Parayathe VayyaWriters' Corner

ഇസ്രത്ത് ജഹാന്‍റെ പ്രേതം കൊണ്‍ഗ്രസിനെ വേട്ടയാടുമ്പോള്‍

ഇസ്രത്ത് ജാഹന്‍ എന്ന പേര് കുറച്ചുകാലം മുമ്പ് വരെ ബിജെപിക്കായിരുന്നു തലവേദന. പക്ഷെ, 2008 മുംബൈ ആക്രമണക്കേസ് പ്രതി ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്ലി അമേരിക്കയിലെ തന്‍റെ ജയിലറയില്‍ ഇരുന്നുകൊണ്ട് വീഡിയോ കോണ്‍ഫ്രന്‍സിംഗ് വഴി നടത്തിയ വെളിപ്പെടുത്തലുകള്‍ക്കു ശേഷം ഇസ്രത്ത് ജഹാന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ഞെട്ടിത്തരിക്കുന്ന അവസ്ഥയിലായത് മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസാണ്. ഇസ്രത്ത് ലഷ്കര്‍-ഇ-തോയ്ബക്ക് വേണ്ടി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഒരു വനിതാചാവേര്‍ ആയിരുന്നു എന്ന – കാലങ്ങളായി ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ തങ്ങളുടെ വിവിധ അന്വേഷണ റിപ്പോര്‍ട്ടുകളില്‍ വ്യക്തമായി സൂചിപ്പിച്ചിരുന്നതു പോലെതന്നെ – വസ്തുത ശരിവയ്ക്കുകയാണ് ഹെഡ്ലി ചെയ്തത്. ഇതേത്തുടര്‍ന്ന്‍ ഇസ്രത്ത് ജഹാനേയും കൂട്ടാളികളേയും ഗുജറാത്ത് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ കോണ്‍ഗ്രസിനുള്ള സ്ഥാപിത താല്‍പര്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് മുന്‍ യുപിഎ ഗവണ്മെന്‍റിന്‍റെ കീഴില്‍ ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥര്‍ തന്നെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്.

ഇസ്രത്ത് ജാഹാന്‍ വധിക്കപ്പെട്ട സംഭവം തങ്ങളുടെ രാഷ്ട്രീയ ശത്രുക്കളെ ഒതുക്കാന്‍ എങ്ങനെ ഉപയോഗിക്കാം എന്ന രീതിയിലാണ് കോണ്‍ഗ്രസ് കൈകാര്യം ചെയ്തിരുന്നതെന്ന്‍ പലപ്പോഴായി ഇതിനെപ്പറ്റി പുറത്തുവന്നിട്ടുള്ള വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നു. ഇസ്രത്ത് ജഹാന്‍റെ ലഷ്കര്‍ ബന്ധത്തെക്കുറിച്ച് 2010-ല്‍ തന്നെ ഡേവിഡ്‌ ഹെഡ്ലി തുറന്നു പറഞ്ഞിട്ടുള്ളതാണ്. ഇസ്രത്ത് കേസ് ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരുന്ന സമയമായിരുന്നു അത്. പക്ഷെ ഹെഡ്ലി അങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്നായിരുന്നു അന്നത്തെ യുപിഎ ഗവണ്മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) ഗുജറാത്ത് ഹൈക്കോടതിയെ ബോധിപ്പിച്ചത്. ഇന്‍റലിജന്‍സ് ബ്യൂറോ (ഐബി) അന്ന്‍ ആരോപിച്ചത്, എന്‍ഐഎ-യുടെ ആദ്യ റിപ്പോര്‍ട്ടില്‍ ഹെഡ്ലി നടത്തിയ വെളിപ്പെടുത്തലുകളെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു എന്നും, കോടതിയില്‍ സമര്‍പ്പിക്കുന്നതിനു മുമ്പ് പ്രസ്തുത വിവരങ്ങള്‍ അടങ്ങിയ രണ്ട് പാരഗ്രാഫുകള്‍ നീക്കം ചെയ്തിരുന്നു എന്നുമാണ്.

2013-ല്‍ തന്നെ ഇന്ത്യാടുഡേയും ഹെഡ് ലൈന്‍സ് ടുഡേയും ഇസ്രത്തിന്‍റെ ലഷ്കര്‍ ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസ്, അഭ്യന്തരമന്ത്രി എന്നിവരോട് അന്നത്തെ ഇന്‍റലിജന്‍സ് ബ്യൂറോ ചീഫ് അസിഫ് ഇബ്രാഹിം പറഞ്ഞിരുന്നത് നരേന്ദ്ര മോദി, എല്‍ കെ അദ്വാനി എന്നിവരെ വധിക്കാന്‍ നിയോഗിക്കപ്പെട്ട ലഷ്കര്‍-ഇ-തോയ്ബ സംഘത്തിലെ അംഗമാണ് ഇസ്രത്തും എന്ന്‍ തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഐബി-യുടെ പക്കല്‍ ഉണ്ടെന്നാണ്. ഡേവിഡ്‌ ഹെഡ്ലി നടത്തിയ വെളിപ്പെടുത്തലുകളെക്കുറിച്ചും, അവയെ അമേരിക്കന്‍ അഭ്യന്തര സുരക്ഷാ ഏജന്‍സിയായ എഫ്ബിഐ സാധൂകരിച്ചതിനെപ്പറ്റിയും അസിഫ് അന്ന്‍ പറഞ്ഞിരുന്നു. ഈ വിവരം എഫ്ബിഐ അറിയിച്ചിരുന്നത് ഇന്ത്യന്‍ അഭ്യന്തര മന്ത്രാലയത്തെയായിരുന്നു. ഈ വെളിപ്പെടുത്തലുകളേയും അവഗണിക്കുകയാണ് എന്‍ഐഎ ചെയ്തത്.

ഹെഡ് ലൈന്‍സ് ടുഡേയിലെ റിപ്പോര്‍ട്ട് ഇസ്രത്തിനൊപ്പം വധിക്കപ്പെട്ട ജാവേദ്‌ ഷെയ്ഖ് ഒരു ലഷ്കര്‍ കമാന്‍ഡറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്‍റെ ഓഡിയോ സംപ്രേക്ഷണം ചെയ്തിരുന്നു. നരേന്ദ്ര മോദി, എല്‍ കെ അദ്വാനി എന്നിവരെ വധിക്കാനുള്ള ലഷ്കര്‍ പദ്ധതിയുടെ ഭാഗമായിരുന്നു ഇസ്രത്ത് എന്ന് ഹെഡ് ലൈന്‍സ് ടുഡേ റിപ്പോര്‍ട്ടും വ്യക്തമാക്കി.

ഹെഡ്ലി 2016 ഫെബ്രുവരിയില്‍ വീഡിയോ കോണ്‍ഫ്രന്‍സിംഗ് വഴി നടത്തിയ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന്‍ മുന്‍ ഇന്‍റലിജന്‍സ് ബ്യൂറോ അന്വേഷണോദ്യോഗസ്ഥന്‍ രാജേന്ദ്ര കുമാര്‍ പറഞ്ഞത് അന്വേഷണത്തിന്‍റെ പല ഘട്ടങ്ങളിലും നരേന്ദ്ര മോദി, അമിത് ഷാ എന്നിവരെ ഇസ്രാത്തിന്‍റെ വധത്തിലെ ഗൂഡാലോചനക്കാരായി ചിത്രീകരിക്കാന്‍ പ്രലോഭനങ്ങളുമായി യുപിഎ ഗവണ്മെന്‍റുമായി ബന്ധപ്പെട്ട പലരും സമീപിച്ചിരുന്നു എന്നാണ്.

ഇപ്പോള്‍ പി ചിദംബരം അഭ്യന്തരമന്ത്രി ആയിരുന്ന കാലത്ത് അഭ്യന്തര സെക്രട്ടറി ആയിരുന്ന ജി കെ പിള്ളയും, അഭ്യന്തര മന്ത്രാലയത്തില്‍ അണ്ടര്‍-സെക്രട്ടറി ആയിരുന്ന ആര്‍ വി എസ് മണിയുമാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. ഗുജറാത്ത് ഹൈക്കോടതിയില്‍ കേന്ദ്രഅഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച രണ്ട് സത്യവാങ്മൂലങ്ങളെ സംബന്ധിച്ച കാര്യങ്ങളാണ് പിള്ളയുടെ തുറന്നുപറച്ചിലില്‍ ഉള്ളത്. 2009 അഗസ്റ്റിലും, 2009 സെപ്റ്റംബറിലുമായി രണ്ട് സത്യവാങ്മൂലങ്ങളാണ് അഭ്യന്തരമന്ത്രാലയം ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ആഗസ്റ്റില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇസ്രത്തും, ജാവേദ് ഷെയ്ഖുമടക്കം ഗുജറാത്ത് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ട നാലുപേരും ലഷ്കര്‍ തീവ്രവാദികളാണെന്ന പരാമര്‍ശം ഉണ്ടായിരുന്നു. പക്ഷെ, ഒരുമാസത്തിനു ശേഷം സെപ്റ്റംബറില്‍ സമര്‍പ്പിച്ച തിരുത്തിയ സത്യവാങ്മൂലത്തില്‍ പ്രസ്തുത പരാമര്‍ശങ്ങള്‍ ഒഴിവാക്കി. ഇത് അഭ്യന്തരമന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിക്കാതെ പി ചിദംബരം സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണെന്നാണ് പിള്ളയുടെ വെളിപ്പെടുത്തല്‍. ഇസ്രത്തിനെ രക്തസാക്ഷിയായി ചിത്രീകരിച്ച് രാഷ്ട്രീയനേട്ടങ്ങള്‍ കൊയ്യാന്‍ തിടുക്കപ്പെട്ടിരിക്കുന്നവര്‍ക്ക് പ്രതികൂലമാകുന്ന പരാമര്‍ശങ്ങള്‍ തന്നിഷ്ടപ്രകാരം ചിദംബരം എന്തിനു നീക്കം ചെയ്തു എന്ന്‍ വ്യക്തമാക്കേണ്ട ചുമതല അദ്ദേഹത്തിനും, കോണ്‍ഗ്രസ് പാര്‍ട്ടിക്കുമുണ്ട്.

ആര്‍ വി എസ് മണിയുടെ വെളിപ്പെടുത്തല്‍ പ്രകാരം, ഇസ്രത്ത് വധിക്കപ്പെട്ട സംഭവം വ്യാജഏറ്റുമുട്ടല്‍ ആയിരുന്നു എന്ന്‍ സ്ഥാപിക്കാന്‍ സഹായകരമായ നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചുകൊണ്ട് സിബിഐ ഉദ്യോഗസ്ഥര്‍ സമീപിച്ചിരുന്നു എന്നും, വ്യാജഏറ്റുമുട്ടലാണ് നടന്നതെന്ന് പറയുന്ന പ്രസ്താവനകളില്‍ ഒപ്പ് വയ്ക്കാന്‍ പ്രേരിപ്പിക്കപ്പെട്ടു എന്നും മനസിലാക്കാം. ഈ വെളിപ്പെടുത്തലുകള്‍ ആര്‍ വി എസ് മണി 2013-ല്‍ തന്നെ നടത്തിയിരുന്നു.

ഇസ്രത്തിന്‍റെ ലഷ്കര്‍ ബന്ധം ഇങ്ങനെ പലവിധത്തില്‍ വ്യക്തമായിരുന്നിട്ടും എന്തുകൊണ്ടാണ് അവയെല്ലാം അവഗണിച്ച്, കോടതിയെ വരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ അന്വേഷണത്തില്‍ ഇടപെട്ടുകൊണ്ടും, സിബിഐ അടകമുള്ള അന്വേഷണ ഏജന്‍സികളെ തങ്ങളുടെ രാഷ്ട്രീയ പ്രതിയോഗികളെ എതിരിടാനുള്ള ഉപകരണമാക്കി ഉപയോഗിച്ചുകൊണ്ടും എന്ത് നേട്ടങ്ങളാണ് തങ്ങള്‍ക്ക് ഉണ്ടായതെന്ന് വ്യക്തമാക്കാനുള്ള ബാധ്യത കോണ്‍ഗ്രസിനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button