KeralaNews

കതിരൂര്‍ മനോജ്‌ വധക്കേസില്‍ സി.ബി.ഐ നിര്‍ണ്ണായക കണ്ടെത്തലുകള്‍

കണ്ണൂര്‍: കതിരൂര്‍ മനോജിനെ വധിക്കാനുള്ള ഗൂഢാലോചന നടന്നത് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ തറവാട്ടുക്ഷേത്രത്തിലാണെന്ന് സി.ബി.ഐ.

ഗൂഢാലോചനയിലെ പ്രധാന പ്രതി ജയരാജനാണ്. കേസില്‍ ജയരാജന്റെ പങ്ക് കൊലപാതകത്തിന് മുന്‍പു തന്നെയുണ്ടെന്ന് സി.ബി.ഐ പ്രോസിക്യൂട്ടര്‍ എസ്.കൃഷ്ണകുമാര്‍ പറഞ്ഞു. ഇന്നലെ കേസില്‍ വാദം നടക്കവെയാണ് സി.ബി.ഐ പ്രോസിക്യൂട്ടര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. അതേസമയം, റിമാന്‍ഡിലുള്ള പി. ജയരാജന്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി.ജി. അനില്‍കുമാര്‍ ഇന്നു വിധി പ്രസ്താവിക്കും.

കൊലപാതകം കഴിഞ്ഞ ഉടനെ 11ാം പ്രതി കൃഷ്ണന്‍ ജയരാജനെ ഫോണില്‍ വിളിച്ചിരുന്നു. പ്രതി വിശ്വനാഥനും ജയരാജനുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് കൊലപാതകത്തിനിടയില്‍ പരിക്കേറ്റ വിക്രമനെ ജയരാജന്റെ ഉടമസ്ഥതയിലുള്ള ബൊലേറോ വണ്ടിയില്‍ കണ്ണൂരിലും തുടര്‍ന്നു പയ്യന്നൂരിലെ ആശുപത്രിയിലും എത്തിക്കുന്നത്.ജയരാജന്റെ കുടുംബം മനോജിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇവര്‍ കമ്യൂണിസ്റ്റ് കുടുംബമായിരുന്നു. മനോജിന്റെ സഹോദരന് ജയരാജന്റെ സഹോദരിയാണ് വീട്ടില്‍ ട്യൂഷന്‍ നല്‍കിയിരുന്നതെന്ന് ജയരാജന്‍ സമ്മതിച്ചിട്ടുണ്ട്. മനോജ് പിന്നീട് ആര്‍എസ്എസുമായി ബന്ധം പുലര്‍ത്തി. ആര്‍എസ്എസില്‍ ചേര്‍ന്നാല്‍ മനോജിന്റെ കാല്‍ തല്ലിയൊടിക്കുമെന്ന് ജയരാജന്‍ ഭീഷണിപ്പെടുത്തിയിരുന്നു. അതു വകവയ്ക്കാതെ മനോജ് ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചു. ഇതു മനോജിനോടു ജയരാജന് വൈരാഗ്യമുണ്ടാക്കി. ജയരാജനെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രധാന പ്രതിയാണ് മനോജ്. മൂന്നു നാലു തവണ മനോജിനു നേരെ വധശ്രമം നടന്നിരുന്നു. ജയരാജനെ ലോക്കല്‍ പൊലീസ് ചെയ്യുന്നതു പോലെ ഏതെങ്കിലും പാര്‍ട്ടിക്കാരുടെ നിര്‍ദേശമനുസരിച്ചല്ല കേസില്‍ പ്രതി ചേര്‍ത്തത്. കൃത്യമായ തെളിവുകള്‍ ലഭിച്ച് അവ നിയമവിദഗ്ധര്‍ അപഗ്രഥിച്ചതിനു ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഈ കൊലപാതകം ചെയ്യാന്‍ പ്രാപ്തനാക്കാന്‍ വേണ്ടിയാണ് മദ്യത്തിനടിമയായിരുന്ന ഒന്നാം പ്രതി വിക്രമനെ നിംഹാന്‍സില്‍ അയച്ച് ചികില്‍സിപ്പിച്ചത്. വിക്രമന്‍ ജയരാജന്‍ പറഞ്ഞാല്‍ മാത്രമേ അനുസരിക്കു. അതിനാലാണ് വിക്രമന്റെ ഭാര്യ ജയരാജനോട് സഹായം അഭ്യര്‍ഥിച്ചത്.
സി.പി.ഐ.എം സംഘടനാ സംവിധാനം ഉപയോഗിച്ച് ജയരാജനെ നിയമത്തിന്റെ മുന്‍പില്‍ നിന്ന് ഒളിപ്പിക്കാന്‍ ശ്രമിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രോഗിയായി ചിത്രീകരിക്കുകയുമായിരുന്നു. സിബിഐക്ക് സ്വതന്ത്രമായി ചോദ്യം ചെയ്യാനുള്ള അവസരം ആശുപത്രിവാസത്തിന്റെ പേരില്‍ തടയാന്‍ ശ്രമിച്ചു. ഗൂഢാലോചനയിലെ മറ്റു മൂന്നു പ്രതികള്‍ക്ക് നിര്‍ബന്ധ ജാമ്യമാണ് നല്‍കിയത്. ജയരാജന്റെ ജാമ്യാപേക്ഷ അതിന്റെ പരിഗണനാ പരിധിയില്‍ വരില്ലെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ പറഞ്ഞു. പിന്നെ ഏതു കോടതിയെയാണ് പ്രതി സമീപിക്കേണ്ടതെന്ന് കോടതി ആരാഞ്ഞു. അതു ഹര്‍ജിക്കാരനാണ് ബോധ്യപ്പെടുത്തേണ്ടതെന്ന് പ്രോസിക്യൂട്ടര്‍ മറുപടി നല്‍കി. ജയരാജന്‍ സ്വാധീനമുള്ള ആളാണ്. മുന്‍കാല ചരിത്രം നോക്കിയാല്‍ ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കുമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.

എന്നാല്‍ തറവാട്ടു ക്ഷേത്രം വ്യക്തിയുടേതല്ലെന്നും ട്രസ്റ്റിന്റേതാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ കെ. വിശ്വന്‍ പറഞ്ഞു. വിക്രമനെ കൊണ്ടുപോയ വണ്ടി ജയരാജന്റേതല്ല. പാട്യം സോഷ്യല്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടേതാണ്. അതിന്റെ ഭാരവാഹി എന്ന നിലയിലാണ് ജയരാജന്‍ ആര്‍സി ഉടമസ്ഥനായത്. ജയരാജന് ജാമ്യം അനുവദിക്കണമെന്ന് വിശ്വന്‍ വാദിച്ചു. കേസ് ഡയറി സിബിഐ വീണ്ടും കോടതിയില്‍ സമര്‍പ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button