത്യവും തങ്ങളുടെ ജന്മ രഹസ്യം തേടി ഇവിടെ എത്തുന്നത്. നാഡീ ജ്യോതിഷം ഇപ്പോൾ പണം നൽകിയാൽ ഓൺ ലൈനിലും കിട്ടും എന്നതാണ് അവസ്ഥ.

എന്താണ് നാഡീ ജ്യോതിഷം? പുരാതന കാലത്ത് ശിവലോകത്തില്‍ വെച്ച് പരമഗുരുവായ ഭഗവാൻ ശിവൻ പാർവ്വതി ദേവിയോട് ഈ പുതിയ കാലഘട്ടത്തില്‍ ജനിയ്ക്കുന്ന അനവധി ആളുകളെക്കുറിച്ച് അറിയിച്ചത്, ഈ ഭൂമിയിൽ വെച്ച് ധ്യാനത്തിൽ ദർശിച്ച അഗസ്ത്യൻ , വിശ്വാമിത്രൻ , വസിഷ്ഠൻ തുടങ്ങിയ മഹർഷിമാർ ഭഗവാന്റെ ആജ്ഞപ്രകാരം അവ കൃത്യമായി താളിയോലകളിൽ സംസ്‌കൃത ഭാഷയിൽ എഴുതിവെച്ചു. ഇതാണ് പിന്നീട് വന്നവർ തിരുത്തലുകൾ ഒക്കെ നടത്തി കച്ചവട സാധ്യതകൾ കണ്ടെത്തി ഈ ജ്യോതിഷത്തെ വില്പ്പനയ്ക്ക് വച്ചത്. മാത്രമല്ല ഇതിന്റെ യാഥാർത്ഥ്യം തിരിച്ചറിയപ്പെടാതെ ഇരിക്കാൻ ഇതിന്റെ മൂല കൃതികൾ നശിപ്പിക്കപ്പെട്ടു എന്നും പറയപ്പെടുന്നു.

എന്തായാലും ഇന്നത്തെ നാഡീ ജ്യോതിഷം എന്ന് പറയപ്പെടുന്നത് നല്ലതും കള്ളത്തരവും അടങ്ങിയ ഒരു കൂടാണ്. ഭൂതവും ഭാവിയും പറഞ്ഞു മനുഷ്യന്റെ ചില വിശ്വാസങ്ങളെ ആവശ്യത്തിലധികം ഇവിടെ ചൂഷണം ചെയ്യുന്നുമുണ്ട്. മൂല കൃതിയിൽ നിന്ന് പകർത്തപ്പെട്ടതെന്ന് വിശ്വസിച്ചാലും എത്രയോ കോടി മനുഷ്യരുടെ മുജ്ജന്മ വിവരണങ്ങൾ പലതും എത്രമാത്രം വിശ്വാസ യോഗ്യമാണ്? ഇന്നത്തെ കാലത്ത് ആളുകളെ പറ്റിക്കാനും ഇത്തരം തന്ത്രങ്ങൾ നിരവധി പേര് ഉപയോഗിക്കുന്നുണ്ട്. നാഡീ ജ്യോതിഷം സത്യമാണെങ്കിൽ പോലും ആ പേരിൽ നിരവധി പറ്റിക്കലുകൾ നാട്ടിൽ പ്രത്യേകിച്ച് ചിദംമ്പരത്ത് നടക്കുന്നുണ്ട് എന്നത് സത്യമാണ്. വിശ്വസിക്കണം എന്നുള്ളവർക്ക് വിശ്വസിക്കാം അത്ര തന്നെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button