NewsNews Story

ആർ എസ് എസും ശബരിമലയും

സ്ത്രീ – പുരുഷ സമത്വം ക്ഷേത്ര വിഷയത്തിലും വേണം

‘പാലിയം വിളംബരം’ പോലെ അനവധി കാര്യങ്ങൾ ചെയ്തത് സംഘ പരിവാർ

സമന്വയം സമവായം കൂടിയാലോചന എന്നിവയിലൂടെ പരിഹാരം

കെവിഎസ് ഹരിദാസ്

സ്ത്രീ – പുരുഷ സമത്വം സംബന്ധിച്ച ആർ എസ് എസിന്റെ നിലപാട് വീണ്ടും രാജ്യത്ത് ചർച്ചാവിഷയമായിരിക്കുന്നു. രാജസ്ഥാനിലെ നഗോറിൽ സമാപിച്ച ആർ എസ് എസിന്റെ അഖിലഭാരതീയ പ്രതിനിധി സഭയിൽ സർ കാര്യവാഹ് ( ജനറൽ സെക്രട്ടറി) അവതരിപ്പിച്ച റിപ്പോർട്ടിലെ ചില പരാമർശങ്ങളാണ് അതിനു വഴിവെച്ചത്. അടുത്തിടെ ശബരിമലയിലെയും മഹാരാഷ്ട്രയിലെ ശനി ഷിഗ്നാപ്പൂർ ക്ഷേത്രത്തിലെയും സ്ത്രീ പ്രവേശനം സംബന്ധിച്ചുയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ആ പ്രശ്നത്തിന് അത്രമാത്രം പ്രാധാന്യം ലഭിച്ചത് എന്നത് വ്യക്തം. പല മാധ്യമങ്ങളും ” ആർ എസ് എസ് നിലപാട് മാറ്റുന്നു; ശബരിമല സ്ത്രീ പ്രവേശനത്തിന് ആർ എസ് എസ് ദേശീയ നേതൃത്വം പച്ചക്കൊടി കാണിച്ചു; അതിനായി എ ബി പി എസിൽ പ്രമേയം പാസാക്കി ……..” എന്നിങ്ങനെയുള്ള രീതിയിലും ശൈലിയിലുമാണ് വാർത്തകൾ നല്കിയത്. ചില ചാനലുകളും അതിന്നലെ ചർച്ച ചെയ്യുന്നുണ്ടായിരുന്നു; അതിലൊന്നിൽ എനിക്കും പങ്കാളിയാവാൻ കഴിഞ്ഞു. യധാർഥത്തിൽ എന്താണ് സംഭവിച്ചത്?. എന്ത് മാറ്റമാണ് ആർ എസ്‌ എസ്‌ നിലപാടിൽ ഉണ്ടായിരിക്കുന്നത്?. അത് പരിഗണിക്കപ്പെടേണ്ട, വിശകലനം ചെയ്യപ്പെടേണ്ട വിഷയമാണ് എന്ന് തോന്നുന്നു.

ആർ എസ്‌ എസ്‌ എന്നും സ്ത്രീ – പുരുഷ സമത്വം എന്ന വിഷയത്തിൽ വ്യക്തവും സംശയലേശമന്യേയുള്ളതുമായ നിലപാട് ആണ് സ്വീകരിച്ചിരുന്നത്. പലപ്പോഴും അത് പുറത്തു വരാറില്ലായിരുന്നു എന്നുവേണമെങ്കിൽ പറയാം. അതിനു പകരം മനുസ്മൃതിയുടെ പ്രവാചകന്മാരാണ് ആർ എസ്‌ എസുകാർ എന്നും എക്കാലത്തും അവർ സ്ത്രീകളെ അടിച്ചമർത്തി കഴിച്ചുകൂട്ടാൻ താല്പര്യം കാണിക്കുന്നവരാണ് എന്നും മറ്റുമുള്ള ആക്ഷേപങ്ങൾ വിമർശകരും പ്രതിയോഗികളും ഉന്നയിക്കാറുണ്ട്. അതൊക്കെ പലപ്പോഴും നമ്മുടെ അത്യന്താധുനിക പുരോഗമനവാദികൾ എന്ന് പറഞ്ഞുനടക്കുന്നവർ ചാനൽ ചർച്ചകളിൽ ഉന്നയിക്കുന്നത് കണ്ടിട്ടും കേട്ടിട്ടുമുണ്ട്. എന്നാൽ അതൊന്നുമല്ല ആർ എസ്‌ എസ്‌ എന്നത് അതിനെ അറിയുന്നവർക്ക് നന്നായി അറിയാം. സ്ത്രീകൾക്ക് ഇത്രമാത്രം പരിഗണന നല്കുന്ന പ്രസ്ഥാനങ്ങൾ കുറവാവും എന്നതാണ് സത്യം. അത് മനസിലാക്കണമെങ്കിൽ ആർ എസ് എസുമായി അടുക്കാനും അതിനെ മനസിലാക്കാനും ശ്രമിക്കണം. നമ്മുടെ ഒരു പ്രശ്നം, പലപ്പോഴും കണ്ടിട്ടുള്ളത്, ആർ എസ് എസിനെ വിമർശിക്കാൻ വരുന്നവരാരും അതിനെ അടുത്തെങ്ങും നിന്ന് കണ്ടിട്ടില്ല എന്നതാണ്. മൈലുകൾ അകലെ നിന്ന് എന്തൊക്കെയോ കാണുകയും കേൾക്കുകയും ചെയ്തിട്ടാണ് അവരെല്ലാം സംഘത്തെയും സംഘ പരിവാറിനെയും വിമർശിക്കുന്നത് . ആർ എസ് എസിനെ സംസ്ഥാനത്തെ പ്രമുഖ നേതാക്കളുടെ പേരുപോലും അവരിൽ പലർക്കും അറിയില്ല. അതിനുള്ള ശ്രമങ്ങൾ നടത്തിയിട്ടില്ല എന്നതാണ് സ്ഥിതി. പിന്നെ എന്തൊക്കെയോ കേട്ട്, എന്തൊക്കെയോ അറിഞ്ഞ് , വിമർശനത്തിന് തയ്യാറായി വരുന്നു. അതിന്റെ മറ്റൊരു രൂപമാണ് സ്ത്രീ- പുരുഷ സമത്വം സംബന്ധിച്ച് ഇപ്പോഴുണ്ടായിട്ടുള്ള ചർച്ചകൾ.

ഇവിടെ നാം മനസിലാക്കേണ്ടത്, നാഗോറിൽ നടന്ന ആർ എസ്‌ എസ്‌ സമ്മേളനത്തിൽ പുതിയൊരു നിലപാട് ആർ എസ് എസ്‌ സ്വീകരിക്കുകയായിരുന്നില്ല എന്നതാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ അവിടെ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ജനറൽ സെക്രട്ടറി സൂചിപ്പിച്ചത്. അനവധി വിഷയങ്ങൾ ആ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട് ; അതിൽ ഒന്നുമാത്രമാണ് സ്ത്രീ – പുരുഷ സമത്വം സംബന്ധിച്ചത്‌ . അതൊരു പുതിയ വിഷയമാണ് എങ്കിൽ അതൊരു പ്രമേയ രൂപത്തിലോ അല്ലെങ്കിൽ സർസംഘചാലകിന്റെ പ്രസംഗ രൂപത്തിലോ ആവുമല്ലോ വെളിച്ചം കാണുക. നേരത്തെയുള്ള കാര്യങ്ങൾ റിപ്പോർട്ടിലൂടെ അഖിലഭാരതീയ പ്രതിനിധി സഭയിൽ ഭയ്യാജി ജോഷി അവതരിപ്പിച്ചു എന്നതാണ് അവിടെ നാമൊക്കെ മനസിലാക്കുന്നത്‌. ആ ഭാഗങ്ങൾ ഒന്ന് നോക്കാം; ഇംഗ്ലീഷിൽ ആണ്.

” Women and Temple entry :- In the last few days, some social elements inimical to the well being of the society have raised an unsavoury controversy over women’s entry to temple. From the hoary past, we have been following a lofty tradition in which, in the religious and spiritual spheres, in matters of worship and piety, both men and women are naturally considered to be equal partners. Generally, both men and women are naturally permitted entry into the temples without any discrimination. Women also have been learning the Vedas and officiating as priests in temples in the natural course.
However, because of some unfair traditions, at certain places there has been a lack of consensus on the question of temple entry. Wherever such problems exist, attempts should be made to bring about a change of mind through proper discussions. It has to be borne in mind that such sensitive issues should not be politicised, and should be resolved only through discussion and dialogue, and not through agitations.
From the point of view of social well-being, through the joint efforts of social and religious leadership, and the temple administration, attempt should be made to bring about a change in mentality at every level “.

“എത്രയോ കാലമായി നാം പുരുഷന്മാരെയും സ്ത്രീകളെയും തുല്യ പങ്കാളികളായാണ് കാണുന്നത് ” എന്നത് രാജ്യത്ത് നിലവിലുള്ള ചിന്താഗതിയിലേക്ക് മാത്രമല്ല മറിച്ച് സംഘ പ്രസ്ഥാനങ്ങൾ കൈക്കൊണ്ടുവരുന്ന നിലപാടിലേക്ക് കൂടിയുള്ള വിരൽ ചൂണ്ടാലാണ്. “സാധാരണയായി ഒരു വിവേചനവും കൂടാതെ സ്ത്രീകൾക്കും പുരുഷന്മാർക്കും ക്ഷേത്രങ്ങളിൽ ദർശനത്തിന് പ്രവേശനം അനുവദിക്കുന്നു. സ്ത്രീകൾ ഇവിടെ വേദ പഠനം നടത്തുന്നുണ്ട്; ചിലയിടത്ത് പൂജാരിമാരായും സ്ത്രീകളുണ്ട്…..” എന്നും ആ റിപ്പോർട്ടിൽ ആർ എസ് എസ് ജനറൽ സെക്രട്ടറി പറയുന്നുണ്ട്. എന്നാൽ ചിലയിടങ്ങളിൽ ക്ഷേത്ര പ്രവേശനം സംബന്ധിച്ച് സമവായം ഉണ്ടാകാത്ത സ്ഥിതിയുമുണ്ട്‌. എവിടെയെങ്കിലും അത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്നുവെങ്കിൽ അവിടെ മാറ്റം ഉണ്ടാക്കാൻ വേണ്ടുന്ന വിധത്തിലുള്ള ചർച്ചകളും മറ്റും നടക്കണം; അതല്ലാതെ അതിനു സമരത്തിന്റെ മാർഗം അവലംബിക്കുകയല്ല വേണ്ടത്; രാഷ്ട്രീയ വല്ക്കരിക്കുകയല്ല വേണ്ടത് ……..”. ആർ എസ് എസ് നിലപാട് വളരെ വ്യക്തമാണ് എന്നർഥം. അതേസമയം ആ റിപ്പോർട്ടിൽ ഒരിടത്തും ശബരിമലയെക്കുറിച്ച് പരാമർശിച്ചിട്ടേയില്ല എന്നത് പറയാതെ പോയ്കൂടാ.

ഇവിടെ പ്രശ്നം ഒരു വിശ്വാസത്തിന്റെതാണ്; ആചാരത്തിന്റെതാണ് . അങ്ങിനെവരുമ്പോൾ അതിനെ മാറ്റാൻ അതിന്റേതായ രീതിയുണ്ട്; സമ്പ്രദായമുണ്ട്. അത് ഒരു ദിവസം രാവിലെ പുറപ്പെടുവിക്കുന്ന ഒരു കോടതിവിധിയിലൂടെ മാറ്റാൻ കഴിയില്ല; ഒരു കാരണവശാലും ആർക്കുമത് ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെയും ഒരു ദിവസം കൊണ്ട് മാറ്റാൻ കഴിയില്ല. ഇന്നിപ്പോൾ കോടതിയോ സർക്കാരോ ഒരു ഉത്തരവ് ഇറക്കിയാൽ നാളെ മുതൽ സ്ത്രീകൾക്ക് ശബരിമലയിലേക്ക് ചെല്ലാൻ കഴിയുമോ ?. ഇല്ല എന്നതിൽ ആർക്കെങ്കിലും സംശയമുണ്ടാവാൻ ഇടയില്ല. അങ്ങിനെ ചിലരെല്ലാം പ്രകടനമായി അവിടേക്ക് പോയേക്കാം; എന്നാൽ അതിനപ്പുറം ഒന്നും നടക്കില്ല. ശബരിമല വിഷയത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന വിധിയുമുണ്ട്. പത്തിനും അൻപതിനും ഇടയിലുള്ള സ്ത്രീകൾക്ക് ശബരിമല സന്നിധാനത്ത് പ്രവേശനം നിഷേധിക്കുന്നതാണ് ആ ഉത്തരവ്. അത് കാണാതെ പോകാനും കഴിയില്ലല്ലോ.
ഇനി ഇതിനിടയിൽ കാര്യങ്ങൾ മാറണമെങ്കിൽ പലതും ചെയ്യേണ്ടതുണ്ട്. അതിലാദ്യമായി ആചാര്യന്മാരെ വിശ്വാസത്തിലെടുക്കാൻ കഴിയണം. അതിനൊപ്പം ഓരോ ക്ഷേത്രങ്ങളെയും ചുറ്റിപ്പറ്റി കടുത്ത ഭക്തരുമുണ്ട് ; അവരുടെ വികാരവും വിശ്വാസവുമൊക്കെ കാണാതെ പോകാൻ കഴിയില്ല. അവരെയും വിശ്വാസത്തിലെടുക്കണം എന്നർഥം. അതൊക്കെ ഒരുതരം സമൂഹ വിദ്യാഭ്യാസത്തിലൂടെയോ അല്ലെങ്കിൽ ബോധവൽക്കരണത്തിലൂടെയോ ഒക്കെയേ കഴിയൂ. അതിനാണ് ചർച്ചയും കൂടിയാലോചനയും വേണമെന്ന് ആർ എസ് എസ്‌ സൂചിപ്പിച്ചത്.

ഇതൊക്കെ സാധ്യമാണോ എന്നതും ഈ വേളയിൽ ഉയരുന്ന ചോദ്യമാണ്. ശരിയാണ്, അനേക കാലമായി നിലകൊള്ളുന്ന രീതികളും സമ്പ്രദായങ്ങളും മാറ്റിമറിക്കാൻ എളുപ്പമല്ല, പ്രത്യേകിച്ച് ദേവന്മാരും മതവും ഒക്കെ ഉൾപ്പെടുന്ന ഒരു പ്രശ്നത്തിൽ. അടുത്തിടെ ഒരു പത്രത്തിൽ വന്ന ഒരു വാർത്തയുടെ പേരിലുണ്ടായ പൊല്ലാപ്പുകൾ നാമൊക്കെ കണ്ടതല്ലേ. എന്തൊക്കെയാണ് ആ പത്രത്തിനു അനുഭവിക്കേണ്ടിവന്നത്?. ഇന്നിപ്പോൾ ഹിന്ദു ദേവീ ദേവന്മാരെക്കുറിച്ചു അധിക്ഷേപിച്ചു പ്രസംഗിക്കുന്നവരും ആക്ഷേപിക്കുന്നവരുമെല്ലാം നമ്മുടെ നാട്ടിലെ ഒരു ന്യൂനപക്ഷ ദൈവത്തെക്കുറിച്ചോ അവരുടെ സമ്പ്രദായങ്ങളെക്കുറിച്ചോ അങ്ങിനെയൊക്കെ തുറന്നു പറയുവാൻ കരുത്തുകാണിക്കുമോ?. ഇന്നിപ്പോൾ ഒരു പക്ഷെ ഒരു ജസ്റ്റിസ് കെമാൽ പാഷ ഉണ്ടാവാം. ശരിയാണ്, 1980-കളുടെ ആദ്യ പകുതിയിൽ ഇ എം എസ് നമ്പൂതിരിപ്പാട് ‘ശരിയത്ത് ‘ വിഷയം ഏറ്റെടുത്തിരുന്നു; അതിനുപിന്നിൽ ഒരു വലിയ രാഷ്ട്രീയ അജണ്ട അന്നുണ്ടായിരുന്നുതാനും. എന്നാൽ ഇന്ന് അതുപോലും നടക്കില്ല; അതിനുള്ള ധൈര്യമില്ല എന്നതാണ് വസ്തുത. എന്നാൽ ഹിന്ദു ദേവീ -ദേവന്മാരെയും ഹിന്ദുക്കളുടെ വിശ്വാസ പ്രമാണങ്ങളെയും അധിക്ഷേപിക്കാൻ അവർക്കെല്ലാം നൂറു നാവാണ്. അതാണ്‌ ഈ വേളയിലും കണക്കിലെടുക്കപ്പെടെണ്ടത്‌ .

ഇനി ഇവിടെ ഉയരുന്ന മറ്റൊരു പ്രശ്നം, ആർ എസ് എസ് കരുതുന്നതുപോലെ അല്ലെങ്കിൽ പറയുന്നതുപോലെ ഒരു സാമൂഹ്യ പരിവർത്തനം കൊണ്ടുവരാൻ കഴിയുമോ ? അങ്ങിനെ നടന്ന ചരിത്രമുണ്ടോ?. അതോ ഇതെല്ലാം വെറും രാഷ്ട്രീയ നീക്കങ്ങൾ മാത്രമോ?. ഇക്കാര്യത്തിൽ സംശയത്തിന് ഒരു അടിസ്ഥാനവുമില്ല എന്നതാണ് എന്റെ വിലയിരുത്തൽ. പ്രശ്ന സങ്കീർണമായ കേരളത്തിൽ പോലും ചിന്തിക്കാനാവാത്ത മാറ്റങ്ങൾ കൊണ്ടുവരാൻ ആർ എസ് എസിനായിട്ടുണ്ട് എന്നത് ചരിത്രത്തിന്റെ ഭാഗമാണിന്ന് . ചെറിയ മാറ്റമല്ല, വലിയൊരു വിപ്ലവം തന്നെ. കേരളത്തിൽ പോലും അത് നടന്നിട്ടുണ്ട്. അബ്രാഹ്മണരെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കാനുള്ള നീക്കങ്ങൾക്ക്‌ മുന്കയ്യെടുത്തതും അതിനായി നിലകൊണ്ടതും സംഘ പ്രസ്ഥാനങ്ങളായിരുന്നുവല്ലോ. ആലുവ അദ്വൈതാശ്രമത്തിൽ നടന്ന പൂജ പഠന ശിബിരം അതിന്റെ ആരംഭമായിരുന്നു എന്നുവേണമെങ്കിൽ പറയാം. അന്നതിന് മുന്കയ്യെടുത്തത് മുതിർന്ന ആർ എസ് എസ് പ്രചാരകനായിരുന്ന പി മാധവജിയാണ്. അവസാനം ആ ശിബിരത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് നല്കാനായി വന്നത് കാഞ്ചി ശങ്കരാചാര്യർ സ്വാമി ജയേന്ദ്ര സരസ്വതിയും. രാജ്യമെന്പാടും കാൽനടയായി കാഞ്ചി സ്വാമികൾ യാത്ര ചെയ്തിരുന്ന കാലഘട്ടത്തിലാണ് അത് എന്നതോർക്കുക. അന്നദ്ദേഹം ആലുവ അദ്വൈതാശ്രമത്തിൽ എത്തുകയും അവിടെയുള്ളവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ക്ഷേത്ര സംരക്ഷണ സമിതിയുടെ നായകനായിരുന്ന, മുതിർന്ന ആർ എസ്‌ എസ്‌ പ്രചാരകൻ തന്നെയായ പി രാമചന്ദ്രനും മാധവ്ജിക്കൊപ്പം ഈ പദ്ധതിക്ക് കൂടെയുണ്ടായിരുന്നു. ശ്രീ നാരായണ ഗുരു സ്ഥാപിച്ചത് ഉൾപ്പടെയുള്ള കേരളത്തിലെ ഒട്ടനവധി ക്ഷേത്രങ്ങളിൽ പൂജാരിമാരായി ഇന്നും അവരെല്ലാം ഉണ്ട്. അവരിപ്പോഴും നന്ദി പറയുക പി മാധവ്ജിയോടാണ്. കാഞ്ചി ആചാര്യനിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങാൻ കഴിയുക എന്നത് അവരെപ്പോലുള്ളവർക്ക് ചിന്തിക്കാൻ കഴിയാത്തതായിരുന്നു. ആലുവയിൽ തന്ത്ര വിദ്യാപീഠം സ്ഥാപിതമാകുന്നത് ഏതാണ്ട് ഇതേ ഉദ്ദേശ്യത്തോടെയാണ്. നല്ല പൂജാരിമാർ ഉണ്ടാകുക എന്ന ലക്ഷ്യത്തോടെ. പറവൂർ ശ്രീധരൻ തന്ത്രിയുടെ മകൻ രാകേഷ് തന്ത്രി പഠിച്ചിറങ്ങിയത് തന്ത്ര വിദ്യാപീഠത്തിൽ നിന്നാണ്. അതുപോലെ അനവധിപേർ. തന്ത്ര വിദ്യാപീഠവും ആർ എസ് എസ്‌ സംരംഭമാണ്. മുതിർന്ന ആർ എസ് എസ്‌ പ്രചാരകനും പിന്നീട് സന്യാസിയുമൊക്കെയായ ഇരവി രവി നമ്പൂതിരിപ്പാടിന്റെ കുടുംബവും അദ്ദേഹത്തിൻറെ വക ക്ഷേത്രവും ആണ് അതിനായി സംഭാവന ചെയ്തത്. ഇന്നും ആ തന്ത്ര വിദ്യാപീഠം ആലുവ പുഴയുടെ തീരത്ത്‌ തലയുയർത്തി നിൽക്കുന്നു.

അതിനുശേഷമാണ് പ്രസിദ്ധമായ ‘പാലിയം വിളംബരം’. വടക്കൻ പറവൂരിനു സമീപമുള്ള പാലിയത്ത് കേരളത്തിലെ തന്ത്രി മുഖ്യന്മാർ ഒന്നിച്ചുകൂടി സുപ്രധാനമായ വിളംബരം പുറപ്പെടുവിക്കുകയായിരുന്നു. ” ബ്രാഹ്മണ്യം എന്നത് ജന്മം കൊണ്ടല്ല; കർമ്മം കൊണ്ടാണ്’ ” എന്നതായിരുന്നു അതിന്റെ സന്ദേശം. അതിനു കേരളത്തിലെ തന്ത്രി മുഖ്യന്മാർ തയ്യാറായി എന്നതാണ് വസ്തുത. അവിടെയും നാം കണ്ടത് പി മാധവ്ജിയെയാണ്. അദ്ദേഹമാണ് ആ ചരിത്ര സംഭവത്തിനു അരങ്ങോരുക്കിയത് . ഇതൊക്കെ ചെയ്തത് ആർ എസ് എസാണ്‌ എന്ന് പറഞ്ഞുനടക്കാറില്ല. അതാണ്‌ ആ സംഘടനയുടെ മഹത്വം. ഇതൊക്കെ സാധ്യമാക്കിയത് കൂടിയാലോചനകൾ തന്നെയാണ്. പാരമ്പര്യ വാദികളായി കണക്കാക്കപ്പെടുന്ന കേരളത്തിലെ തന്ത്രിമുഖ്യന്മാർ ഇതിനൊക്കെ സമ്മതിച്ചു എന്നത് ചെറിയ കാര്യമല്ല എന്നതോർക്കുക. അതുപോലെ നമുക്ക് സംവാദത്തിലൂടെ കൂടിയാലോചനകളിലൂടെ പലതും മാറ്റി മറിക്കാനവും ; തെറ്റുകൾ തിരുത്താനാവും. അതു തന്നെയാണ് ഇന്നിപ്പോൾ നാഗോറിലെ റിപ്പോർട്ടിലൂടെ ആർ എസ് എസ് ജനറൽ സെക്രട്ടറി ഉദ്ദേശിച്ചതും. ദൈനം ദിന ആർ എസ് എസ് ശാഖകളിൽ ജാതിയോ മതമോ ചോദിക്കാതെ എല്ലാവരും ഒരു മണിക്കൂർ ഒന്നിച്ച്‌ അണിനിരക്കുന്നതാണ് അവരുടെ രീതി. അതുകൊണ്ട് തന്നെ അവർക്കിത് പുതുമയല്ല; പുതിയ കാര്യമല്ല. അതാവും അവര്ക്കിത് വലിയ വാർത്തയല്ലാത്തത് . ആർ എസ് എസ് ശാഖകൾ രാജ്യത്തിന്റെ ഒരു പരിഛെദം തന്നെയാകുന്നതും അതൊക്കെക്കൊണ്ടുതന്നെ.

ശബരിമല പോലുള്ള വിഷയങ്ങളിൽ, ശരിയാണ്, വേണ്ടതിലധികം, വിവാദങ്ങൾ ഉയർന്നുകഴിഞ്ഞ സ്ഥിതിക്ക് കാര്യങ്ങൾ കുറേക്കൂടി വിഷമകരമാവും എന്നത് കണക്കിലെടുക്കണം എന്നുമാത്രം. നീത്തെ സൂചിപ്പിച്ചതുപോലെ കോടതി വിധിയും കേസുമൊക്കെ അവിടെ നിലവിലുണ്ട്. അതേസമയം തന്നെ ആർ എസ് എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി മറ്റൊന്നുകൂടി തന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇത്തരം പ്രശ്നങ്ങളെ രാഷ്ട്രീയവൽക്കരിക്കരുത് എന്നതാണത്. ദൌർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ എന്തും ഏതും രാഷ്ട്രീയത്തിൽ എത്തിപ്പെടുന്നു; ഏതും വിവാദമാവുന്നു. ക്ഷേത്രങ്ങളിൽ പോകാറെയില്ല എന്ന് പ്രസ്താവിച്ചുകൊണ്ടുതന്നെ അന്യമതസ്ഥർ പോലും ക്ഷേത്ര കാര്യങ്ങളിൽ ഇടപെടാൻ മുന്നിട്ടിറങ്ങുന്നു. അതിനിടയിലാണ് സമവായത്തിന്റെയും സംവാദത്തിന്റെയും ആശയവിനിമയത്തിന്റെയും സന്ദേശം ആർ എസ് എസ് മുന്നോട്ടുവെക്കുന്നത്. അതിനെ ഭാവാത്മകമായി കാണാൻ സമൂഹം തയ്യാറാവും എന്ന് കരുതാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button